Jump to content

"കുഞ്ഞുണ്ണിമാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചില കുഞ്ഞുണ്ണിക്കവിതകൾ: കുഞ്ഞുണ്ണി കവിതകൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 96: വരി 96:


== ചില കുഞ്ഞുണ്ണിക്കവിതകൾ ==
== ചില കുഞ്ഞുണ്ണിക്കവിതകൾ ==
[[File:കുഞ്ഞുണ്ണി മാഷിന്റെ കവിതാശകലം.svg|thumb|quote by kunjunni mash]]
‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും
‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും
സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.
സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.

05:58, 23 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞുണ്ണിമാഷ്
ജനനംവലപ്പാട്,തൃശൂർ
തൊഴിൽകവി, അധ്യാപകൻ
ദേശീയതഇന്ത്യൻ
രക്ഷിതാവ്(ക്കൾ)ഞായപ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ മൂസത് (അച്ഛൻ) അതിയാരത്ത് നാരിയണി അമ്മ (അമ്മ)

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 - മാർച്ച് 26, 2006)[1]‍. ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്.

ജീവിതരേഖ

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു[2]. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളൽക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.

കുഞ്ഞുണ്ണിക്കവിതകൾ

മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു.

രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്.

സാഹിത്യ ജീവിതം

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കുട്ടികൾ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്.

ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. [[പഴഞ്ചൊല്ല് ], കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.

കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.

തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം.

മരണം

കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാട്ടിൽ 2006 മാർച്ച് 26-നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.

കുഞ്ഞുണ്ണി മാഷും മലർവാടിയും

കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി . 1998 ജനുവരി വരെ ആ പംക്തി തുടർന്നു . നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു . മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ്. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി

രാഷ്ട്രീയദർശനം

ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർടി സ്വാധീനിച്ചിരുന്നു. എന്നാൽ കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രസംഗത്തിനോ പോയിട്ടില്ല. ഇദ്ദേഹം അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ "നീ താഴ് നീ താഴ് " എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്.ഒരുകാലത്ത് നക്സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാൽ

"നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു" എന്നദ്ദേഹം ചൊല്ലിയിരിക്കുന്നു. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങളുമയും അദ്ദേഹം ബന്ധപെട്ടിരുന്നു.

വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. "രാക്ഷസനിൽനിന്നു - രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം"

"പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി" വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നു ഇദ്ദേഹം എഴുതിയിട്ടുണ്ട്

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ് (1974, 1984)
സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982)
വാഴക്കുന്നം അവാർഡ്(2002)
വി.എ.കേശവൻ നായർ അവാർഡ് (2003)
കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുൻ‌നിർത്തി 1988-ലും 2002 -ലും പുരസ്കാരങ്ങൾ സമ്മാനിച്ചു.

മറ്റു മേഖലകൾ

കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഒരു ചിത്രകാരനുമായിരുന്നു കുഞ്ഞുണ്ണിമാഷ്.

കഥാകാരനും ചിത്രകാരനുമായ കുഞ്ഞുണ്ണി പൊതുവേ അപരിചിതനാണ്.ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വർൺനചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല.എണ്ണച്ചായം,ജലച്ചായം,ഇങ്ക് തുടങ്ങിയവയവയായിരുന്നു ചിത്രം വരക്കു ഉപയോഗിച്ചിരുന്നത്.നാടോടി ചിത്രകലയെ കൂടുതൽ അവലംബിച്ചിരുന്നതായി കാണാം.പൂക്കൾ,പക്ഷികൾ,മൃഗങ്ങൾ എന്നിവയെല്ലാം ചിത്രരചനയിൽ കാണാമെങ്കിലും അവയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ ആന്തരികസൗന്ദര്യം മാത്രം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചിത്രരചനാശൈലി.പ്രിയപ്പെട്ടവർക്കായി തന്റെ ചിത്രങ്ങൾ സമ്മാനിച്ചിരുന്നതുകൊണ്ട് അവയിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ പെടുന്നു.

കുഞ്ഞുണ്ണിമാഷിന്റെ പുസ്തകങ്ങൾ

  1. ഊണുതൊട്ടുറക്കംവരെ
  2. പഴമൊഴിപ്പത്തായം
  3. കുഞ്ഞുണ്ണിയുടെ കവിതകൾ
  4. വിത്തും മുത്തും
  5. കുട്ടിപ്പെൻസിൽ
  6. നമ്പൂതിരി ഫലിതങ്ങൾ
  7. രാഷ്ട്രീയം
  8. കുട്ടികൾ പാടുന്നു
  9. ഉണ്ടനും ഉണ്ടിയും
  10. കുട്ടിക്കവിതകൾ
  11. കളിക്കോപ്പ്
  12. പഴഞ്ചൊല്ലുകൾ
  13. പതിനഞ്ചും പതിനഞ്ചും.
  14. അക്ഷരത്തെറ്റ്
  15. നോൺസെൻസ് കവിതകൾ
  16. മുത്തുമണി
  17. ചക്കരപ്പാവ
  18. കുഞ്ഞുണ്ണി രാമായണം
  19. കദളിപ്പഴം
  20. നടത്തം
  21. കലികാലം
  22. ചെറിയ കുട്ടിക്കവിതകൾ
  23. എന്നിലൂടെ (ആത്മകഥ)

ചില കുഞ്ഞുണ്ണിക്കവിതകൾ

quote by kunjunni mash

‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.

  • കുഞ്ഞുണ്ണിക്കൊരു മോഹം
    എന്നും കുഞ്ഞായിട്ടു രമിക്കാൻ
    കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
    കവിയായിട്ടു മരിക്കാൻ.
  • സത്യമേ ചൊല്ലാവൂ
    ധർമ്മമേ ചെയ്യാവൂ
    നല്ലതേ നൽകാവൂ
    വേണ്ടതേ വാങ്ങാവൂ
  • ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
    ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
    വിരസ നിമിഷങ്ങൾ സരസമാക്കുവാ
    നിവ ധാരാളമാണെനിക്കെന്നും.
  • ജീവിതം നല്ലതാണല്ലോ
    മരണം ചീത്തയാകയാൽ
  • ഉടുത്ത മുണ്ടഴിച്ചിട്ടു
    പുതച്ചങ്ങു കിടക്കുകിൽ
    മരിച്ചങ്ങു കിടക്കുമ്പോ
    ഴുള്ളതാം സുഖമുണ്ടിടാം.
  • ഞാനെന്റെ മീശ ചുമന്നതിന്റെ
    കൂലിചോദിക്കാൻ
    ഞാനെന്നോടു ചെന്നപ്പോൾ
    ഞാനെന്നെ തല്ലുവാൻ വന്നു.
  • പൂച്ച നല്ല പൂച്ച
    വൃത്തിയുള്ള പൂച്ച
    പാലു വച്ച പാത്രം
    വൃത്തിയാക്കി വച്ചു.
  • എത്രമേലകലാം
    ഇനിയടുക്കാനിടമില്ലെന്നതുവരെ
    എത്രമേലടുക്കാം
    ഇനിയകലാനിടമില്ലെന്നതുവരെ.
  • എനിക്കുണ്ടൊരു ലോകം
    നിനക്കുണ്ടൊരു ലോകം
    നമുക്കില്ലൊരു ലോകം.
  • മഴ മേലോട്ട് പെയ്താലേ
    വിണ്ണു മണ്ണുള്ളതായ് വരു
    മണ്ണുള്ള ദിക്കിലുള്ളോർക്കേ
    കണ്ണു കീഴോട്ടു കണ്ടിടൂ
  • കാലമില്ലാതാകുന്നു
    ദേശമില്ലാതാകുന്നു
    കവിതേ നീയെത്തുമ്പോൾ
    ഞാനുമില്ലാതാകുന്നു
  • പൊക്കമില്ലാത്തതാണെന്റെ പൊക്കം
  • മന്ത്രിയായാൽ മന്ദനാകും
    മഹാ മാർക്സിസ്റ്റുമീ
    മഹാ ഭാരതഭൂമിയിൽ
  • മഴയും വേണം കുടയും വേണം കുടിയും വേണം
    കുടിയിലൊരിത്തിരി തീയും വേണം
    കരളിലൊരിത്തിരി കനിവും വേണം
    കൈയിലൊരിത്തിരി കാശും വേണം
    ജീവിതം എന്നാൽ പരമാനന്ദം
  • ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
    മടലടർന്നു വീണു
    മൂസ മലർന്നു വീണു
    മടലടുപ്പിലായി
    മൂസ കിടപ്പിലായി!
  • ശ്വാസം ഒന്ന് വിശ്വാസം പലത്
  • ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം
  • കപടലോകത്തിലെന്നുടെ കാപട്യം
    സകലരും കാണ്മതാണെൻ പരാജയം
    • "ആറുമലയാളിക്കു നൂറുമലയാളം
      അരമലയാളിക്കുമൊരു മലയാളം
      ഒരുമലയാളിക്കും മലയാളമില്ല"
    • കുരിശേശുവിലേശുമോ?
    • യേശുവിലാണെൻ വിശ്വാസം
    കീശയിലാണെൻ ആശ്വാസം.
    • പുലിക്ക് വാലേയുള്ളൂ,പുലിവാലില്ല
    • ഉണ്ടാലുണ്ട പോലെയാകണം,ഉണ്ട
    പോലെ ആകരുത്.

    കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങൾ

    • പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
    • മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
    • മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
    • ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
      ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
    • പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
      മുന്നോട്ടു പായുന്നിതാളുകൾ
    • കട്ടിലുകണ്ട് പനിക്കുന്നോരെ
      പട്ടിണിയിട്ടു കിടത്തീടേണം
    • ഇങ്ക്ലാബിലും സിന്ദ്ബാദിലും
      ഇന്ത്യേ തോട്ടിലും.
    • കപടലോകത്തിലെന്നുടെ കാപട്യം
      സകലരുംകാണുന്നതാെണെൻ പരാജയം.
    • ഈ ലോകം കാണുേന്നേരമോക്കാനം വന്നീടുന്നു-
      ണ്ടെങ്കിലും ഛർദ്ദിക്കുവാൻ വയ്യെന്റെ മുഖത്താകും.

    അവലംബം

    1. കുഞ്ഞുണ്ണി മാഷ് അന്തരിച്ചു, ദ ഹിന്ദുവിൽ വന്ന വാർത്ത
    2. കുഞ്ഞുണ്ണി മാഷ് അന്തരിച്ചു. കേരൾ എന്ന വെബ്സൈറ്റിൽ വന്ന വാർത്ത

    കുഞ്ഞുണ്ണിമാഷ്-ഒരോർമ്മപ്പുസ്തകം: ലത്തീഫ് പറമ്പിൽ(എഡിറ്റർ) :പൂർണ പബ്ലിക്കേഷൻസ്

    കുറിപ്പുകൾ

    പുറത്തേക്കുള്ള കണ്ണികൾ

    വിക്കിചൊല്ലുകളിലെ കുഞ്ഞുണ്ണിമാഷ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  • "https://ml.wikipedia.org/w/index.php?title=കുഞ്ഞുണ്ണിമാഷ്&oldid=3339761" എന്ന താളിൽനിന്ന് ശേഖരിച്ചത്