നിർമ്മല
നിർമ്മല | |
---|---|
സംവിധാനം | പി.വി. കൃഷ്ണയ്യർ |
നിർമ്മാണം | പി.ജെ. ചെറിയാൻ, കേരള ടാക്കീസ് |
കഥ | എം.എസ്. ജേക്കബ് |
തിരക്കഥ | പുത്തേഴത്ത് രാമൻ മേനോൻ |
അഭിനേതാക്കൾ | ജോസഫ് ചെറിയാൻ ബേബി ജോസഫ് |
സംഗീതം | പി.എസ്. ദിവാകർ ഇ.ഐ. വാര്യർ |
ഛായാഗ്രഹണം | ജെ.ജി. വിജയം ജി. രംഗനാഥൻ |
ചിത്രസംയോജനം | ബാലു |
സ്റ്റുഡിയോ | കേരള ടാക്കീസ് |
റിലീസിങ് തീയതി | 1948, ഫെബ്രുവരി 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രമാണ് നിർമ്മല. കേരള ടാക്കീസിന്റെ ബാനറിൽ ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ നിർമ്മിച്ച ഈ ചിത്രം 1948 ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. പി.വി. കൃഷ്ണയ്യരായിരുന്നു സംവിധായകൻ. എം.എസ്. ജേക്കബിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് പുത്തേഴത്ത് രാമൻ മേനോൻ ആയിരുന്നു. ആദ്യമായി ഒരു മലയാളി നിർമ്മിച്ച മലയാളചലച്ചിത്രമാണിത്.[1] അതുപോലെ തന്നെ മുൻകാല മലയാളചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തിൽ സംവിധായകനടക്കം പ്രധാന അണിയറ പ്രവർത്തകരേറെയും മലയാളികളായിരുന്നു. മലയാളത്തിൽ ആദ്യമായി പിന്നണിഗാനം അവതരിപ്പിക്കപ്പെട്ട ചിത്രമെന്ന പ്രത്യേകത കൂടി നിർമ്മലയ്ക്കുണ്ട്.[2]
മലയാള സംഗീതനാടകരംഗത്തെ അമരക്കാരിലൊരാളായിരുന്ന പി.ജെ. ചെറിയാന്റെ ഉടമസ്ഥതയിലുള്ള കേരള ടാക്കീസിന്റെ പ്രഥമ സംരംഭമായിരുന്നു ഈ ചിത്രം. കൊച്ചി രാജകുടുംബത്തിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി സാമ്പത്തിക സഹായം ലഭിച്ചു.[3] ചെറിയാന്റെ മകനായ ജോസഫ് ചെറിയാൻ തന്നെയായിരുന്നു ഈ ചിത്രത്തിലെ നായകൻ. നായികവേഷത്തിലേക്ക് പല പുതുമുഖങ്ങളെയും പരീക്ഷിച്ചു നോക്കിയെങ്കിലും അവസാനം നായികയായി തെരഞ്ഞെടുത്തത് ജോസഫ് ചെറിയാന്റെ ഭാര്യയായിരുന്ന ബേബി ജോസഫിനെ ആയിരുന്നു. ഇവർക്കു പുറമേ പി.ജെ. ചെറിയാന്റെ മകൾ ഗ്രേസിയും മറ്റ് ചില ബന്ധുക്കളും അദ്ദേഹത്തിന്റെ നാടകസംഘാംഗങ്ങളും ഈ സംരംഭത്തിൽ പങ്കാളികളായി. അവിചാരിതമായാണെങ്കിലും അങ്ങനെ ഒരർത്ഥത്തിൽ നിർമ്മല ചെറിയാന്റെ 'കുടുംബചിത്രം' തന്നെയായി.
