Jump to content

ഗതാഗതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Transport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനുഷ്യ ഗതാഗതത്തിനുപയോഗിക്കുന്ന ഒരു വോൾവോ ബസ്

മനുഷ്യർ, മൃഗങ്ങൾ, കന്നുകാലി, ചരക്കുകൾ, വസ്തുക്കൾ ഇവയിൽ ഏതെങ്കിലും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റം ചെയ്യുന്നതിനെ ഗതാഗതം എന്നു പറയുന്നു. കാൽ നടയായോ, ചുമന്നു കൊണ്ടോ ആയിരുന്നു പഴയ കാലത്ത് ഗതാഗതം നടത്തിയിരുന്നത്. വാഹനങ്ങൾ ഉപയോഗിച്ച് കര, ജലം, വായു, കേബിളുകൾ, പൈപ്പുകൾ എന്നീ മാർഗങ്ങളിലൂടെയാണ് ഇപ്പോൾ ഇത് സാധ്യമാക്കുന്നത്. ഗതാഗതത്തെ വാഹനം, മാർഗ്ഗങ്ങൾ, ഘടന എന്നീ അടിസ്ഥാനത്തിൽ തരം തിരിക്കാം. നാഗരികതയുടെ അടിസ്ഥാനമായ കച്ചവടം എളുപ്പത്തിൽ സാധ്യമാക്കിയത് ഗതാഗതം ആണ്. ഗതാഗത വാഹനങ്ങളുടെ ഉയർന്നു വരുന്ന ഉപയോഗം അന്തരീക്ഷ മലിനീകരണത്തിന്റെ[1] ഒരു കാരണമായി കരുതുന്നു.

ഗതാഗതത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ റോഡുകൾ, റെയിൽ പാതകൾ, ജലപാതകൾ, (കനാലുകൾ ഉൾപ്പെടെ), പൈപ്പ് ലൈനുകൾ എന്നിങ്ങനെയുള്ള യാത്രാ പാതകൾ കൂടാതെ യാത്രക്കാരെയും ചരക്കുകളെയും കയറ്റുകയും ഇറക്കുകയും ചെയ്യാവുന്ന റെയിൽ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഗോഡൗണുകൾ, തുറമുഖങ്ങൾ മുതലായവയാണ്. ഇന്ധന വിതരണ മാർഗ്ഗങ്ങളെയും ഇക്കൂട്ടത്തിൽ പെടുത്താം.

യന്ത്ര വാഹനങ്ങളായ ട്രെയിനുകളും ട്രക്കുകളും ബസുകളും ഹെലിക്കോപ്റ്ററുകളും വിമാനങ്ങളും മറ്റും കൂടാതെ സൈക്കിളിലൂടെയും ഉന്തുവണ്ടികളിലൂടെയും ചുമടായും മൃഗങ്ങളെ ഉപയോഗിച്ചും ഗതാഗതം നടക്കുന്നുണ്ട്. ഗതാഗത മേഖല സർക്കാർ നിയന്ത്രണത്തിലോ സ്വകാര്യ നിയന്ത്രണത്തിലോ ആവാം.

പൊതുജന യാത്ര സാധാരണ ഗതിയിൽ ബസുകളും ട്രെയിനുകളും ട്രാമുകളും മറ്റും വഴിയാണ് നടക്കുന്നത്. റോഡുകളിലൂടെ സ്വകാര്യ വാഹനങ്ങളിലും പൊതുജനങ്ങൾ സാധാരണ ഗതിയിൽ യാത്ര ചെയ്യാറുണ്ട്. സമീപ കാലത്ത് ചരക്കു ഗതാഗതം കണ്ടൈനറുകളിലാണ് കൂടുതലും നടക്കുന്നത്. ഗതാഗതം ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. വായൂ മലിനീകരണവും ഭൂമിയുടെ വൻ തോതിലുള്ള ഉപയോഗവുമാണ് പ്രധാന ദോഷ വശങ്ങൾ.

ഗതാഗത മാർഗങ്ങൾ

[തിരുത്തുക]

തലച്ചുമട്

[തിരുത്തുക]
തലച്ചുമടായുള്ള ചരക്കുനീക്കം വികസ്വരരാജ്യങ്ങളിൽ വ്യാപകമാണ്.

മനുഷ്യാദ്ധ്വാനമുപയോഗിച്ച് ചരക്കുകൾ നീക്കുന്നത് പൊതുവിൽ കുറഞ്ഞു വരികയാണ്. പണ്ടു കാലത്ത് പല്ലക്ക് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തലച്ചുമടായി മനുഷ്യരെ തന്നെ ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടു പോയിരുന്നു. മനുഷ്യാദ്ധ്വാനമുപയോഗിക്കുന്ന സൈക്കിൾ ഉന്തുവണ്ടി മുതലായ സംവിധാനങ്ങൾ ഇപ്പോഴും പ്രചാരത്തിലുണ്ട്.

മനുഷ്യന് ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് നടന്നു പോകാൻ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യമില്ലെങ്കിലും യാത്ര സുഖകരമാക്കാൻ പാതകൾ സഹായകമാണ്. തുഴഞ്ഞു പോകാവുന്ന തോണികൾ മനുഷ്യാധ്വാനം മൂലമാണ് പ്രവർത്തിക്കുന്നത്. മനുഷ്യാദ്ധ്വാനം മൂലം പ്രവർത്തിക്കുന്ന വിമാനം പോലും കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.

മൃഗങ്ങളെ ഉപയോഗിച്ചുള്ള ചരക്കുനീക്കം

[തിരുത്തുക]
കഴുതയെ ഗതാഗതത്തിനായി ഉപയോഗിക്കുന്നു

കഴുത,കുതിര,ഒട്ടകം,ആന എന്നീ ജീവികളെയാണ് ഇതിനായി മനുഷ്യർ ആശ്രയിക്കുന്നത്. മനുഷ്യർ മൃഗങ്ങളുടെ പുറത്തു കയറി സഞ്ചരിക്കുകയും, മൃഗങ്ങളെ കൊണ്ട് ചരക്കെടുപ്പിക്കുകയും വാഹനങ്ങൾ വലിക്കാൻ അവയെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

റോഡ് ഗതാഗതം

[തിരുത്തുക]
റോഡ് ഗതാഗതം.അങ്കമാലിയിൽ നിന്നുള്ള ദൃശ്യം.
നിരത്തിൽ വിവിധതരം വാഹനങ്ങൾ പോകുന്നു

രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള തിരിച്ചറിയാവുന്ന തരത്തിലുള്ള നടപ്പാതയെയോ, നിരപ്പാക്കി ടാർ ചെയ്ത പാതയെയോ റോഡ് എന്നു പറയാറുണ്ട്. [2] റോഡുകളുടെ പ്രതലം നിരപ്പുള്ളതാക്കാൻ കട്ടിയുള്ള തരം മണ്ണിടുകയോ, കരിങ്കൽ ചീളുകൾ വിരിക്കുകയോ ടാർ, കോൺക്രീറ്റ് മുതലായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉറപ്പുള്ളതാക്കുകയോ ചെയ്യാറുണ്ട്. [3] ഇത്തരം പ്രവൃത്തികൾ ചെയ്തില്ലെങ്കിലും പാതകൾ ഗതാഗതത്തിനു ഉപയോഗിക്കാൻ സാധിക്കും. പഴയ കാല റോഡുകൾ മിക്കതും ഒരു വിധത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്താത്ത പാതകളായിരുന്നു. [4] ജനവാസ പ്രദേശങ്ങളിലെ റോഡുകൾ ഗതാഗതത്തിനെന്നതിലുപരി പൊതു സ്ഥലം എന്ന നിലയ്ക്കും ഉപയോഗപ്പെടുത്താറുണ്ട്. [5]

ഇപ്പോൾ സർവ സാധാരണമായ വാഹനങ്ങൾ യന്ത്രമുപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. ബസുകൾ, ട്രക്കുകൾ, ഇരുചക്രവാഹനങ്ങൾ എന്നീ യന്ത്രവൽകൃത വാഹനങ്ങൾ കൂടാതെ സൈക്കിളുകൾ, കാൽ നടയാത്രക്കാർ എന്നിവരും റോഡുകൾ ഉപയോഗിക്കുന്നുണ്ട്. യന്ത്രവൽകൃത വാഹനങ്ങളണ്ണ്് നഗരങ്ങളിലെ ശബ്ദ മലിനീകരണത്തിനും വായൂമലിനീകരണത്തിനും പ്രധാന കാരണക്കാർ. ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാർഗ്ഗം ബസ്സുകളാണ്.[6] ചരക്കു നീക്കത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഘട്ടം മിക്കപ്പോഴും റോഡു മാർഗ്ഗമായിരിക്കും.

