അപ്പെൻഡിസൈറ്റിസ്
അപ്പെൻഡിസൈറ്റിസ് | |
---|---|
സ്പെഷ്യാലിറ്റി | General surgery |
ഭക്ഷണപദാർഥങ്ങളോ വിസർജ്യവസ്തുക്കളോ കെട്ടിക്കിടന്ന് അപ്പെൻഡിക്സിനുണ്ടാകുന്ന രോഗാണുസംക്രമണ വീക്കമാണ് അപ്പെൻഡിസൈറ്റിസ്. കുടലിൽനിന്നും യാദൃച്ഛികമായി അപ്പെൻഡിക്സിനുള്ളിൽ കടന്നുകൂടുന്ന ഭക്ഷണമോ ബാഹ്യവസ്തുക്കളോ തരംഗരൂപത്തിലുള്ള ചലനങ്ങളാൽ, ('പെരിസ്റ്റാൾടിക്' ചലനങ്ങൾ) പരിപൂർണമായി പുറത്തുപോകാതിരിക്കുന്നു. ഇങ്ങനെ ഇതിനുള്ളിൽ കടന്നുവരുന്ന സാധനങ്ങളെ പുറന്തള്ളാൻ ഉപകരിക്കാത്ത ഏതു ഘടകവും അപ്പെൻഡിസൈറ്റിസിന് വഴിതെളിക്കും.
രോഗകാരണം
[തിരുത്തുക]അപ്പെൻഡിക്സിനുള്ളിൽ മർദം അധികമാകുന്നതിന്റെ ഫലമായി നീർവീക്കം ഉണ്ടാകുന്നു. അപ്പെൻഡിക്സിനുള്ളിലെ സ്തരങ്ങൾ സ്രവിക്കുന്ന ശ്ലേഷ്മം ഈ വീക്കം വർധിപ്പിക്കും. വീക്കം കൂടിവരുന്തോറും അപ്പെൻഡിക്സിലെ രക്തവാഹികൾ അടയുന്നു. അങ്ങനെ അപ്പെൻഡിക്സ് മരവിക്കാൻ തുടങ്ങും. ഉള്ളിലെ അതിമർദവും ഭിത്തികളുടെ മരവിപ്പും ചേർന്ന് അപ്പെൻഡിക്സിൽ ദ്വാരങ്ങളുണ്ടാകാം. ഇത് പെരിറ്റൊണൈറ്റിസ് എന്നറിയപ്പെടുന്ന മാരകാവസ്ഥയിലേക്കു നയിക്കുകയും ചെയ്യും.
കുട്ടികളിലും വൃദ്ധരിലും അപൂർവമായി മാത്രം കാണുന്ന ഈ രോഗം യുവതി - യുവാക്കളെയാണധികം ആക്രമിക്കുക. പരിഷ്കൃതരാജ്യങ്ങളിലും പട്ടണങ്ങളിലും ഇത് സർവസാധാരണമാണ്; അപരിഷ്കൃതരായ ഗ്രാമീണർക്കിടയിൽ വളരെ ചുരുക്കവും. സസ്യസമൃദ്ധമായ ഒരു ആഹാരരീതി ഈ രോഗത്തിനുവേണ്ട പ്രതിരോധശക്തി നല്കുന്നു.[അവലംബം ആവശ്യമാണ്]
രോഗലക്ഷണങ്ങൾ
[തിരുത്തുക]ഉദരത്തിൽ മുഴുവനുമോ ഉദരത്തിന്റെ മുകൾഭാഗത്തു മാത്രമോ നാഭിക്കടുത്തോ അനുഭവപ്പെടുന്ന വേദനയാണ് പ്രഥമ ലക്ഷണം. 1-6 മണിക്കൂറിനകം ഉദരത്തിന്റെ വലതുഭാഗത്ത് താഴെയായി വേദന അനുഭവപ്പെടും. വേദന തുടങ്ങിയതിനുശേഷം മനംപിരട്ടലും ഛർദിയും ഉണ്ടാകാവുന്നതാണ്. രോഗാരംഭത്തിൽ പനി സാധാരണമാണെങ്കിലും കൂടുതലാകാറില്ല. പ്രായപൂർത്തിയെത്തിയ മനുഷ്യനിൽ 5,000-10,000 വരെയാണ് [ശ്വേതരക്താണു|ശ്വേതരക്താണുക്കളുടെ]] എണ്ണം. രോഗാരംഭത്തോടുകൂടി ഇത് 12,000-20,000 വരെയായി വർധിക്കും. ഉദരത്തിന്റെ വലതുവശത്ത് താഴെയായി വിരൽകൊണ്ട് അമർത്തിയാൽ വേദനയുണ്ടാകുന്നതായി അനുഭവപ്പെടും.
ക്രോണിക് അപ്പെൻഡിസൈറ്റിസ് വളരെ അപൂർവമാണെങ്കിലും പ്രവർത്തനരഹിതമായ അപ്പെൻഡിക്സ് സാധാരണമാണ്. പലപ്പോഴായുണ്ടാകുന്ന അപ്പെൻഡിക്സ് വീക്കങ്ങളുടെ ഫലമാണ് ഈ അവസ്ഥ. സംയോജനകലയുടെ ഘടകങ്ങൾ വർധിക്കുന്നതോടെ അപ്പെൻഡിക്സിലുള്ള ലസികാകല നഷ്ടപ്രായമാകുന്നു. ശസ്ത്രക്രിയ ചെയ്ത് അപ്പെൻഡിക്സ് നീക്കം ചെയ്യുകയാണ് സാധാരണ ചികിത്സാമാർഗം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പെൻഡിസൈറ്റിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |