അനിമിസം
അചേതനവസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന സിദ്ധാന്തമാണ് അനിമിസം. ചൈതന്യം എന്നർഥം വരുന്ന അനിമ എന്ന ലത്തീൻപദത്തിൽനിന്നാണ് അനിമിസം എന്ന സംജ്ഞ ഉണ്ടായത്. ആദിമമനുഷ്യൻ അനുഷ്ഠിച്ചുവന്നിരുന്ന ഒരു മതാചാരമാണ് അനിമിസം എന്ന് നരവംശശാസ്ത്രജ്ഞനായ എഡ്വേർഡ് ബർണറ്റ് ടെയ്ലർ (1832-1917) അഭിപ്രായപ്പെട്ടിട്ടുണ്ട്.
പ്രപഞ്ചപ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചറിയുന്നതിനുള്ള ആഗ്രഹം ആദിമമനുഷ്യരിൽ ഉണ്ടായിരുന്നു. മനുഷ്യനിലുള്ളതുപോലെ സൂക്ഷ്മാത്മാക്കൾ ചില അചേതനവസ്തുക്കളിലും ഉണ്ടെന്ന് പ്രാകൃതമനുഷ്യൻ സങ്കല്പിച്ചു. സസ്യങ്ങൾ, കല്ലുകൾ, മലകൾ, സൂര്യൻ, ചന്ദ്രൻ, കാറ്റ് തുടങ്ങിയവയെല്ലാം ജീവനുള്ളവയാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഈ അജ്ഞാതശക്തികളെ പ്രാകൃതമനുഷ്യൻ ആരാധിക്കുവാൻ തുടങ്ങിയത് ഇതു മൂലമാണ്. ബലികളുടെയും |പൂജകളുടെയും മറ്റും അടിസ്ഥാനവും ഈ വിശ്വാസമാണ്. മരണാനന്തരം ആത്മാവ് ജീവിക്കുന്നുണ്ടെന്ന വിശ്വാസവും ഈ സങ്കല്പത്തിൽ നിന്നുണ്ടായതാകുന്നു. അനിമിസം മൂന്നു തരത്തിലുണ്ട്:
- മനുഷ്യരുടെയും മൃഗങ്ങളുടെയും ആത്മാവിനെ ആരാധിക്കൽ. പിതൃക്കളെ ആരാധിക്കുന്നത് ഇതിന് ഒരുദാഹരണമാണ്;
- ഭൂത പ്രേത പിശാചുക്കളെ ആരാധിക്കൽ;
- പ്രകൃതിയിലുണ്ടാകുന്ന സ്ഥിരമോ അസ്ഥിരമോ ആയ പ്രതിഭാസങ്ങൾക്ക് കാരണഭൂതമെന്ന് വിശ്വസിക്കപ്പെടുന്ന ചില ആത്മാക്കളെ ആരാധിക്കൽ.
പുറംകണ്ണികൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനിമിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |