'അമ്മ ദൈവാന്ന് പറയുന്നത് ചുമ്മാതാണോ?'; എന്‍ജിനോട് കരിഞ്ഞൊട്ടിയ കുഞ്ഞിന് ജീവന്‍വെപ്പിച്ച കുരങ്ങ്


സിയാഫ് അബ്ദുല്‍ഖാദിര്‍

4 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ: യുഎൻഐ

വീടും നാടും ബന്ധങ്ങളും താണ്ടി യാത്രചെയ്യുന്ന ഒരു ലോക്കോപൈലറ്റ് തന്റെ അനന്തസഞ്ചാരങ്ങള്‍ക്കിടയിലെ അവിസ്മരണീയ അനുഭവങ്ങളെ രേഖപ്പെടുത്തുന്ന പുസ്തകമാണ് സിയാഫ് അബ്ദുല്‍ഖാദിര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'തീവണ്ടി ജീവിതം'. യാത്രാകഥനത്തില്‍ വായനക്കാരെയും ഒപ്പംചേര്‍ത്ത് അനന്യമായ അനുഭവങ്ങള്‍ പകരുന്ന ഈ പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം...

To advertise here,

ടശ്ശേരി എന്നാല്‍ പ്രാന്താണ് ഞങ്ങളുടെ ട്രെയിന്‍ മാനേജര്‍ വിനോദന്. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന പദ്യം വിനോദനെ സൗകര്യത്തിന് കിട്ടിയപ്പോള്‍ ചൊല്ലിക്കുകയായിരുന്നു ഞാന്‍. അമ്മയെ പേടിപ്പിക്കാന്‍ ചുഴലിക്കാറ്റായും നരിയായും പുലിയായും ഭൂതം വന്നപ്പോള്‍ ഒന്നിനെയും ഭയക്കാതെ, തന്റെ കുഞ്ഞിനായി സ്വന്തം കണ്ണ് ചൂഴ്ന്നുകൊടുത്ത കഥ വിനോദേട്ടന്റെ സ്വരത്തിലൂടെ ലോക്കോയില്‍ അവതരിച്ചു. ഭക്ഷണം കഴിഞ്ഞ നേരമായിരുന്നു. വേനല്‍ക്കാലത്തെ എരിയുന്ന ചൂടില്‍ ഉച്ചയൂണിനൊപ്പം കവിത നല്ല ഡെസര്‍ട്ടാണ്. നമ്മുടെ ഹൃദയത്തെ അതാകെ ഒന്ന് തണുപ്പിക്കും.

ഈയിടെയാണ് ഞങ്ങളുടെ സെക്ഷനില്‍ ഇലക്ട്രിഫിക്കേഷന്‍ പൂര്‍ത്തിയായത്. ഒ.എച്ച്.ഇ. (ഓവര്‍ ഹെഡ് ഇലക്ട്രിക് ലൈന്‍) വയറിങ്ങും മറ്റ് അനുബന്ധ സാമഗ്രികളുമെല്ലാം സ്ഥാപിച്ചശേഷം അതിന്റെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടക്കുകയായിരുന്നു അന്ന്. മുകളിലെ ഇലക്ട്രിക് ലൈനില്‍ക്കൂടി 25 കിലോ വോള്‍ട്ട് വൈദ്യുതിയാണ് കടത്തിവിടുന്നത്. ഒരു കാരണവശാലും എന്‍ജിന് മുകളില്‍ കയറരുത്, ഷൂവും റെയിന്‍കോട്ടും ധരിക്കണം, മഴയത്ത് ട്രാക്കില്‍നിന്നോ എന്‍ജിനില്‍നിന്നോ കുട നിവര്‍ത്തരുത്, ട്രാക്കില്‍ മൂത്രമൊഴിക്കരുത്, മൊബൈല്‍ ഫ്‌ളാഷ് ഓണാക്കരുത്...

പുസ്തകത്തിന്റെ കവര്‍ പേജ്‌

അങ്ങനെ ധാരാളം സുരക്ഷാനിര്‍ദ്ദേശങ്ങള്‍ തന്നിട്ടാണ് ഞങ്ങളെ എന്‍ജിനിലേക്ക് വിട്ടതുതന്നെ. ബിജവാര്‍ സ്റ്റേഷനില്‍ ആയിരുന്നു ടെസ്റ്റിങ്ങിന്റെ ആദ്യ ഘട്ടം. ബിജവാര്‍ ഒരു ഗ്രാമപ്രദേശമാണ്. നിറയെ ഫലവൃക്ഷങ്ങളും വന്മരങ്ങളും ഉണ്ട് സ്റ്റേഷനില്‍പ്പോലും. കൂറ്റന്‍ ഒരത്തിമരം നിറയെ കായ്ച്ചുനില്‍പ്പുണ്ട്. പ്ലാറ്റ്‌ഫോമില്‍ പഴുത്തുവീണ അത്തിക്കായകള്‍ ചതഞ്ഞുമളിഞ്ഞും കിടപ്പുണ്ട്. ധാരാളം പക്ഷികളും അണ്ണാനും മറ്റും മരങ്ങളില്‍ കൂട് കൂട്ടിയിട്ടുണ്ട്. നേരെ മറുവശത്തുള്ള സ്റ്റാഫ് കോളനിയില്‍ നിരനിരയായി വെച്ചുപിടിപ്പിച്ച ചക്രവാകമരങ്ങളില്‍ കുരങ്ങുകളുടെ ഒരു പടതന്നെ താമസമുണ്ട്. സാധാരണ നമ്മള്‍ പുസ്തകങ്ങളില്‍ അച്ചടിച്ചു വരാറുള്ള പടങ്ങളില്‍ കണ്ടുപരിചയിച്ച തരം കുരങ്ങുകളല്ല, അത്യാവശ്യം താടിയും മുടിയുമുള്ള, കാണാന്‍ നല്ല ലുക്കുള്ള, സ്‌റ്റൈലന്‍ സിംഹവാലന്‍കുരങ്ങുകള്‍ ആണ് എല്ലാം.

ചക്രവാകമരത്തില്‍നിന്നും സ്റ്റേഷന്റെ എതിര്‍വശത്തുള്ള അത്തിമരത്തിലേക്ക് എളുപ്പവഴിയായി അവറ്റ കണ്ടിരിക്കുന്നത് വയറിങ് കഴിഞ്ഞതോടെ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ഒ.എച്ച്.ഇ. പോര്‍ട്ടലാണ്. കാട്ടുപ്രമാണികളുടെ നാട്യത്തില്‍ വാല്‍ ഉയര്‍ത്തിപ്പിടിച്ച് പോര്‍ട്ടലിന് മേലെക്കൂടി ഇടയ്ക്കിടെ അവ ഉലാത്തുന്നത് കാണാം. കുരങ്ങമ്മമാര്‍ പരസ്പരം പേന്‍ നോക്കുന്നതുപോലും ഒ.എച്ച്.ഇ. മാസ്റ്റിന്റെ മോളില്‍വെച്ചാണ് ഈയിടെയായി, സ്വന്തം വീടുപോലെ ആണ് പെരുമാറ്റം.

ഇലക്ട്രിഫിക്കേഷന് മുന്‍പ് യാത്രക്കാര്‍ക്കുവേണ്ടി നിര്‍മിച്ച മേല്‍പാലത്തിലായിരുന്നു, ഇവറ്റകളുടെ സ്വതന്ത്ര വിഹാരം. കൗതുകം മൂത്ത് ചില യാത്രക്കാരും ജീവനക്കാരും ഭക്ഷണം എറിഞ്ഞു കൊടുക്കുന്നതുകൊണ്ടു ആഹാരത്തിനും മുട്ടില്ല.
'വയര്‍ ലൈവ് ആകുന്നത് വരെയുള്ളൂ ഇതുങ്ങളുടെ മേളാങ്കം. അത് കഴിഞ്ഞാല്‍ കുറെ എണ്ണം ചത്ത് തുലയും,' ഞങ്ങളുടെ കൂട്ടത്തിലുള്ള ഓഫീസര്‍ പറഞ്ഞു.
'ക്രീ, ക്രീ...'
വിനോദേട്ടന്‍ ഊണിനൊപ്പം കിട്ടിയ പഴം കുരങ്ങുകള്‍ക്ക് എറിഞ്ഞുകൊടുത്തതാണ്. 'വേണ്ട വിനോദേട്ടാ,' ഞാന്‍ വിലക്കി. 'അവറ്റ ചിലപ്പോള്‍ എന്‍ജിനിലോ മറ്റോ കേറി വരും. വന്നാപ്പിന്നെ മനുഷ്യന് സൈ്വര്യം തരില്ല. കുരങ്ങുപനിയൊക്കെ ഉള്ള കാലമാണേ വിനോദേട്ടാ.'

വിനോദേട്ടന്‍ അത് ശ്രദ്ധിക്കാതെ എനിക്കും അസിസ്റ്റന്റിനും കിട്ടിയ വാഴപ്പഴങ്ങള്‍ കൂടി അതിന് എറിഞ്ഞുകൊടുത്തു.
'നോക്ക്യേടാ എന്ത് ക്യൂട്ടാണെന്ന്,' പഴം തോലു പൊളിച്ച് തിന്നുന്ന കുരങ്ങിന്‍കൂട്ടത്തിലെ ഒരമ്മയെയും കുഞ്ഞിനെയും ചൂണ്ടി വിനോദേട്ടന്‍ കൗതുകപ്പെട്ടു. 'ഏയ്, കുരങ്ങമ്മേ, പെട്ടെന്ന് തന്നെ കുടുംബാസൂത്രണം ചെയ്യുട്ടാ, ഇത്രയും ഉണ്ണികളുണ്ടെങ്കി നിന്റെ കാര്യം കഷ്ടത്തിലാവുമേ,' അമ്മക്കുരങ്ങിന് വേറെയും കുറെ കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് കണ്ട വിനോദേട്ടന്റെ ഉപദേശം. എനിക്ക് ചിരി പൊട്ടി.

'കമോണ്‍ ബോയ്‌സ്, ഗെറ്റ് റെഡി. വയര്‍ ലൈവാണ്.'
വാക്കിടോക്കിയിലൂടെ ഞങ്ങളുടെ ഹെഡിന്റെ നിര്‍ദ്ദേശം വന്നു. ഞാന്‍ പാന്റോഗ്രാഫ് ഉയര്‍ത്തി. ബ്ലോവറുകളും മോട്ടോറുകളും പ്രവര്‍ത്തിപ്പിച്ചു. വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി.

'സൂപ്പര്‍,' എല്ലാരും കൈ തട്ടി പ്രോത്സാഹിപ്പിച്ചു. ആദ്യമായി സ്‌പേസ് സ്റ്റേഷനിലേക്ക് പോകുന്ന ഒരാളുടെ അതിരില്ലാത്ത ആഹ്ലാദത്തോടെ ഞാന്‍ സ്പീഡ് കൂട്ടി.
'ടപ്പ്,' ഒരു സ്‌ഫോടന ശബ്ദം കേട്ടു. വണ്ടി കുതിരച്ചാട്ടം ചാടി നിന്നു. വലിയ ഒരു തീജ്വാല വെയില്‍ത്തീയെ തോല്‍പ്പിച്ച് മിന്നിക്കത്തി. വയര്‍ കരിഞ്ഞ രൂക്ഷമായ ഗന്ധവും വന്നു.
'എന്താ സംഭവിച്ചത്?' വാക്കിടോക്കിയിലൂടെ എല്ലാരും പരസ്പരം ചോദിച്ചു. ഞാന്‍ ആകെ ടെന്‍ഷനിലായി. എന്റെ കുഴപ്പംകൊണ്ടാണെങ്കില്‍ പ്രശ്‌നമാണ്, നാണക്കേടും.

സിയാഫ് അബ്ദുല്‍ഖാദിര്‍ | ഫോട്ടോ: മാതൃഭൂമി

'ഒ.എച്ച്.ഇ. ട്രിപ്പായതാ...' വാക്കിടോക്കിയിലൂടെ തന്നെ വിശദീകരണം വന്നു. കറന്റ് പോയതാണെന്ന് കേട്ടപ്പോള്‍ എനിക്ക് കുറച്ച് സമാധാനമായി. എന്നാലും കരിഞ്ഞ മണം ചുറ്റിലും ബാക്കിനിന്നത് എന്നെ ചെറുതായി വ്യാകുലനാക്കി. എന്‍ജിന്റെ ഉള്ളില്‍ എന്തെങ്കിലും തീയോ പുകയോ ഉണ്ടോന്ന് നോക്കാന്‍ ഞാന്‍ അസിസ്റ്റന്റിനെ പറഞ്ഞ് വിട്ടു.

'സര്‍ ഒന്നിങ്ങ് വന്നേ,' എന്നെ പരിഭ്രാന്തനായ അസിസ്റ്റന്റ് ഓടി വന്ന് വിളിച്ചു. 'ലോക്കോയുടെ മുകളില്‍ എന്തോ ഉണ്ട്.'
അത് ആ അമ്മക്കുരങ്ങിന്റെ മക്കളില്‍ ഒരാളായിരുന്നു. അതിന്റെ വാലും രണ്ടു കാലുകളും താഴേക്ക് തൂങ്ങിക്കിടന്നു. വാലില്‍ പിടിച്ച് ഞാന്‍ താഴേക്ക് വലിച്ചു. (ഒരിക്കലും ഇങ്ങനെ ചെയ്യരുത് എന്ന നിര്‍ദ്ദേശം പരിചയക്കുറവ് കൊണ്ട് ഞാന്‍ മറന്നു. ഒ.എച്ച്.ഇ. ഓഫ് ആയതുകൊണ്ട് മാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്. എങ്കില്‍പോലും അതൊരിത്തിരി കടന്ന കൈയായിരുന്നു). പക്ഷേ, ആ കുട്ടിക്കുരങ്ങന്‍ റൂഫ് സാമഗ്രികളില്‍ എവിടെയോ കുടുങ്ങിക്കിടക്കുകയാണ് എന്ന് തോന്നുന്നു. എത്ര ബലം കൊടുത്തിട്ടും അനക്കമില്ല. വെല്‍ഡ് ചെയ്ത മാതിരി പറ്റിപ്പിടിച്ചു കിടക്കുന്നു. കുരങ്ങിന്റെ ദേഹം എന്‍ജിനോട് കരിഞ്ഞൊട്ടിപ്പോയി എന്നെനിക്ക് തോന്നി. ഞാന്‍ നിരാശനായി മടങ്ങി.

'നീ എന്ത് മണ്ടത്തരമാണ് കാണിച്ചത്.' വിനോദേട്ടന്‍ ചൂടായി. 'വയറ് ലൈവായിരുന്നെങ്കില്‍ ഇപ്പ എന്ത് ചെയ്‌തേനെ?' ഞാന്‍ ഇളിഞ്ഞ മുഖത്തോടെ ഇരുന്നു.
'ഡക്: ക്രീ ക്രീ,' വീണ്ടും ഒരു ശബ്ദം കേട്ടു. നേരത്തെ പോലെ അത്ര കനത്തതല്ല. എന്തോ മുകളില്‍നിന്ന് ട്രാക്കിന്റെ സൈഡിലെ പുല്ലുകളിലേക്ക് വീഴുന്നപോലെ ഉള്ള ശബ്ദം. അപ്പോഴേക്ക് വീണ്ടും പവര്‍ വന്നു. ബ്ലോവറുകള്‍ കറങ്ങിത്തുടങ്ങി.
'എടാ ഇത് നോക്ക്,' വിനോദേട്ടന്‍ വിളിച്ചു കൂവി.
'അമ്മ എന്ന് വെച്ചാ ദൈവാന്ന് പറയുന്നത് ചുമ്മാതാണോ?! നീ ഇത് കണ്ടോ, നോക്കെടാ നോക്ക്.'
അമ്മക്കുരങ്ങ് തന്റെ ഉണ്ണിയെ എടുത്ത് ലോക്കോയുടെ മോളില്‍നിന്ന് താഴേക്ക് ചാടിയ ശബ്ദം ആണ് തൊട്ട് മുന്നേ ഞങ്ങള്‍ കേട്ടത്. ദേഹമാകെ കരിഞ്ഞു പൊള്ളിയ തന്റെ കുഞ്ഞിന്റെ ദേഹം ട്രാക്കിന് ചാരെവെച്ച് 'ക്രീക്രീ' കരഞ്ഞ് അമ്മക്കുരങ്ങ് കൂട്ടരെ ഒന്നാകെ വിളിച്ചുകൂട്ടി.

പിന്നെ ഒരു ബഹളം തന്നെ ആയിരുന്നു. കുറെപ്പേര്‍ ഇലകള്‍കൊണ്ട് വീശുന്നു. കുറച്ചുപേര്‍ കുട്ടിക്കുരങ്ങനെ തട്ടിയുരുട്ടി ട്രാക്കിന് അടുത്ത് വെള്ളം ഒഴുകിപ്പോവാന്‍ കുഴിച്ച ചാലിലേക്ക് ഇടുന്നു, അമ്മക്കുരങ്ങ് തന്റെ കുഞ്ഞിനെ കടിച്ചും മണപ്പിച്ചും എന്തെല്ലാമോ ചെയ്യുന്നു. ചില കുരങ്ങുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ആകെ ജഗപൊഗ.

കുറെ നേരത്തെ പരിചരണത്തിന് ശേഷം ഞങ്ങളെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കുട്ടിക്കുരങ്ങന്‍ എഴുന്നേറ്റിരുന്നു. മരണച്ചൂള കടന്നെത്തിയതിന്റെ പരവശതയോടെ കുട്ടിക്കുരങ്ങ് തലകുടഞ്ഞു. അതിന്റെ ദേഹത്തെ കരിഞ്ഞരോമങ്ങളില്‍ നനഞ്ഞ മണ്ണും ചേറും ചേര്‍ന്നൊട്ടിപ്പിടിച്ചിരുന്നു...
'അവിശ്വസനീയം,' ഞങ്ങളുടെ ഓഫീസര്‍ അദ്ഭുതപ്പെട്ടു. 'ഇറ്റ് ഈസ് റിയലി എ മിറക്കിള്‍. വേറൊന്നും പറയാനില്ല.'
'വീഡിയോ എടുക്ക്, വീഡിയോ എടുക്ക്.'
ആരോ ധൃതിപ്പെട്ടു മൊബൈല്‍ തുറന്നു. ഞാന്‍ തടഞ്ഞു.
'വേണ്ട, വേണ്ട. അങ്ങനെ ഒറ്റ ഷോട്ടില്‍ ഒതുക്കാനാവില്ല അമ്മയുടെ വാത്സല്യം...'
( മുന്നറിയിപ്പ്: ഒ.എച്ച്.ഇ. ഇലക്ടിക്കല്‍ വയറുകളില്‍നിന്നു കുറഞ്ഞത് രണ്ടു മീറ്റര്‍ അകലം പാലിക്കുക. മനുഷ്യര്‍ക്ക് ഇത്തരം രക്ഷാകവചങ്ങളൊന്നും പ്രകൃതി നല്‍കിയിട്ടില്ല.)

Content Highlights: Loco pilot Siyaf Abdulkhadir writes train journey experience

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
Ratan Tata, KPP Nambiar

7 min

രത്തന്‍ ടാറ്റയുമായി വാക്കുതര്‍ക്കവും വഴക്കും പതിവായി;വണ്ടി നിര്‍ത്തിച്ച് പാതിവഴിയില്‍ ഇറങ്ങുന്നതും! 

Oct 11, 2024


girija warrier

7 min

'മധുവിന് അവിടെ ചേരാനുള്ള സമയം അടുക്കുന്തോറും മാധേട്ടനും മഞ്ജുവിനും എനിക്കും വിഷമം തോന്നിത്തുടങ്ങി'

Oct 7, 2024


Kunjali, Aryadan Muhammed

3 min

കുഞ്ഞാലി വധക്കേസ്: രാഷ്ട്രീയ ശത്രുവായ ആര്യാടനെ കൈകാര്യം ചെയ്തവിധം! 

Oct 10, 2024


Woman

3 min

'പ്രലോഭനങ്ങള്‍ക്കു ചിലപ്പോഴെങ്കിലും എന്തു ഭംഗിയാണല്ലേ ഫാദര്‍?' | കഥ - കൗമാരം | അഷിത

Sep 2, 2024

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-