'കേരളീയ സഹൃദയലോകം എന്നും എനിക്കൊരു രക്ഷാകവചമായിരുന്നു'; പുതൂര്‍ എഴുത്തുകാരനായതിനു പിന്നില്‍


3 min read
Read later
Print
Share

ഉണ്ണികൃഷ്ണൻ പുതൂർ | ഫോട്ടോ: മനീഷ് ചേമഞ്ചേരി

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'പുതൂരിന്റെ കഥകള്‍' എന്ന പുസ്തകത്തിന് ഉണ്ണികൃഷ്ണന്‍ പുതൂര്‍ എഴുതിയ ആമുഖത്തില്‍നിന്ന്;

To advertise here,

ത്മവേദനകളാണ് എന്നെ കഥയെഴുതാന്‍ പ്രേരിപ്പിച്ചത്. എണ്ണിയാലൊടുങ്ങാത്ത ദുഃഖങ്ങളും പീഡനങ്ങളുമേറ്റ് വളര്‍ന്ന ഞാനെന്നും എന്റെ വീട്ടില്‍ അന്യനായിരുന്നു. അതുകൊണ്ടുണ്ടായിത്തീര്‍ന്ന മാനഹാനികളും വ്യാകുലതകളും ഗൃഹാന്തരീക്ഷത്തിലെ കരുമനകളും കൂട്ടുകുടുംബത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയും കലഹങ്ങളും സ്നേഹങ്ങളും അനുനയങ്ങളും പ്രതികാരവാഞ്ഛയും സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും കഥാവിഷയമാക്കാന്‍ ഈ പശ്ചാത്തലം പ്രയോജനപ്പെട്ടു. കഥകള്‍ ആത്മാനുഭൂതിയുടെ ഉറവിടമല്ലാത്തിടത്തോളംകാലം അവയ്ക്ക് നിലനില്‍പില്ലെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. അനുഭവദരിദ്രനായ ഒരു കാഥികന് എത്ര ശില്‍പപരമായ ആവിഷ്‌കരണ വൈഭവമുണ്ടായാലും കാലാന്തരത്തില്‍ അതിന്റെ തെളിമയും ഉണ്മയും മങ്ങിപ്പോകാനിടയുണ്ട്. കള്ളനാണയങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. യഥാര്‍ത്ഥസത്ത മാത്രം നിലനില്‍ക്കും.

1952-ല്‍ പ്രഥമ കഥാസമാഹാരം പുറത്തുവന്നു: 'കരയുന്ന കാല്‍പാടുകള്‍', വയസ്സ് ഇരുപത്, ഇരുപത് വയസ്സുകാരനെഴുതിയ ആ കഥകളില്‍ ചിലത് ഇന്ന് വായിക്കുമ്പോള്‍ തികച്ചും ബാലിശമെന്ന് വിധിയെഴുതപ്പെടാം. എന്നാല്‍ ആ കൃതി പുറത്തുവരുന്നതിനു മുന്‍പായനുഭവിച്ച എഴുത്തുകാരന്റെ പേറ്റുനോവ് ഇന്നും ഓര്‍ത്തോര്‍ത്തിരിക്കാന്‍ രസമുണ്ട്. വളരെ വേഗത്തില്‍ ആ കൃതി വിറ്റുപോയെങ്കിലും രണ്ടാമതൊരു പതിപ്പ് പുറത്തിറക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടിരുന്നു. 1955-ലാണ് രണ്ടാമത്തെ കഥാസമാഹാരം പുറത്തിറങ്ങിയത്. കോഴിക്കോട്ടെ അക്കാലത്തെ പ്രമുഖ പ്രസാധകരായിരുന്ന പി.കെ. ബ്രദേഴ്സാണ് പ്രസിദ്ധീകരിച്ചത്. കഥാസമാഹാരത്തിന്റെ പേര്‍ 'പ്രേമവും വൈരൂപ്യവും' - പതിനൊന്നു ചെറുകഥകള്‍. ആ കൃതിക്കും രണ്ടാംപതിപ്പ് കാണുവാനുള്ള ഭാഗ്യമില്ലാതെപോയി.

1956-ല്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ സീനിയര്‍ ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് തൊഴില്‍തേടി 'മലയാളി' പത്രത്തില്‍ ചേര്‍ന്ന ഘട്ടത്തിലാണ് 'കെട്ടുപിണഞ്ഞ ജീവിതബന്ധ'ത്തിന്റെ ഒന്നാംപതിപ്പ് മോഡേണ്‍ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചത്. ഈ കഥാസമാഹാരവും എം.ടി.യുടെ 'വേദനയുടെ പൂക്കളും' ഏതാണ്ട് ഒരേ കാലയളവിലാണ് പാലക്കാട്ടുനിന്ന് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഞാന്‍ മലയാളത്തിലെ മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥകളെഴുതി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ആദ്യമായൊരു കൃതി എന്‍.ബി.എസ്സിലൂടെ പുറത്തിറങ്ങി. 'വേദനകളും സ്വപ്നങ്ങളും'. വേണ്ടത്ര പ്രശസ്തി വാരിക്കൂട്ടിയില്ലെങ്കിലും കൃതിക്ക് വേറെയും പതിപ്പുകളുണ്ടായി. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ സെക്രട്ടറി കാരൂര്‍ നീലകണ്ഠപിള്ളയുടെ കണ്ണില്‍ ഞാനൊരു കഥാകൃത്തായി. അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം സൈലന്‍ തോമസ്സിന്റെ ഗാനം, സ്നേഹാദരങ്ങളോടെ, സുന്ദരിചെറ്യേമ്മ തുടങ്ങിയ കഥാസമാഹാരങ്ങള്‍ സംഘത്തിനയച്ചുകൊടുത്തു.

