ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പായസ മത്സരമേള ശ്രദ്ധേയമായി. കുടുംബശ്രീ പ്രവർത്തകർ,അങ്കണവാടി ജീവനക്കാർ,വിവിധ റസിഡന്റ്സ് അസോസിയേഷനിൽ നിന്നെത്തിയ വനിതകൾ ഉൾപ്പെടെയുള്ള ടീമുകളായിരുന്നു പായസ മത്സരത്തിൽ പങ്കെടുത്തത്. നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പൊതുഅടുപ്പിൽ തീ കത്തിച്ച് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പായസ മേള ഉദ്ഘാടനം ചെയ്തു. പാചകരംഗത്ത് വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വിധികർത്താക്കൾ ഓരോ ടീമിന്റെ പായസവും രുചിച്ചു നോക്കിയ ശേഷമാണ് വിധി നിർണയിച്ചത്. 17 ഇനം വിവിധ പച്ചക്കറികൾ കൊണ്ട് തയ്യാറാക്കിയ നാഗശ്രീ അയൽക്കൂട്ടത്തിന്റെ പായസം രുചിക്കൂട്ടിൽ ഒന്നാം സ്ഥാനം നേടി. കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷന്റെ ചക്കക്കുരു പായസം രണ്ടാം സ്ഥാനവും, 28-ാം നമ്പർ അങ്കണവാടി ടീച്ചർ വത്സലകുമാരിയുടെ കപ്പ പായസം മൂന്നാം സ്ഥാനവും നേടി. ബീറ്റ്റൂട്ട് അടക്കമുള്ള വിവിധ പായസങ്ങൾ മത്സരത്തിനുണ്ടായിരുന്നു. വിജയികൾക്ക് ചെയർപേഴ്സൺ സമ്മാനങ്ങൾ കൈമാറി.വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എസ്.ഷീജ,എസ്.ഗിരിജ,രമ്യാസുധീർ,എ.നജാം, അവനവഞ്ചേരി രാജു,പാചക വിദഗ്ദ്ധൻ സുൽത്താൻ താഹ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |