'ഒരാപ്പിള്‍ കൊണ്ട് ഞാന്‍ പാരീസിനെ ഞെട്ടിക്കും': പലതായുരുണ്ടു നീങ്ങിയ ആപ്പിള്‍!


മഷിപ്പച്ച

by സജയ് കെ.വി

3 min read
Read later
Print
Share

കടപ്പാട്: കാൻവ ഡോട്‌കോം

മറ്റു കനികള്‍ക്കൊന്നിനുമില്ലാത്ത ആകാരഭംഗിയും നിറപ്പകിട്ടും പ്രതീകാത്മകതയുടെ പരിവേഷവുമുള്ള പഴമാണ് ആപ്പിള്‍. ഉല്പത്തിപ്പുസ്‌കത്തിലെ ആദിപാപകഥയില്‍ എവിടെയും ആപ്പിളിനെക്കുറിച്ചു പരാമര്‍ശമില്ലെങ്കിലും ആ വിലക്കപ്പെട്ട കനി ആപ്പിളാണെന്ന് നമ്മളെല്ലാവരും കരുതുന്നു. 'ആപ്പിള്‍' എന്ന വാക്ക് മുന്‍പ് ഏതു പഴത്തെയും സൂചിപ്പിച്ചിരുന്ന ഒരു സാമാന്യനാമമായിരുന്നു എന്നും പറയപ്പെടുന്നു. മില്‍ട്ടന്റെ 'പറുദീസാനഷ്ടം 'എന്ന കൃതിയിലും ആ കനി ആപ്പിളായിരുന്നുവെന്നതിന്റെ കണിശമായ സൂചനകളൊന്നുമില്ല. എന്നിട്ടും ആപ്പിള്‍ വിലക്കപ്പെട്ട കനിയുടെ സ്ഥാനം കയ്യേറി, ആദിപാപം പ്രമേയമാകുന്ന എണ്ണമറ്റ ചിത്രങ്ങളിലും ലോകമെമ്പാടുമുള്ള മനുഷ്യഭാവനയിലും.

To advertise here,

ടിഷ്യനും റൂബെന്‍സും ഡൂററുമെല്ലാം ഇത്തരം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അവയിലെല്ലാം ആപ്പിളോ ആപ്പിളെന്ന ഗാഢമായ പ്രതീതിയുണര്‍ത്തുന്ന പഴങ്ങളോ കാണാം. ഈ ചിത്രങ്ങളിലെല്ലാം വിലക്കപ്പെട്ട കനി, ആദമിനു വച്ചുനീട്ടുന്നത് ഹൗവ്വയാണ്. ടിഷ്യന്റെ ചിത്രത്തെ ചില സൂക്ഷ്മവ്യത്യാസങ്ങളോടെ പിന്നീട് മാറ്റി വരയ്ക്കുകയായിരുന്നു റൂബെന്‍സ്. ടിഷ്യന്റെ ചിത്രത്തിലില്ലാത്ത ഒന്നു മാത്രം റൂബെന്‍സിന്റെ പതനചിത്രത്തില്‍ കാണാം. അത് ഈ പ്രാപഞ്ചികമുഹൂര്‍ത്തത്തിനു സാക്ഷിയായ ഒരു തത്തയുടെ സാന്നിദ്ധ്യമാണ്. റെനെ മഗ്രിത്തേ എന്ന ചിത്രകാരന്‍, പില്‍ക്കാലത്ത്, 'മനുഷ്യപുത്രന്‍ ' എന്ന പേരില്‍ ഒരു ചിത്രം വരയ്ക്കുന്നുണ്ട്. കറുത്ത കോട്ടും ചുവന്ന ടൈയും തൊപ്പിയുമെല്ലാമുള്ള ഒരു പുരുഷന്റെ രൂപമാണ് ചിത്രത്തില്‍. അയാളുടെ മുഖം മൂടി മറച്ചുകൊണ്ട് പച്ചനിറമുള്ള ഒരാപ്പിളാണ് നമ്മള്‍ കാണുന്നത്, ഞെട്ടില്‍ ഏതാനും ചില ഇലകളോടെ. പശ്ചാത്തലത്തില്‍ കടലുകാണാം. കടലിന് പുറംതിരിഞ്ഞാണ് അയാള്‍ നില്‍ക്കുന്നത്, ചിത്രത്തിന്റെ കാണികള്‍ക്ക് അഭിമുഖമായി. കടലിനും മനുഷ്യനുമിടയില്‍ ഒരു മതിലുമുണ്ട്. ഈ ചിത്രത്തിലെ മനുഷ്യമുഖത്തെ ആച്ഛാദനം ചെയ്യുന്ന ആ ആപ്പിളും ഒരാദിപാപപ്രതീകമാണെന്നാണ് വ്യാഖ്യാനം. പാപത്തോടൊപ്പം പ്രലോഭനവും മരണവുമുണ്ട്. ഇതെല്ലാം ചേര്‍ന്ന് മനുഷ്യന്റെ മര്‍ത്ത്യതയ്ക്ക് അടിവരയിടുകയാവാം ചിത്രം. മനുഷ്യമുഖത്തിനു മുന്നില്‍, അതിനെ മറച്ചുകൊണ്ട്, ഒരാപ്പിള്‍ വരച്ചു ചേര്‍ക്കുക മാത്രമേ മഗ്രിത്തേ ചെയ്യുന്നുള്ളൂ. അതോടെ ആദിപാപധ്വനികളാല്‍ ആ ചിത്രം മുഖരമാകുന്നു.

ആപ്പിളിന്റെ ചിത്രകാരന്‍ എന്ന പദവി പക്ഷേ മറ്റൊരു ചിത്രകാരനാണ്. ആപ്പിളുകളുടെ നിശ്ചലചിത്രങ്ങള്‍ നിരന്തരമായി വരച്ചുകൊണ്ട് ലോകചിത്രകലയില്‍ മൗലികതയുടെ മായാമുദ്ര പതിപ്പിച്ച പോള്‍ സെസാന്‍ ആണത്. അസാമാന്യമായ മൂര്‍ത്തതയും ത്രിമാനതയുമുള്ള ആപ്പിളുകളാണ് സെസാന്‍ വരച്ചത്. നല്ലവണ്ണം പഴുത്തു തുടുത്തവയും പാതി പഴുത്തവയും പച്ച മായാത്തവയുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. മേശമേലോ തളികയിലോ വച്ച മാതിരിയായിരുന്നു അവ. ചിലപ്പോള്‍ ഒരു വിരിയുടെ മേല്‍. മറ്റു ചിലപ്പോള്‍ ഒരു കുപ്പിയുടെയോ കൂജയുടെയോ അകമ്പടിയോടുകൂടി. 'ഒരാപ്പിള്‍ കൊണ്ട് ഞാന്‍ പാരീസിനെ ഞെട്ടിക്കും' എന്ന് സെസാന്റെ പ്രസിദ്ധമായ ഒരു വാക്യമുണ്ട്. ആപ്പിളുകളെ ഉപാധിയാക്കിക്കൊണ്ട് തികച്ചും വ്യതിരിക്തവും മൗലികവുമായ ഒരു ചിത്രകലാശൈലിയുടെ പ്രോദ്ഘാടകനായി മാറുകയായിരുന്നു സെസാന്‍. അതിന്റെ ആധാരവാക്യം കൂടിയായിരുന്നു മേലുദ്ധരിച്ച വിചിത്രചമല്‍ക്കാരമുള്ള പ്രസ്താവം. ജീവിതത്തില്‍ വലിയ ലജ്ജാലുവും അന്തര്‍മ്മുഖനുമായിരുന്ന സെസാനെ ഓര്‍മ്മിച്ചുകൊണ്ട് കെല്ലി ചെറി എന്ന കവി ഇങ്ങനെയുമെഴുതി -
'സെസാന്റെ ലജ്ജാരുണമായ ആപ്പിളുകള്‍'.

ഇനി നമ്മുടെ ഭാഷയിലെഴുതപ്പെട്ട, അസാധാരണമായ ഒരാപ്പിള്‍ക്കവിതയിലേയ്ക്കു വരാം. കെ. എ. ജയശീലനാണു കവി; കവിതയുടെ പേര് 'ആപ്പിള്‍കാണല്‍'.

'ഞാന്‍ ആപ്പിള്‍ കാണുന്നു' എന്ന ലളിതമായ പ്രസ്താവനയിലാണ് കവിതയുടെ തുടക്കം . കാണുന്നത് ഒരു വശം മാത്രമാണ്. മറുവശത്തും തുടരുന്ന ആപ്പിള്‍ എങ്ങനെ കാണും? ആപ്പിള്‍ തിരിക്കാം എന്നു കവി. ആപ്പിള്‍ പതുക്കെ തിരിച്ചുകൊണ്ട് അനുസ്യൂതമായ ഒരു കാഴ്ച്ചയുടെ പ്രതീതി സൃഷ്ടിക്കാം. സ്മരണയാല്‍ അകമേ ഉദ്ഗ്രഥിച്ചും ഈ പ്രതീതിയെ പൂരിപ്പിക്കാം. അപ്പോഴും കാണുന്നത് ആപ്പിളിന്റെ പുറം മാത്രമാണ്, അകമല്ല. അകം കാണാന്‍ വേണ്ടി ആപ്പിള്‍ മുറിക്കാം. അപ്പോഴും കാണുന്നത് ഒരകം മാത്രം. ആ അകത്തിന് മുറിക്കും തോറും വേറേ വേറേ അകങ്ങള്‍. മുറിച്ചുമുറിച്ചങ്ങനെ പോയാല്‍ പരസഹസ്രം വര്‍ഷങ്ങള്‍ കൊണ്ടും കണ്ടുതീരില്ല താനീ ആപ്പിള്‍ എന്നു കവി. ഈ കവിത ആപ്പിളിനെക്കുറിച്ചു മാത്രമല്ല എന്നു സ്പഷ്ടം. കാഴ്ച്ചയെക്കുറിച്ചോ അറിയല്‍ എന്ന മനുഷ്യയത്‌നത്തിന്റെ അപൂര്‍ണ്ണതയെക്കുറിച്ചോ ആകാം. ആപ്പിള്‍ തിന്നുകയല്ല, കാണുകയാണ് കവിയും ചിത്രകാരനും. കാഴ്ച്ചയുടെ ഈ രൂപ(ക )സാധ്യതകള്‍ ആപ്പിളിനു മാത്രം സ്വന്തം. തന്റെ കവിജീവിതത്തിലെ പക്വവും പൂര്‍ണ്ണതയോടടുത്തതുമായ അന്തിമദശയെപ്പറ്റി റോബര്‍ട്ട് ഫ്രോസ്റ്റ് 'ആപ്പിള്‍ പറിക്കല്‍ ' എന്ന കവിതയെഴുതി. ഒരിക്കല്‍ സുന്ദരികളായ മൂന്ന് യവനദേവതമാരുടെ നടുവിലേയ്ക്ക് 'ഏറ്റവും സുന്ദരിയായവള്‍ക്ക് എന്നെഴുതിയ ഒരു സ്വര്‍ണ്ണആപ്പിള്‍ നിപതിച്ചപ്പോള്‍ അത് പാരിസിന് പരഭാര്യയായ ഹെലനോടു തോന്നിയ അനുരാഗത്തിന്റെയും അവരുടെ ഒളിച്ചോട്ടത്തിന്റെയും ഒരു മഹായുദ്ധത്തിന്റെയും അങ്ങനെ ഒരിതിഹാസത്തിന്റെയും നാന്ദിയായി മാറി. അതെ, ഒരാപ്പിള്‍ പലതായുരുണ്ടു നീങ്ങുകയാണ് നമ്മുടെ കലയുടെയും കവിതയുടെയും സംസ്‌കൃതിയുടെയും ചരിത്രത്തിലൂടെ; അവിരാമം.

Content Highlights: mashipacha sajay kv apple the forbidden fruit in paradise lost and other literature

ABOUT THE AUTHOR

സജയ് കെ.വി

കവി, അധ്യാപകന്‍, നിരൂപകന്‍, വിവര്‍ത്തകന്‍

More from this author
മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
Photo AP
Premium

4 min

ഇറാക്കിൽ അവർ ജൂതരായിരുന്നു, ഇസ്രയേലിൽ ഇറാക്കികളും; അവി ഷ്ലെയിമിന്റെ വേറിട്ട വീക്ഷണം

Oct 10, 2024


Fr. Abel, Jagathi Sreekumar
Premium

7 min

'ആ ജഗതി...ഞാനല്‍പ്പം തിരക്കിലായിപ്പോയി.' ജഗതി ആരാണെന്നറിയാത്ത ആബേലച്ചനും നടന്റെ സന്ദര്‍ശനവും!

Sep 20, 2024


Fr. Abel, Jayaram
Premium

6 min

'ആബേലച്ചന്‍ ജയറാമിനെ നോക്കി പറഞ്ഞു; രണ്ടെണ്ണം അടിച്ചോ, ഈ മൂഡില്‍ യാത്ര ചെയ്യണ്ട!' | കലാഭവന്‍ ഡയറീസ്‌

Oct 11, 2024


Kalabhavan Rahman
Premium

5 min

'കുറേ സിനിമകളിലൊക്കെ അഭിനയിച്ചതല്ലേ, നാണമാവൂലേ നിങ്ങള്‍ക്ക്?'- അയാള്‍ പരമപുച്ഛത്തോടെ ചോദിച്ചു

Oct 5, 2024

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-