കാരൂര്‍സാര്‍ എന്നോട് പിതൃസഹജമായ സ്നേഹവാത്സല്യങ്ങള്‍ കാട്ടി. ഡി.സി. കിഴക്കേമുറിയും എന്നോട് മെച്ചപ്പെട്ട കഥകളാണെന്ന് ബോധ്യമുണ്ടെങ്കില്‍ സംഘത്തിനയയ്ക്കാന്‍ പച്ചക്കൊടി കാട്ടി. ലളിതാംബിക അന്തര്‍ജനവും വെട്ടൂരും ഞാന്‍ കയറിവരുന്നതില്‍ അഭിനന്ദിച്ചുകൊണ്ടെഴുതി. ഞാന്‍ സംഘത്തിലെ ഒരു മെമ്പറായി ഉയര്‍ത്തപ്പെട്ടു. പിന്നീട് കഥ എഴുതാനുള്ള ഒരു വലിയ വേലിയേറ്റംതന്നെ എന്റെ ഉള്ളിലുണ്ടായി. മാതൃഭൂമി വിശേഷാല്‍പ്രതികളിലടക്കം കഥ പ്രത്യക്ഷപ്പെട്ടതോടെ, എന്നെ കഥയുടെ ലോകത്തില്‍നിന്നും മാറ്റിനിറുത്താന്‍ പറ്റുകയില്ലെന്ന ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടു. ഈ കാലത്തിനുള്ളില്‍ പതിനൊന്നു കഥാസമാഹാരങ്ങള്‍ പുറത്തുവന്നു. ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിനുവേണ്ടി പുത്തേഴന്‍ എന്നോട് എന്റെ മൂന്നു കഥകളെ ചൂണ്ടിക്കാട്ടി അതില്‍ ഏതെങ്കിലുമൊന്ന് ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് വ്യക്തിപരമായി അദ്ദേഹത്തിന്റെ മേല്‍വിലാസത്തില്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. നനഞ്ഞ തൂവലുകള്‍, ഈറന്‍മുണ്ടും നനഞ്ഞ കണ്ണുകളും, ഒരു മുക്കാല്. ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ ചൂണ്ടിക്കാട്ടി ഞാനൊരു കത്തെഴുതി.

പുസ്തകത്തിന്റെ കവര്‍ പേജ്‌

ആ കഥയാണ് പിന്നീട് ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലം പ്രസിദ്ധീകരിച്ച 'പ്രകാശനാളങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ പുറത്തുവന്ന മലയാളത്തിലെ തിരഞ്ഞെടുത്ത കഥാകൃത്തുക്കളുടെ പരമ്പരയില്‍ പുറത്തുവന്നത്. എന്റെ കൂട്ടത്തില്‍ അന്ന് കഥയെഴുതിയവരില്‍ ഇവരൊക്കെ ഉള്‍പ്പെടുന്നു- രാജലക്ഷ്മി, നന്തനാര്‍, പാറപ്പുറത്ത്, ഒ.വി. വിജയന്‍ തുടങ്ങിയവര്‍. ഈ കഥ വേറെയും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും പുറത്തുവന്നിട്ടുണ്ടെന്ന് പിന്നീടറിയാനിടയായി. ഇതാണ് എന്റെ കഥാജീവിതവൃത്തിയുടെ ആദ്യകാലാനുഭവങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ചിത്രങ്ങള്‍. 'പുതൂര്‍ കഥകള്‍' എന്ന ശീര്‍ഷകത്തില്‍ പുറത്തുവരുന്ന ഈ കഥകളില്‍ ഭൂരിഭാഗവും 'തിരഞ്ഞെടുത്ത കഥകള്‍' എന്ന പേരില്‍ 1975-ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച 18-ാം നമ്പര്‍ വോള്യത്തില്‍ ഉള്‍പ്പെട്ടവയല്ല.

എഴുപത്തഞ്ചിനുശേഷം എഴുതപ്പെട്ട ഇവയില്‍ പലതും പുസ്തകരൂപത്തില്‍ പുറത്തുവരാത്തവയാണ്. പല ദിക്കിലുമായി നഷ്ടപ്പെട്ടുകിടന്ന ഏതാനും കഥകള്‍ തേടിപ്പിടിച്ച് സമാഹരിക്കപ്പെട്ടതാണ്. മൊത്തം അമ്പത്തൊന്നു കഥകള്‍. 'തിരഞ്ഞെടുത്ത കഥകള്‍' പ്രസിദ്ധീകരിച്ചിട്ട് പത്ത് വര്‍ഷമായി. അതിന്റെ ഒരൊറ്റക്കോപ്പിയും ഇപ്പോള്‍ മാര്‍റ്റക്കറ്റിലെങ്ങും ലഭ്യമല്ല. രണ്ടാമതൊരു പതിപ്പോ, മറ്റൊരു രണ്ടാം ഭാഗമോ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പോ ഉണ്ടാകാതിരിക്കുന്ന സാഹചര്യത്തിലാണ് ഈ കഥകള്‍ 1987 ജൂണില്‍ മാതൃഭൂമി പ്രകാശനം ചെയ്യുന്നത്.

300 ചെറുകഥകളെഴുതി പ്രസിദ്ധീകരിച്ചു. ഒട്ടുമിക്കവയും പുസ്തകരൂപത്തിലായി. ഇനിയും കുറേ സമാഹരിക്കാനുണ്ട്. ഈ 300 കഥകളില്‍ പത്തെണ്ണമെങ്കിലും എന്റെ മരണാനന്തരം മനുഷ്യസമൂഹം ഓര്‍മിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ടെക്നിക്കുകള്‍ക്കുവേണ്ടിയും സങ്കീര്‍ണത സൃഷ്ടിക്കുന്നതിനുവേണ്ടിയും അത്യാധുനികതയുടെ വക്താവാകുന്നതിനുവേണ്ടിയും ഞാനൊരിക്കലും കഥയെഴുതിയിട്ടില്ല. എന്റെ കഥകള്‍ എന്റെ അനുഭവങ്ങളാണ്. ഞാനും നീയും അവനും അവളുമൊക്കെയായി രൂപാന്തരപ്പെടുന്ന കഥയില്‍ മുഖ്യകഥാപാത്രം ഞാന്‍തന്നെയാണ്.

സത്യത്തില്‍ ഒരു കാഥികന്‍ പല ഘട്ടങ്ങളിലായി തന്നെ താന്‍ സ്വയം തിരയുകയും കണ്ടെത്തുകയും ചെയ്യുന്നതോടെ കഥ സമാപിക്കുന്നു. ഇനി എഴുതിയേടത്തോളം കഥകള്‍ സൃഷ്ടിക്കപ്പെടാന്‍ കഴിയുമെന്ന വിശ്വാസമില്ല. അനുഭവങ്ങള്‍ക്കു പൂര്‍ണവിരാമം ഇട്ടുവോ എന്നു ചോദിച്ചാല്‍, ഇല്ല എന്നുതന്നെയാണ് ഉത്തരം. പ്രതിജനവിചിത്രമായ ജീവിതം നല്‍കുന്ന കയ്പുരസങ്ങളും കണ്ണുനീരും വറ്റിത്തീരാത്തേടത്തോളംകാലം കഥകളെഴുതാന്‍പറ്റും.

ഒരെഴുത്തുകാരന്‍ എന്തായിരുന്നുവെന്ന് ഭാവിചരിത്രകാരന്മാരും അനുവാചകലോകവുമാണ് വിധിയെഴുതേണ്ടത്. കേരളീയ സഹൃദയലോകം എന്നും എനിക്കൊരു രക്ഷാകവചമായിരുന്നു. അവരുടെ നിര്‍ലോഭമായ സഹകരണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഞാനൊരു എഴുത്തുകാരനാവുമായിരുന്നില്ല. ഇപ്പോഴും അവരിലുള്ള ഉറച്ച വിശ്വാസമാണ് എന്നെ മുന്നോട്ടുനയിക്കുന്ന പ്രേരകശക്തി. 'പുതൂര്‍കഥകളു'ടെ മാറ്റുരച്ച് വിലയിരുത്തുവാനുള്ള പൂര്‍ണാവകാശം വായനക്കാര്‍ക്കും നിരൂപകന്മാര്‍ക്കും വിട്ടുകൊടുക്കുന്നു.

Content Highlights: Unnikrishnan Puthur' book preface

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
Ratan Tata, KPP Nambiar

7 min

രത്തന്‍ ടാറ്റയുമായി വാക്കുതര്‍ക്കവും വഴക്കും പതിവായി;വണ്ടി നിര്‍ത്തിച്ച് പാതിവഴിയില്‍ ഇറങ്ങുന്നതും! 

Oct 11, 2024


girija warrier

7 min

'മധുവിന് അവിടെ ചേരാനുള്ള സമയം അടുക്കുന്തോറും മാധേട്ടനും മഞ്ജുവിനും എനിക്കും വിഷമം തോന്നിത്തുടങ്ങി'

Oct 7, 2024


Kunjali, Aryadan Muhammed

3 min

കുഞ്ഞാലി വധക്കേസ്: രാഷ്ട്രീയ ശത്രുവായ ആര്യാടനെ കൈകാര്യം ചെയ്തവിധം! 

Oct 10, 2024


Woman

3 min

'പ്രലോഭനങ്ങള്‍ക്കു ചിലപ്പോഴെങ്കിലും എന്തു ഭംഗിയാണല്ലേ ഫാദര്‍?' | കഥ - കൗമാരം | അഷിത

Sep 2, 2024

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-