Jump to content

ആംഗ്ലോ-ഫ്രഞ്ച് സൗഹൃദധാരണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസിന്റെയു ബ്രിട്ടന്റെയു സ്കൗട്ടുകൾ അവരുടെ പതാകയുമേന്തി പരസ്പരം ഹസ്തദാനം ചെയ്യുന്നു

ഗ്രേറ്റ്ബ്രിട്ടനും ഫ്രാൻസും തമ്മിലുണ്ടായിരുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും ശത്രുതയും അവസാനിപ്പിച്ച സൗഹൃദധാരണയാണ് ആംഗ്ലോ-ഫ്രഞ്ച് സൗഹൃദധാരണ. 1904 ഏപ്രിൽ 8-ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചേർന്ന് ഒപ്പുവച്ച ഈ കരാറിന്റെ ഫലമായി ബ്രിട്ടനും ഫ്രാൻസും തമ്മിൽ രമ്യതയിലായി. പശ്ചിമാഫ്രിക്ക, മഡഗാസ്കർ, ന്യൂഹെബ്രിഡീസ് എന്നീ പ്രദേശങ്ങളിലെ ഭരണത്തിലും, ന്യൂഫൗണ്ട്ലൻഡിലെ മത്സ്യബന്ധനാവകാശത്തിലുള്ള തർക്കങ്ങളിലും ഒരു ഒത്തുതീർപ്പുണ്ടാക്കാൻ ഇരുരാജ്യക്കാർക്കും ഇതുമൂലം സാധിച്ചു. ഈജിപ്തിൽ ബ്രിട്ടൻ സ്വതന്ത്രനയം സ്വീകരിക്കുന്നതിൽ ഫ്രാൻസിനുണ്ടായിരുന്ന എതിർപ്പുകൾ ഇതോടെ അവസാനിച്ചു. അതുപോലെ, മൊറോക്കോയിൽ ഫ്രാൻസിന് ഇഷ്ടമുള്ള നടപടികൾ സ്വീകരിക്കുവാൻ ഗ്രേറ്റ് ബ്രിട്ടനും സ്വാതന്ത്ര്യം നൽകി. പക്ഷേ, മൊറോക്കോയിൽ കോട്ടകൊത്തളങ്ങൾ പണികഴിപ്പിക്കാനുള്ള അവകാശം ഫ്രാൻസിനു നൽകിയില്ല. ബ്രിട്ടീഷ് കോളനിയായിരുന്ന ജിബ്രാൾട്ടറിന്റെ സുരക്ഷിതത്വത്തിന് അതു ഹാനികരമായിരിക്കുമെന്നു ഗ്രേറ്റ് ബ്രിട്ടൻ കരുതി. സുഡാനിലെ ഫഷോഡ പട്ടണത്തിൻമേലുള്ള അവകാശത്തർക്കം ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും തമ്മിൽ ഒരു യുദ്ധം ഉണ്ടാകാൻ വഴിയൊരുക്കി (1898). ഫ്രാൻസിന്റെ ശക്തിഹീനതകൊണ്ട് യുദ്ധംകൂടാതെതന്നെ ഗ്രേറ്റ്ബ്രിട്ടൻ ഈ തർക്കത്തിൽ വിജയിക്കയാണുണ്ടായത്. എന്നാൽ 1904-ലെ കരാറോടുകൂടി ഇരു രാജ്യങ്ങളും തമ്മിൽ ഇതു സംബന്ധിച്ചുണ്ടായിരുന്ന സംഘർഷാവസ്ഥയും അവസാനിച്ചു. 1903 ആഗസ്റ്റിൽ ആരംഭിച്ച സൗഹാർദസംഭാഷണങ്ങളിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധാനം ചെയ്തു ലാൻസ്ഡൗൺ പ്രഭുവും ക്രോമർ പ്രഭുവും (1841-1917) പങ്കെടുത്തു; ഫ്രാൻസിന്റെ പ്രതിനിധികൾ തിയോഫിൽ ദെൽകാസെ (1852-1923), പോൾ കാംബോൺ (1843-1924) എന്നിവരായിരുന്നു.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആംഗ്ലോ-ഫ്രഞ്ച് സൗഹൃദധാരണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.