സൗരഭ് കാലിയ
ക്യാപ്റ്റൻ സൗരഭ് കാലിയ | |
---|---|
ജനനം | പാലംപൂർ, ഹിമാചൽ പ്രദേശ്, ഇന്ത്യ | 29 ജൂൺ 1976
മരണം | 9 ജൂൺ 1999 കാർഗിൽ, ജമ്മു കാശ്മീർ (ഇപ്പോൾ ലഡാക്ക്), ഇന്ത്യ | (പ്രായം 22)
ദേശീയത | റിപ്പബ്ലിക് ഓഫ് ഇന്ത്യ |
വിഭാഗം | ഇന്ത്യൻ ആർമി |
ജോലിക്കാലം | 1998–1999 |
പദവി | ക്യാപ്റ്റൻ |
യൂനിറ്റ് | 4 ജാട്ട് |
യുദ്ധങ്ങൾ | കാർഗിൽ യുദ്ധം # |
കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ യുദ്ധത്തടവുകാരനായിരിക്കെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ക്യാപ്റ്റൻ സൗരഭ് കാലിയ. നിയന്ത്രണ രേഖയിലെ വെടിവെപ്പിനെ തുടർന്ന് അദ്ദേഹവും അദ്ദേഹത്തിൻ്റെ പട്രോളിംഗ് ഗ്രൂപ്പിലെ അഞ്ച് സൈനികരെയും പാകിസ്ഥാൻ സൈന്യം പിടികൂടുകയും തടവിലാക്കുകയും കൊല്ലപ്പെടുന്നതിന് മുമ്പ് അതിക്രൂരമായ പീഡനത്തിന് വിധേയരാകുകയും ചെയ്തു.
മുൻകാല ജീവിതം
1976 ജൂൺ 29-ന് പഞ്ചാബിലെ അമൃത്‌സറിൽ വിജയയുടെയും എൻ. കെ. കാലിയയുടെയും മകനായി സൗരഭ് കാലിയ ജനിച്ചു.[1][2] ഹിമാചൽ പ്രദേശിലെ പാലംപൂരിലുള്ള ഡി.എ.വി. പബ്ലിക് സ്‌കൂളിൽ ചേർന്ന അദ്ദേഹം 1997-ൽ ഹിമാചൽ പ്രദേശ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫസ്റ്റ് ക്ലാസ് ബിഎസ്‌സി-മെഡ് ബിരുദം നേടി.[3] തൻ്റെ അക്കാദമിക് ജീവിതത്തിലുടനീളം അദ്ദേഹം വിവിധ സ്കോളർഷിപ്പുകൾ നേടി.
സൈനിക ജീവിതം
1997 ഓഗസ്റ്റിൽ കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയിലൂടെ സൗരഭ് കാലിയ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1998 ഡിസംബർ 12-ന് കമ്മീഷൻ ചെയ്യപെടുകയും ചെയ്തു. കാർഗിൽ സെക്ടറിലെ നാലാം ബറ്റാലിയൻ ജാട്ട് റെജിമെൻ്റിലേക്കാണ് അദ്ദേഹത്തെ നിയമിച്ചത്. 1998 ഡിസംബർ 31-ന് ബറേലിയിലെ ജാട്ട് റെജിമെൻ്റൽ സെൻ്ററിൽ റിപ്പോർട്ട് ചെയ്ത ശേഷം 1999 ജനുവരി പകുതിയോടെ അദ്ദേഹം അവിടെ എത്തി.[4]
കാർഗിൽ യുദ്ധം
1999 മെയ് മാസത്തിലെ ആദ്യ രണ്ടാഴ്‌ചകളിൽ കാർഗിൽ ജില്ലയിലെ കക്‌സർ ലാങ്‌പ പ്രദേശത്ത് മഞ്ഞുവീഴ്‌ച ഉണ്ടായോ എന്ന് പരിശോധിക്കാൻ നിരവധി പട്രോളിംഗ് നടത്തി.[5] കാർഗിൽ നിയന്ത്രണ രേഖയുടെ (എൽ.ഒ.സി.) ഇന്ത്യൻ ഭാഗത്ത് പാകിസ്ഥാൻ സൈന്യത്തിൻ്റെയും വിദേശ കൂലിപ്പടയാളികളുടെയും വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത ആദ്യത്തെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു പിന്നീട് ലെഫ്റ്റനൻ്റ് പദവി വഹിച്ചിരുന്ന സൗരഭ് കാലിയ. കക്‌സർ മേഖലയിലെ നുഴഞ്ഞുകയറ്റം തടയാൻ 13,000-14,000 അടി ഉയരത്തിലുള്ള ബജ്‌റംഗ് പോസ്റ്റിൻ്റെ കാവൽ അദ്ദേഹം ഏറ്റെടുത്തു.[6]
1999 മെയ് 15 ന് നാലാം ജാട്ട് റെജിമെൻ്റിലെ സൗരഭ് കാലിയയും മറ്റ് അഞ്ച് സൈനികരായ അർജുൻ റാം, ഭൻവർ ലാൽ ബഗാരിയ, ഭികാ റാം, മൂല റാം, നരേഷ് സിംഗ്ക എന്നിവർ കക്സർ സെക്ടറിൽ ബജ്‌റംഗ് പോസ്റ്റിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു. ലഡാക്ക് പർവതനിരകൾ നിന്ന് എൽ.ഒ.സിക്ക് കുറുകെ പാകിസ്ഥാൻ സേന ഇവർക്ക് നേരെ വെടിയുയർത്തു. പാക് സേന വെടിവെച്ചതോടെ സൗരഭ് കാലിയയും സംഘവും വെടിയൊച്ച കേട്ടിടം ലക്ഷ്യമാക്കി തിരിച്ചും വെടിയുതിർത്തു കൊണ്ടിരുന്നു. താമസിയാതെ അവരുടെ വെടിയുണ്ടകൾ തീർന്നു. ഇന്ത്യൻ സൈനികരുടെ കയ്യിലെ ആയുധങ്ങൾ തീർന്നു എന്നുറപ്പായതോടെ ഒരു പ്ലാറ്റൂൺ പാക്ക് സൈനികർ താഴെയിറങ്ങി വന്നു. ഇന്ത്യൻ റീഇൻഫോഴ്‌സ്‌മെന്റ് ടീം എത്തും മുമ്പേ അവർ ശത്രുക്കളായ പാക് സേനയുടെ പിടിയിലായി. പിന്നീട് പാകിസ്ഥാൻ റേഡിയോ സൗരഭ് കാലിയയെ പിടികൂടിയ വിവരം അനൗൺസ് ചെയ്തു.[7]
കാലിയയെയും കൂട്ടരെയും 1999 മെയ് 15 മുതൽ 1999 ജൂൺ 7 വരെ ബന്ദികളാക്കിയെന്നും പീഡിപ്പിക്കപ്പെട്ടെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. 1999 ജൂൺ 9-ന് പാകിസ്ഥാൻ സൈന്യം നാലാം ജാട്ട് റെജിമെൻ്റിലെ അംഗങ്ങളുടെ മൃത ശരീരങ്ങൾ കൈമാറുമ്പോൾ ശരീരത്തിലുണ്ടായിരുന്ന മുറിവുകളിൽ നിന്ന് പീഡനത്തിൻ്റെ തെളിവ് വ്യക്തമാണെന്ന് അവർ പറഞ്ഞു. അവരുടെ ശരീര ഭാഗങ്ങളിൽ സിഗരറ്റു കൊണ്ട് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ചെവികളിലൂടെ ചുട്ടുപഴുപ്പിച്ച കമ്പി കുത്തിയിറക്കിയതിന്റെയും കണ്ണുകൾ ചൂഴ്‌ന്നെടുത്തതിന്റെയും അടയാളങ്ങളും മിക്കവാറും എല്ലുകളും പല്ലുകളും അടിച്ച് പൊട്ടിച്ചു കളഞ്ഞിരുന്നു. തലയോട്ടി പിളർന്നതിന്റെയും ചുണ്ടുകൾ മുറിച്ചു കളഞ്ഞതിന്റെയും കൈ കാലുകളും ജനനേന്ദ്രിയങ്ങളും വെട്ടിക്കളഞ്ഞതിന്റെയും നെറ്റിയുടെ ഒത്തനടുവിലൂടെ വെടിയുണ്ട പായിച്ച് കൊന്നുകളഞ്ഞതിന്റെയും ഒക്കെ അടയാളങ്ങളുണ്ടായിരുന്നു. മൃതദേഹങ്ങളിൽ കണ്ട പരിക്കുകൾ മരണത്തിന് മുമ്പ് ഏറ്റവയാണ് എന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു.[8]
പ്രതികരണം
യുദ്ധത്തടവുകാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് ജനീവ കരാർ ലംഘിച്ചതിന് 1999 ജൂൺ 15-ന് ഇന്ത്യ പാകിസ്ഥാന് നോട്ടീസ് അയച്ചു.[9] ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി സർതാജ് അസീസിനോട് വിഷയം ഉന്നയിച്ചെങ്കിലും പാകിസ്ഥാൻ പീഡന ആരോപണം നിഷേധിച്ചു.[10]
ഈ കേസിനെക്കുറിച്ച് താൻ അടുത്തിടെയാണ് കേട്ടതെന്നും കാലിയ കൊല്ലപ്പെട്ടത് പാകിസ്ഥാൻ വെടിയുണ്ടയാണോ അതോ കാലാവസ്ഥ കാരണം മരിച്ചതാണോ എന്ന് അറിയില്ലന്നും 2012 ഡിസംബർ 14-ൽ പാകിസ്ഥാൻ ആഭ്യന്തര മന്ത്രി റഹ്മാൻ മാലിക് പ്രസ്താപിച്ചിരുന്നു. തൻ്റെ മകന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ കാലിയയുടെ പിതാവിനെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ ദിവസം കാലിയയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ പത്താഴ്ച്ചക്കകം മറുപടി നൽകാൻ ഇന്ത്യൻ സുപ്രീം കോടതി ഭാരത സർക്കാരിനോട് ഉത്തരവിട്ടു.[11]
കുടുംബത്തിൻ്റെ ശ്രമങ്ങൾ
നിയമപരമായ മാർഗങ്ങളിലൂടെ മകന് നീതി തേടി ഡോ.എൻ.കെ. കാലിയ അശ്രാന്തപരിശ്രമം നടത്തി. ക്യാപ്റ്റൻ സൗരഭ് കാലിയയെയും സംഘത്തെയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് പാകിസ്ഥാനെ ഉത്തരവാദികളാക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി പോലുള്ള അന്താരാഷ്ട്ര ഫോറങ്ങളിൽ വിഷയം എത്തിക്കണമെന്ന് അദ്ദേഹം ഇന്ത്യൻ സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. സൗരഭും സഹ സൈനികരും നടത്തിയ ത്യാഗം മറക്കാതിരിക്കാൻ ക്യാപ്റ്റൻ കാലിയയുടെ കഥ പൊതുജനങ്ങൾക്ക് മുന്നിൽ നിലനിർത്താൻ കുടുംബം പ്രവർത്തിച്ചു. തൻ്റെ മകനെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് യുദ്ധക്കുറ്റമായി ഔദ്യോഗികമായി അംഗീകരിക്കണമെന്നും പാകിസ്ഥാനോട് വിശദീകരണം ആവശ്യപ്പെടണമെന്നും ഡോ. കാലിയ തുടർച്ചയായി ഇന്ത്യൻ സർക്കാരുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സ്മാരകങ്ങൾ
ഹിമാചൽ പ്രദേശിലെ പാലംപൂരിലെ ഒരു സ്മാരക പാർക്കിന് "സൗരഭ് വാൻ വിഹാർ" എന്നും ഒരു തെരുവിന് "ക്യാപ്റ്റൻ സൗരഭ് കാലിയ മാർഗ്" എന്നും ആ പ്രദേശത്തിന് "സൗരഭ് നഗർ" എന്നും പേരിട്ടു.[12]അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി അമൃത്സർ വർക്കിംഗ് ജേണലിസ്റ്റ് അസോസിയേഷൻ അമൃത്സറിൽ ഒരു പ്രതിമ സ്ഥാപിച്ചു.[13] ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അദ്ദേഹത്തിൻ്റെ മാതാപിതാക്കൾക്ക് ഒരു ദ്രവീകൃത പെട്രോളിയം ഗ്യാസ് ഏജൻസി അനുവദിച്ചു.[14]
അവലംബം
- ↑ "Capt Saurabh Kalia: Story of first Kargil martyr". India Today (in ഇംഗ്ലീഷ്). July 26, 2019. Retrieved 2021-07-14.
- ↑ "Saurabh Kalia's parents waging a lone battle to highlight war crimes". The Hindu. 6 July 2009. Archived from the original on 13 July 2009. Retrieved 29 March 2012.
- ↑ Bisht 2019, പുറം. 98.
- ↑ Bisht 2019, പുറം. 101.
- ↑ Dwivedi 2017, പുറം. 173.
- ↑ Dwivedi 2017, പുറം. 174.
- ↑ "Pakistan 'tortured Indians to death'". The Independent. 12 June 1999. Retrieved 29 March 2012.
- ↑ "Is this how we should remember Kargil?". Sify News. Archived from the original on 27 July 2010. Retrieved 29 March 2012.
- ↑ "Breach of Geneva Convention by Pak armed forces" (PDF). Foreign Affairs Record 1999. Ministry of External Affairs, Government of India. Retrieved 29 March 2012.
- ↑ "Letter from the Minister of External affairs". Lest We Forget. Ministry of External Affairs, Govt. of India. Retrieved 29 March 2012.
- ↑ "Captain Kalia may have died because of weather: Rehman Malik". ANI. 14 December 2012. Retrieved 19 May 2013.
- ↑ "For these parents, life's a mix of grief, pride". The Indian Express. 11 June 2005. Retrieved 29 March 2012.
- ↑ Singh 2001, പുറം. 128.
- ↑ "Saurabh Kalia's parents waging a lone battle to highlight war crimes". The Hindu. 6 July 2009. Archived from the original on 13 July 2009. Retrieved 29 March 2012.