ഇരുവശവും തണൽമരങ്ങളുള്ള റോഡ്

റെയിൽ‌ ഗതാഗതം

[തിരുത്തുക]
ജർമൻ ഇന്റർ-സിറ്റി എക്സ്പ്രസ്

റെയിലുകൾ അഥവാ പാളങ്ങളിൽ കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ റെയിൽ ഗതാഗതം എന്നു പറയുന്നത്. സാധാരണ റെയിൽ പാളങ്ങൾ പൊതുവേ സ്റ്റീൽ ‍കൊണ്ടു നിർമിച്ചതും കുറുകെയുള്ള ബീമുകളാൽ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകൾ കൊണ്ട് നിർമിച്ചവയാണ്‌. പ്രസ്തുത ബീമുകൾ സമാന്തര റെയിലുകൾ തമ്മിൽ തുല്യ അകലം ഉറപ്പു വരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു. പാളങ്ങൾ കരിങ്കൽ ചീളുകളും ഗ്രാവലും മറ്റും നിറച്ച് ബലപ്പെടുത്തിയതോ കോൺക്രീറ്റ് കൊണ്ട് നിർമിച്ചതോ ആയ അടിത്തറയിലാണ് സാധാരണ സ്ഥാപിക്കുക. ഒറ്റ പാളത്തിൽ സഞ്ചരിക്കുന്ന മോണോറെയിൽ, കാന്തിക വികർഷണം മൂലം പ്രവർത്തിക്കുന്ന മാഗ്ലെവ് തുടങ്ങിയവ റെയിൽ സഞ്ചാരത്തിനു ഉപയോഗിക്കുന്ന മാർഗ്ഗങ്ങളാണ്.

ട്രെയിനിൽ സാധാരണ ഗതിയിൽ ഒന്നിലധികം പരസ്പര ബന്ധിത ഭാഗങ്ങളുണ്ടായിരിക്കു. ഒറ്റ എഞ്ചിനാണ് സാധാരണ ഗതിയിൽ മുന്നോട്ടു പോകാനുള്ള ശക്തി നൽകുന്നത്. യാത്രക്കാരെയും ചരക്കുകളും കൊണ്ടുപോകാൻ ഈ മാർഗ്ഗം ഉപയോഗിക്കപ്പെടുന്നുണ്ട്. ആവിയന്ത്രമോ, ഡീസലോ, വൈദ്യുതിയോ കൊണ്ടാണ് എഞ്ചിൻ പ്രവർത്തിക്കുന്നത്. ഒന്നിൽ കൂടുതൽ എഞ്ചിനുകൾ ഒരു ട്രെയിനിൽ ഘടിപ്പിക്കുക സാദ്ധ്യമാണ്. പണ്ടു കാലത്ത് കുതിരകൾ വലിക്കുന്ന ട്രെയിനുകൾ നിലവിൽ ഉണ്ടായിരുന്നു. കേബിളുകൾ ഉപയോഗിച്ച് വലിക്കുന്ന ട്രെയിനുകളും, മറ്റും നിലവിലുണ്ട്. ഘർഷണം കുറവായതിനാൽ റോഡിലൂടെയുള്ള ഗതാഗതത്തേക്കാൾ ലാഭകരമാണ് ട്രെയിനുകൾ (കപ്പലുകളാണ് ഇവയേക്കാൾ ലാഭകരം).

ചരക്കുകൾ നീക്കുന്ന ട്രെയിനുകൾ മനുഷ്യ പ്രയത്നത്താൽ ചരക്കിന്റെ കയറ്റിറക്ക് നടക്കുന്ന തരവും കണ്ടെയ്നറുകൾ കയറ്റുന്ന തരവുമുണ്ട്.

വ്യോമഗതാഗതം

[തിരുത്തുക]
എയർ ഫ്രാൻസിന്റെ എയർബസ് വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങുന്നു.

വിമാനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നതിനാണ് വ്യോമ ഗതാഗതം എന്നു പറയുന്നത്. ഇവ കൂടുതലായും വളരെ ദൂരത്തേക്ക് പെട്ടെന്ന് ചരക്കെത്തിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. കുറഞ്ഞ ദൂരങ്ങളിലേയ്ക്ക് (പ്രത്യേകിച്ച് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ) ഹെലിക്കോപ്റ്ററുകൾ ഉപയോഗിക്കാറുണ്ട്. [7] 2009-ലെ കണക്കനുസരിച്ച് ഏതു സമയവും അഞ്ചു ലക്ഷം ആൾക്കാർ വിമാനങ്ങളിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരിക്കുമത്രേ. [8]

വിമാനങ്ങൾ ചിറകുകൾക്ക് മുകളിലൂടെയും താഴെക്കൂടിയും വായു നീങ്ങുന്നതു മൂലമുണ്ടാകുന്ന മർദ്ദ വ്യത്യാസത്താലാണ് പറക്കുന്നത്. ഹെലിക്കോപ്റ്ററുകൾ അവയ്ക്കു മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഒന്നോ അതിലധികമോ പങ്കകൾ കറങ്ങുന്നതു മൂലം നേരിട്ടു ലഭിക്കുന്ന ഉയർച്ച മൂലമാണ് പറക്കുന്നത്. ജൈറോപ്ലെയിൻ എന്ന ഇനത്തിൽ ഈ രണ്ടു സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു.

വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനുമാവശ്യമായ അടിസ്ഥാന സൗകര്യമാണ് വിമാനത്താവളങ്ങൾ. ചില വിമാനങ്ങൾക്ക് ജലോപരിതലത്തിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സാധിക്കും.

ജെറ്റു വിമാനങ്ങൾക്ക് മണിക്കൂറിൽ 955 കിലോമീറ്റർ വരെയും ഒറ്റ എഞ്ചിനുള്ള വിമാനങ്ങൾക്ക് മണിക്കൂറിൽ 555 കിലോ മീറ്റർ വരെയും വേഗത ലഭിക്കും.

ജലഗതാഗതം

[തിരുത്തുക]

കടൽ, കായൽ, കനാൽ, നദി തുടങ്ങി ജലത്തിൽ കൂടിയുള്ള ഗതാഗതമാണ് ജലഗതാഗതം. കപ്പലുകളോ നൗകകളോ തോണികളോ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. പൊങ്ങി കിടക്കുക അത്യന്താപേക്ഷിതമായതിനാൽ ജലയാനങ്ങളുടെ പുറംചട്ട (ഹൾ) ഉണ്ടാക്കുന്ന പ്രക്രീയയാണ് നിർമിതിയുടെ പ്രധാന ഭാഗം.

പത്തൊൻപതാം നൂറ്റാണ്ടിൽ ആവി കൊണ്ടു പ്രവർത്തിക്കുന്ന ചക്രം വെള്ളത്തിനെ പിന്നിലേയ്ക്ക് തള്ളുന്നതു വഴി സഞ്ചരിക്കുന്ന ആവി കപ്പലുകൾ ആദ്യമായി നിർമ്മിക്കപ്പെട്ടു. ആവി ബോയിലറിൽ വിറകോ, കൽക്കരിയോ കത്തിച്ച് വെള്ളം ചൂടാക്കിയാണ് ഉണ്ടാക്കിയിരുന്നത്. ഇത്തരം ബാഹ്യ ദഹന രീതി പിൽക്കാലത്ത് ആന്തരദഹന യന്ത്രങ്ങൾക്ക് വഴി മാറുകയുണ്ടായി. അന്തർവാഹിനികൾ, വലിയ വിമാനവാഹിനികൾ എന്നിവ പോലെയുള്ള നൗകകളിൽ ന്യൂക്ലിയാർ ഇന്ധനം ഉപയോഗിച്ചാണ് യാത്ര സാദ്ധ്യമാകുന്നത്. വിനോദത്തിനും പരിശീലനത്തിനും മറ്റും ഉപയോഗിക്കുന്ന നൗകകൾ ഇപ്പോഴും കാറ്റു ഉപയോഗിക്കുന്നുണ്ട്. ജെറ്റ് ബോട്ടുകൾ വെള്ളം ഉപയോഗിച്ചുള്ള ഒരു ജെറ്റാണ് യന്ത്രത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്നത്. ഹോവർക്രാഫ്റ്റുകൾ താഴേയ്ക്ക് കാറ്റടിക്കുന്ന തരം വലിയ ഫാനുകളാണ് ഉപയോഗിക്കുന്നത്.