ഇതിവൃത്തം
[തിരുത്തുക]ഭാര്യ മരിച്ചു പോയ അരയൻ ശങ്കരൻ തന്റെ മക്കളായ നിർമ്മലയെയും വിമലയെയും സഹോദരി കല്യാണിയുടെ സഹായത്തോടെ വളർത്തിക്കൊണ്ടു വരുന്നു. ഒരു നാൾ കടലിൽ പോയ ശങ്കരൻ കൊടുങ്കാറ്റിൽ പെട്ട് മരണമടയുന്നു. നിത്യവൃത്തിക്കായി നിർമ്മല മത്സ്യക്കച്ചവടം ആരംഭിച്ചു. എന്നാൽ പൂവാലന്മാരുടെ ശല്യം സഹിക്കവയ്യാതെ മത്സ്യവിൽപ്പന നിർത്തി ഒരു കട തുടങ്ങുവാൻ അവൾ നിർബന്ധിതയാകുന്നു. എന്നാൽ ഇളയ സഹോദരിയായ വിമല ഒരു ആഡംബരഭ്രമക്കാരിയായാണ് വളർന്ന് വരുന്നത്. അടുത്തുള്ള വസ്ത്രശാലയിലെ ഒരു സാരി വിമലയെ ഏറെ ആകർഷിച്ചു. അതിനുവേണ്ടി അവൾ നിർബന്ധം പിടിച്ചു. അങ്ങനെയിരിക്കെ ഒരു ആഘോഷപരിപാടിയിൽ പങ്കെടുത്തു മടങ്ങി വരുന്ന വേളയിൽ വേഗത്തിൽ ഓടി വരുന്ന കാർ കണ്ട് ഭയന്ന വിമല കുഴിയിൽ വീണു. കഠിനജ്വരം പിടിപെട്ട് അർധബോധാവസ്ഥയിലായിരിക്കുമ്പോഴും വിമല സാരി, സാരി എന്ന് ഉരുവിട്ടു കൊണ്ടിരുന്നു. സാരി കിട്ടിയാൽ സഹോദരിക്ക് രോഗശമനം ലഭിക്കുമെന്ന് കരുതിയ നിർമ്മല അതിനായി വസ്ത്രശാലയിലെത്തി. എന്നാൽ വലിയ വിലയുള്ള സാരി പണം നൽകി വാങ്ങുവാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ നിർമ്മല അതു മോഷ്ടിക്കുകയും പോലീസ് പിടിയിലാകുകയും ചെയ്യുന്നു. നിർമ്മലയ്ക്ക് തടവുശിക്ഷ ലഭിച്ചെങ്കിലും അവളുടെ മോഷണശ്രമത്തിന്റെ കാരണം മനസ്സിലാക്കിയ പോലീസ് ഇൻസ്പെക്ടർ രഘുവിന് അവളോട് അലിവ് തോന്നുന്നു. വിമലയുടെ ഇഷ്ടസാരി രഘു അവൾക്കു വാങ്ങിക്കൊടുത്തു. എങ്കിലും കുറച്ചു ദിനങ്ങൾക്കകം രോഗം മൂർച്ഛിച്ച് വിമല മരണമടഞ്ഞു. തടവു ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന നിർമ്മല തന്റെ സഹോദരിയുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുത്ത രഘുവുമായി അടുപ്പത്തിലാകുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
പ്രധാന അഭിനേതാക്കൾ
[തിരുത്തുക]ജോസഫ് ചെറിയാൻ, ചേർത്തല വാസുദേവക്കുറുപ്പ്, എസ്.ജെ. ദേവ്, പി.ജെ. ചെറിയാൻ, ബേബി ജോസഫ്, കുമാരി രാധ, കമലമ്മ, ഗ്രേസി, കുമാരി വിമല ബി വർമ[2]
സംഗീതം
[തിരുത്തുക]മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ വരികൾക്ക്[൧] സംഗീതം പകർന്നത് പി.എസ്. ദിവാകറും ഇ.കെ. വാര്യരുമായിരുന്നു. ടി.കെ. ഗോവിന്ദറാവു, സി.സരോജിനി മേനോൻ, പി. ലീല തുടങ്ങിയവരായിരുന്നു ഗായകർ.[൨]
ഗാനങ്ങൾ
[തിരുത്തുക]- പാടുക പൂങ്കുയിലേ കാവു തോറും (ടി.കെ. ഗോവിന്ദറാവു, പി. ലീല)
- അറബിക്കടലിലെ കൊച്ചുറാണി (ടി.കെ. ഗോവിന്ദറാവു)
- നീരിലെ കുമിളപോലെ (ടി.കെ. ഗോവിന്ദറാവു)
- ഏട്ടൻ വരുന്ന ദിനമേ (കുമാരി വിമല ബി വർമ്മ)
- പച്ചരത്ന തളികയിൽ (പി.കെ.രാഘവൻ)
ജയപരാജയങ്ങൾ
[തിരുത്തുക]ചിത്രത്തിലെ നായികാനായകന്മാരായി അഭിനയിച്ച ബേബിയും ജോസഫ് ചെറിയാനും തങ്ങളുടെ റോളുകൾ മികവുറ്റതാക്കി. നാടക പശ്ചാത്തലത്തിൽ നിന്നുള്ളവരായതിനാൽ മറ്റ് പ്രധാന വേഷങ്ങളിഭിനയിച്ചവരും ഭേദപ്പെട്ട അഭിനയം കാഴ്ച വെച്ചു. ചിത്രീകരണം പകുതിയെത്തുന്നതിനു മുൻപ് തന്നെ മോശമായ കാലാവസ്ഥയെ നേരിടേണ്ടി വന്നു. അതുപോലെ തന്നെ സാങ്കേതിക പ്രശ്നങ്ങൾ, പ്രത്യേകിച്ച് പിന്നണിഗാനങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകൾ കൂടുതൽ കാലതാമസം വരുത്തി വെക്കുകയും നിർമ്മാതാവിന്റെ സാമ്പത്തിക ഭാരം അപ്രതീക്ഷിതമായി വർദ്ധിപ്പിക്കുകയും ചെയ്തു. ഗാനങ്ങളുടെ റെക്കോർഡിങ്ങ് പൂർത്തിയാവാൻ തന്നെ ആറു മാസങ്ങളെടുത്തു.
പൂർത്തീകരണത്തിനുണ്ടായ കാലതാമസം ചിത്രത്തിന്റെ ചിത്രത്തിന്റെ സാമ്പത്തിക വിജയത്തെ ബാധിച്ചു. ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ, നിറഞ്ഞ സദസ്സിൽ പല ദിവസങ്ങൾ ഓടിയെങ്കിലും മുടക്കുമുതൽ തിരിച്ചു പിടിക്കുന്നതിൽ പരാജയപ്പെട്ടു.[1] നിർമ്മാതാവായ ചെറിയാന് 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. സാമൂഹിക വിഷയം ഇതിവൃത്തമായി ഒരേ ഘടനയിൽ ഈ ചിത്രത്തിലും ആവർത്തിക്കപ്പെട്ടത് കൂടുതൽ ജനങ്ങളെ ആകർഷിക്കാതിരുന്നതായും അതു മറ്റൊരു പരാജയകാരണമായതായും കരുതപ്പെടുന്നു.
കുറിപ്പുകൾ
[തിരുത്തുക]- ^ ജി. ശങ്കരക്കുറുപ്പ് ഗാനരചന നിർവ്വഹിച്ച ഏക ചലച്ചിത്രമാണ് നിർമ്മല.[3] [2]
- ^ ഈ ചിത്രത്തിലൂടെ ഗോവിന്ദറാവുവും സരോജിനി മേനോനും മലയാളത്തിലെ ആദ്യ പിന്നണിഗായകനും ഗായികയുമായി.[3][2]
- മലയാളി (പി. ജെ. ചെറിയാൻ) നിർമ്മിച്ച ആദ്യ മലയാള ചലചിത്രമാണു നിർമ്മല.
- ആദ്യ മലയാളി സംവിധായകൻ ( പി. വി. കൃഷ്ണയ്യർ) ഈ ചിത്രത്തിലാണ്.
- മലയാളത്തിലെ ആദ്യ ഗാനരചയിതാവ് ( മഹാകവി ജി. ശങ്കരക്കുറുപ്പ്) ഈ ചിത്രത്തിലേതാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ഒരു കുടുംബകാര്യം" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2008 ഏപ്രിൽ 25. Archived from the original on 2008-05-01. Retrieved മേയ് 19, 2012.
{{cite web}}
: Check date values in:|date=
(help) - ↑ 2.0 2.1 2.2 2.3 "നിർമ്മല" (in ഇംഗ്ലീഷ്). B Vijayakumar.
- ↑ 3.0 3.1 3.2 "നിർമ്മല (1948)" (in ഇംഗ്ലീഷ്). ദ ഹിന്ദു. സെപ്തംബർ 21, 2009. Archived from the original on 2011-10-01. Retrieved മേയ് 19, 2012.
{{cite web}}
: Check date values in:|date=
(help)