സുരേഷ് ഗോപിയുടെ അവാര്‍ഡ്: സാനു മാഷിന്റെ തീരുമാനം ഉചിതം, ബി.ജെ.പിക്ക് പ്രതിഭകളുടെ ദൗര്‍ലഭ്യം- പു.ക.സ.


ഷബിത

4 min read
Read later
Print
Share

Suresh Gopi, M.K Sanu

പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെ പുരസ്‌കാരം സുരേഷ് ഗോപിക്ക് നല്‍കുന്നതില്‍നിന്നും പ്രൊഫ. എം.കെ. സാനുവിനെ പു.ക.സ.(പുരോഗമന കലാ സാഹിത്യ സംഘം) വിലക്കി എന്ന വാര്‍ത്തയെക്കുറിച്ച് പു.ക.സ എറണാകുളം ജില്ലാ സെക്രട്ടറി ജോഷി ഡോണ്‍ ബോസ്‌കോ വിശദീകരിക്കുന്നു.

To advertise here,

എം.കെ. സാനുമാഷിന് തൊണ്ണൂറ്റിയേഴ് വയസ്സുണ്ടെങ്കിലും പ്രായം അദ്ദേഹത്തിന്റെ ചിന്താശേഷിയെയോ തീരുമാനമെടുക്കാനുള്ള ശക്തിയെയോ ഒരുവിധത്തിലും ബാധിച്ചിട്ടില്ല. അദ്ദേഹം വളരെ പ്രാപ്തിയുള്ള ആളാണ്. കാര്യങ്ങള്‍ സ്വന്തമായി തീരുമാനിക്കാനുള്ള കെല്പുണ്ട്. പു.ക.സയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും പു.ക.സയുടെ പരിപാടികളിലെ സ്ഥിരസാന്നിധ്യവുമാണ്. സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹവുമായി ഞാന്‍
നിരന്തരം ആശയവിനിമയങ്ങള്‍ നടത്താറുണ്ട്, ഉപദേശങ്ങള്‍ തേടാറുമുണ്ട്. പു.ക.സ. എറണാകുളം ജില്ലാ കമ്മറ്റി പലകാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ്. അങ്ങനെയിരിക്കെയാണ് പണ്ഡിറ്റ് കറുപ്പന്റെ പേരിലുള്ള ഒരു അവാര്‍ഡ് പ്രഖ്യാപനം ഞങ്ങള്‍ വായിക്കാനിടയായത്. പണ്ഡിറ്റ് കറുപ്പന്റെ പേരില്‍ ഒരു സംഘടന ഏര്‍പ്പെടുത്തിയ അവാര്‍ഡ് സുരേഷ് ഗോപിക്ക് സാനു മാഷ് സമ്മാനിക്കും എന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.
എറണാകുളത്ത് ജനിച്ചുവളര്‍ന്ന ഒരാളെന്ന നിലയില്‍ പണ്ഡിറ്റ് കറുപ്പന്റെ പേരില്‍ ഒരുപാട് സ്ഥാപനങ്ങള്‍ എറണാകുളത്ത് പല സംഘടനകളും വ്യക്തികളും നടത്തിവരുന്നുണ്ട്. പണ്ഡിറ്റ് കറുപ്പന്‍ അനുസ്മരണയോഗങ്ങള്‍ നടത്തിവരുന്ന പ്രസ്ഥാനങ്ങളും കുറവല്ല. കേട്ടുശീലമില്ലാത്ത ഒരു സംഘടന, പണ്ഡിറ്റ് കറുപ്പന്റെ പേരില്‍ ഒരു പുരസ്‌കാരം സുരേഷ് ഗോപിക്ക് സാനുമാഷ് നല്‍കുന്നു എന്ന് കേട്ടപ്പോള്‍ അതില്‍ ഞങ്ങള്‍ക്ക് ഒരു അനൗചിത്യം തോന്നി.

സുരേഷ് ഗോപി ജാതിശ്രേണിയെ അംഗീകരിച്ചുകൊണ്ട് പരസ്യമായി പറയുന്നയാളാണ്. തന്റെ നിലവിലുള്ള ജാതിയേക്കാള്‍ ഉന്നതമായ ജാതിയില്‍ ജനിച്ചാല്‍ മതിയായിരുന്നു എന്നു പരസ്യമായി പറഞ്ഞയാളാണ് സുരേഷ് ഗോപി. ബ്രാഹ്‌മണനായാല്‍ മതിയായിരുന്നു എന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. അവസാനമായി ഈ പുരസ്‌കാരം വാങ്ങിയപ്പോഴും ബ്രാഹ്‌മണ ജാതിസ്‌നേഹം ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്. അത്തരത്തില്‍ ജാതിശ്രേണിയെ ആരാധിക്കുന്ന ഒരാള്‍ക്കൊപ്പം ആ നിലപാടിന് വിരുദ്ധമായി, ഒരു ആയുഷ്‌കാലമത്രയും ജാതിക്കെതിരായി, നിലകൊണ്ട വലിയൊരു പ്രസ്ഥാനത്തിന്റെ വക്താവായ പണ്ഡിറ്റ് കറുപ്പനെ ചേര്‍ത്തു വായിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ല. പണ്ഡിറ്റ് കറുപ്പന്റെ സംഭാവനകളെ അപമാനിക്കുന്നതിന് തുല്യമായിട്ടാണ് ഞങ്ങളതിനെ കാണുന്നത്.

സാനു മാഷുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ആളുകള്‍ എന്ന നിലയില്‍ യാതൊരു ഔപചാരികതയും കൂടാതെ അദ്ദേഹത്തെ എപ്പോള്‍ വേണമെങ്കിലും പോയി കാണാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്. അത്തരമൊരു കൂടിക്കാഴ്ചയില്‍ പല വിഷയങ്ങളും സംസാരിക്കുന്ന സമയത്ത് ഈ വിഷയത്തെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പറയാതെ തന്നെ അദ്ദേഹത്തിന് കാര്യങ്ങള്‍ വ്യക്തമാണ്. എന്നിരുന്നാലും ഞങ്ങള്‍ ഓര്‍മപ്പെടുത്തി. സുരേഷ് ഗോപി വ്യക്തിപരമായും സുരേഷ് ഗോപിയുടെ പാര്‍ട്ടി ദേശീയതലത്തിലും എടുത്തിട്ടുള്ള ജാതിസംബന്ധമായ നിലപാടുകളും പണ്ഡിറ്റ് കറുപ്പന്റെ ജീവിതരീതികളും തമ്മില്‍ പൊരുത്തപ്പെടില്ലെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച് ഉചിതമായ തീരുമാനത്തിലെത്തുന്നതാണ് എന്നദ്ദേഹം പറഞ്ഞു. പിന്നീട് അതേക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. ഞങ്ങളുടെ പ്രേരണയാല്‍ മാറ്റാവുന്ന തീരുമാനമല്ല അദ്ദേഹത്തിന്റേത്. ഞങ്ങളേക്കാള്‍ അറിവും ഔന്നത്യവുമുള്ള വ്യക്തിത്വമാണ് സാനു മാഷ്. അദ്ദേഹം പരിപാടിക്ക് പോകുന്നില്ല എന്ന് സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തതാണ്.

എം.കെ. സാനു, ജോഷി ഡോണ്‍ബോസ്‌കോ

പ്രധാനമന്ത്രിയുടെ യുവം പരിപാടിയില്‍ പങ്കെടുത്തു, ബാലഗോകുലത്തിന്റെ ഘോഷയാത്രയില്‍ പതാക കൈമാറി എന്നൊക്കെയുള്ള വാദങ്ങള്‍ എത്ര ബാലിശമാണ്. സാനു മാഷ് എല്ലാവരോടും വളരെ സൗഹാര്‍ദ്ദപരമായി ഇടപെടുന്നയാളാണ്. എറണാകുളത്തെ ഒരു ബി.ജെ.പി. യുവനേതാവ് അദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥിരസന്ദര്‍ശനം നടത്താറുണ്ട്. സാനു മാഷിന് സൗഹൃദത്തില്‍ രാഷ്ട്രീയമില്ല. പ്രധാനമന്ത്രിയുടെ പരിപാടിയെ സംബന്ധിച്ച് ഞാന്‍ മനസ്സിലാക്കിയത് പറയാം. അദ്ദേഹം ആ പരിപാടിയുടെ അതിഥിയായിട്ട് പോയതല്ല. അദ്ദേഹത്തിന്റെ സുഹൃത്തിന്റെയൊപ്പം ഇടയ്ക്ക് റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹത്തിന്റെയൊപ്പം പോകുമ്പോള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ തന്നെ ഈ വേദിയില്‍ കൂടി പോയാലോ എന്ന അഭിപ്രായം വരികയാണുണ്ടായത്. സുഹൃത്തിനൊപ്പം ശ്രോതാക്കളുടെ കൂട്ടത്തില്‍ കുറച്ചുനേരം ഇരുന്നു തിരികെ വന്നു. അതില്‍ക്കൂടുതല്‍ പ്രാധാന്യമൊന്നും അദ്ദേഹം ആ പരിപാടിക്ക് കൊടുത്തിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാതെ ക്ഷണിക്കപ്പെട്ട വേദിയില്‍ അതിഥിയായി പോയതല്ല അദ്ദേഹം. അത്തരത്തിലുള്ള ഒരാഥിത്യവും സ്വീകരിക്കുന്നയാളല്ല പു.ക.സയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്നുകൂടി നിങ്ങള്‍ മനസ്സിലാക്കണം. വര്‍ഗീയതയെ വളരെ വ്യക്തമായും നിശിതമായും എതിര്‍ക്കുന്ന, ശക്തമായ ബോധ്യങ്ങള്‍ ഉറക്കെ വിളിച്ചുപറയുന്ന, ആളാണ് സാനു മാഷ്. അദ്ദേഹത്തിന് വര്‍ഗീയതയോട് ഒരിക്കലും സന്ധി ചെയ്യാനാവില്ല.

വി.എച്ച്.പിയോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി എന്നാണ് പറഞ്ഞിരിക്കുന്നത്. ജാതിക്കുമ്മി എഴുതിയ മഹാനായൊരു സോഷ്യലിസ്റ്റിനെ വിശ്വഹിന്ദു പരിഷത്തുമായി എങ്ങനെ വിളക്കിച്ചേര്‍ത്താലും ചേരുമോ? ഇത്തരം സംഭവങ്ങള്‍ പലപ്പോഴും സംഭവിക്കുന്നു. അതിന്റെ ധാര്‍മികവശങ്ങള്‍ പുരോഗമനസമൂഹം പരിശോധിക്കേണ്ടതുണ്ട്. ഒരു മഹാനായ വ്യക്തിയുടെ പേരിന് പ്രത്യേക പേറ്റന്റ് ആര്‍ക്കും എടുക്കാന്‍ സാധിക്കാത്തതാണ്. മഹത്തായ വ്യക്തിത്വങ്ങളെ അനുസ്മരിക്കുമ്പോള്‍ അവരുടെ നിലപാടുകള്‍ക്ക് നിരക്കുന്ന രീതിയില്‍ അനുസ്മരിക്കണം എന്നത് ഒരു സാമാന്യനീതിയാണ്. ഇന്ത്യയിലെ പല സാമൂഹികപരിഷ്‌കര്‍ത്താക്കളെയും ബി.ജെ.പി. അവരുടെ പാരമ്പര്യത്തോടു കൂട്ടിച്ചേര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഗൗരവമായിട്ടു കാണേണ്ടതുണ്ട്. ഇത് പുതിയ സംഭവമല്ല. ജീവിച്ചിരിക്കുമ്പോള്‍ ഒരു വിധത്തിലും ഹിന്ദുത്വ ആശയങ്ങളെയോ നിലപാടുകളെയോ പ്രോത്സാഹിപ്പിക്കാത്ത വ്യക്തിത്വങ്ങളെ മരണശേഷം ബി.ജെ.പിയുടെ പ്രചരണത്തിന്റെ ഭാഗമാക്കി മാറ്റി ബി.ജെ.പിയുടെ ആശയങ്ങളുടെ പ്രചാരകരായിരുന്നു എന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ബി.ജെ.പിയുടെ ഒരു രീതിയാണ്. ദേശീയാടിസ്ഥാനത്തില്‍ അവര്‍ ഇത് ചെയ്തുവരുന്നുണ്ട്. ബി.ജെ.പിയുടെ ആശയങ്ങളോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയാത്ത, അവരെ നിശിതമായി വിമര്‍ശിച്ച, അക്ഷരാര്‍ഥത്തില്‍ ജാതിവിരുദ്ധനായിട്ടുള്ള ആളാണ് പണ്ഡിറ്റ് കറുപ്പന്‍. വിശ്വഹിന്ദു പരിഷത്ത് അദ്ദേഹത്തിന്റെ പേരില്‍ വിചാരവേദിയുണ്ടാക്കി ആ പാരമ്പര്യത്തോട് കൂട്ടിക്കെട്ടാനുള്ള ശ്രമത്തെയാണ് പു.ക.സ. വിമര്‍ശിക്കുന്നത്. ഒരുപാട് കാലമായി സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. ഈ സംഘടനയെക്കുറിച്ച് ഞാന്‍ അുത്തകാലത്തൊന്നും കേട്ടിട്ടില്ല.

സാംസ്‌കാരികയിടങ്ങളിലെ തീവ്രമത-ജാതിസംഘടനകളുടെ നുഴഞ്ഞുകയറ്റം ഈയടുത്തകാലത്ത് വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തെ പു.ക.സ. വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും ഇത്തരം സാംസ്‌കാരികപരമായ കബളിപ്പിക്കലുകള്‍ക്ക് വിധേയരായിട്ടുണ്ട്. സമൂഹം ആദരണീയരായിട്ടു കാണുന്ന സാംസ്‌കാരിക വ്യക്തിത്വങ്ങളുടെ ദൗര്‍ലഭ്യം ബി.ജെ.പി. അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്. ജനങ്ങള്‍ ആദരിക്കുന്ന, കലാവൈഭവമുള്ള, സാഹിത്യനിപുണരായിട്ടുള്ള, ആളുകള്‍ അവര്‍ക്കിടയില്‍ വളരെ കുറവാണ്. സമൂഹത്തില്‍ ആദരണീയരായിട്ടുള്ള ആളുകളുടെ സൗഹൃദം പിടിച്ചുപറ്റി അവരുടെ ഭാഗത്തേക്ക് ചേര്‍ത്തുനിര്‍ത്താനും അവരുടെ ആളുകളാണെന്ന് സ്ഥാപിക്കാനുമുള്ള പല തന്ത്രങ്ങളും അവര്‍ പയറ്റാറുണ്ട്.

പു.ക.സയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായിരുന്ന കഥാകൃത്ത് വൈശാഖനെപ്പോലും ഇതുപോലൊരു കെണിയില്‍ വീഴ്ത്താന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു ലഘുലേഖയുമായി വന്നു. ഇതിന്റെ പിറകിലെ തന്ത്രം മനസ്സിലാകാതെ വീട്ടില്‍ വന്നവരെന്ന നിലയില്‍ അദ്ദേഹം അത് വാങ്ങി. അപ്പോള്‍ ഒരു പടം എടുത്തോട്ടെ എന്നു ചോദിച്ചു. ലഘുലേഖ എന്താണെന്നുപോലും നോക്കാത്ത, എണ്‍പതു വയസ്സിനോടടുത്ത, വൈശാഖന്‍ മാഷ് ലഘുലേഖ സ്വീകരിക്കുന്ന ഫോട്ടോ അവരുടെ ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവന്നു; തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍. നാമമാത്ര പുരസ്‌കാരങ്ങളുടെ പേരിലും പുസ്തകപ്രകാശനത്തിന്റെ പേരിലും തെറ്റിദ്ധാരണ പരത്തി ഇളം തലമുറയിലുള്ള എഴുത്തുകാരെപ്പോലും അവര്‍ തെറ്റായി ഉപയോഗിക്കുന്നുണ്ട്. ജനങ്ങളുടെ അംഗീകാരം വാങ്ങിയിട്ടുള്ള ആളുകളെ എളുപ്പവഴിയിലൂടെ അവരുടെ വേദികളില്‍ എത്തിക്കാന്‍ സംഘപരിവാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഇത് പു.ക.സ. തിരിച്ചറിയുന്നുണ്ട്. ജാഗ്രതയോടെ ഇരിക്കാന്‍ ഈ രംഗത്തുള്ള എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

Content Highlights: M.K Sanu, Suresh Gopi, Pandit Karuppan, PuKaSa, Joshy Donbosco, Mathrubhumi

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
KT, Seentah

3 min

'മറുപടി തരാന്‍ കെ.ടി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അക്കാര്യങ്ങള്‍ പറയുന്നതില്‍ അര്‍ഥമില്ല'- സീനത്ത്

Mar 25, 2021


Vinu P
Premium

7 min

'മോര്‍ച്ചറികളില്‍ കെട്ടിക്കിടക്കുന്ന അനാഥമൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ എനിക്കൊരിടം വേണം'

Sep 18, 2024


Vinu P
Premium

7 min

'ഗര്‍ഭപാത്രത്തോടെ റെയില്‍പ്പാളത്തില്‍ നിന്നു കിട്ടിയ ആ കുഞ്ഞു ദേഹം മാത്രമാണ് മനസ്സില്‍ തട്ടിയത്'

Sep 12, 2024


prof. M.N Vijayan
Premium

7 min

പാര്‍ട്ടി മുമ്പ് വിളിച്ച മുദ്രാവാക്യങ്ങളെയെല്ലാം നിശ്ശബ്ദമാക്കി, വിജയന്‍ മാഷ് വേറെ വഴിക്ക് പോയി!

Oct 4, 2023

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-