വേഗം കുറവാണെങ്കിലും ആധുനിക കടൽ ഗതാഗതം വൻ തോതിൽ കുറഞ്ഞ ചിലവിൽ ചരക്കു കൊണ്ടുപോകാൻ ഉത്തമമായ രീതിയാണ്. 2007-ലെ കണക്കനുസരിച്ച് 35000 കപ്പലുകൾ 7400 കോടി ടൺ ചരക്ക് ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് വഹിക്കുകയുണ്ടായത്രേ. [9] ഭൂഘണ്ടാന്തര ചരക്കു ഗതാഗതം കൂടാതെ [10] തീര ദേശത്തെ ചെറിയ ദൂരത്തേയ്ക്കുള്ള ചരക്കു ഗതാഗതത്തിനും ഇത് ലാഭകരമാണ്. [11][12]

മറ്റു മാർഗ്ഗങ്ങൾ

[തിരുത്തുക]
ട്രാൻസ് അലാസ്ക ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ.

പൈപ്പുകളിലൂടെ വാതകമോ ദ്രാവകമോ ആയ ചരക്ക് ദൂര ദേശങ്ങലിലെയ്ക്ക് അയക്കാൻ സാധിക്കും. ഘര ക്യാപ്സൂളുകളെ വായൂ മർദ്ദം ഉപയോഗിച്ച് കുഴലുകളിലൂടെ കൊണ്ടു പോകാനും സാധിക്കും. ഓടകൾ എന്ന നിലയിലും കുഴലുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. വെള്ളവും പെട്രോളിയവും പാചക വാതകവും കൊണ്ടു പോകാനാണ് സാധാരണ ഗതിയിൽ കുഴലുകൾ കൂടുതൽ ഉപയോഗിക്കുന്നത്.

കേബിളുകൾ ഉപയോഗിച്ച് വലിച്ചു കൊണ്ടു പോകുന്നതരം ഗതാഗത മാർഗ്ഗം കയറ്റങ്ങളിലാണ് സാധാരണ ഉപയോഗിക്കുന്നത്.

ബഹിരാകാശത്തേയ്ക്കുള്ള യാത്രകൾ പ്രത്യേക തരം വാഹനങ്ങളിലാണ് നടത്തുന്നത്. ഈ മാർഗ്ഗത്തെ പറ്റി വലിയ തോതിൽ ഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും കൃത്രിമോപഗ്രഹങ്ങളെ വിക്ഷേപിക്കാനാണ് സാധാരണ ഗതിയിൽ ഈ മാർഗ്ഗം ഉപയോഗിച്ചു വരുന്നത്. മനുഷ്യരെ ചന്ദ്രനിലെത്തിക്കാനും സൗരയൂധത്തിലെ എല്ലാ ഗ്രഹങ്ങളിലേയ്ക്കും പേടകങ്ങളയക്കാനും ഈ മാർഗ്ഗത്തിലൂടെ സാധിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. അന്തരീക്ഷമലിനീകരണം
  2. "Major Roads of the United States". United States Department of the Interior. 2006-03-13. Retrieved 24 March 2007.
  3. "Road Infrastructure Strategic Framework for South Africa". National Department of Transport (South Africa). Archived from the original on 2007-09-27. Retrieved 24 March 2007.
  4. Lay, 1992: 6–7
  5. "What is the difference between a road and a street?". Word FAQ. Lexico Publishing Group. 2007. Retrieved 24 March 2007.
  6. Cooper et al., 1998: 278
  7. Cooper et al., 1998: 281
  8. Swine flu prompts EU warning on travel to US. The Guardian. April 28, 2009.
  9. The United Nations Conference on Trade and Development (UNCTAD) 2007, p. x and p. 32.
  10. Stopford, 1997: 4–6
  11. Stopford, 1997: 8–9
  12. Cooper et al., 1998: 280

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗതാഗതം&oldid=4070273" എന്ന താളിൽനിന്ന് ശേഖരിച്ചത്