സ്റ്റാർഷിപ്പ് വിക്ഷേപണം | Photo: SpaceX/X
വാഷിങ്ടണ്‍: വിക്ഷേപണത്തിന് പിന്നാലെ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് തകര്‍ന്നു. വ്യാഴാഴ്ച ടെക്‌സാസില്‍ നിന്ന് വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് പ്രോട്ടോടൈപ്പ് തകര്‍ന്നത്. സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടാവുന്ന അപകടമൊഴിവാക്കാന്‍ മെക്‌സിക്കന്‍ കടലിന് മുകളില്‍കൂടെ പോകേണ്ട ഏതാനും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
വെള്ളിയാഴ്ച വൈകുന്നേരം 5.38നായിരുന്നു സൗത്ത് ടെക്‌സസിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പരീക്ഷണ സാറ്റലൈറ്റിനേയും വഹിച്ചുകൊണ്ടുള്ള സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം. പറന്നുയര്‍ന്ന് എട്ട് മിനുട്ടുകള്‍ക്ക് ശേഷം സ്‌പേസ്എക്‌സ് മിഷന്‍ കണ്‍ട്രോളിന് സ്റ്റാര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടമായി. സ്റ്റാര്‍ഷിപ്പിന്റെ സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍നിന്ന് വിട്ടുമാറിയ അപ്പര്‍ സ്റ്റേജ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൂസ്റ്റര്‍ ലോഞ്ചിങ് പാഡിലേക്ക് എത്തി. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിനു മുകളില്‍ ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങള്‍ ആകാശത്ത് പരന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
'ഞങ്ങള്‍ക്ക് സ്റ്റാര്‍ഷിപ്പുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടമായി. അപ്പര്‍ സ്റ്റേജ് ഘട്ടത്തില്‍ അപാകതകളുണ്ടെന്നാണ് അത് വ്യക്തമാക്കുന്നത് എന്ന് സ്‌പേസ്എക്‌സ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ഡാന്‍ ഹൂത്ത് വ്യക്തമാക്കി.
വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നാലെ മിയാമി വിമാനത്താവളത്തില്‍ നിന്നുള്ള 20 വിമാനസര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. വിജയം സുനിശ്ചിതമല്ല, എന്നാല്‍ വിനോദം ഉറപ്പാണ് എന്നാണ് സ്റ്റാര്‍ഷിപ്പ് അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് മസ്‌ക് എക്‌സില്‍ കുറിച്ചത്.
മാര്‍ച്ചില്‍ നടത്തിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രശ്‌നം സംഭവിച്ചത്. എങ്കിലും ഇത് വ്യോമഗതാഗതത്തെ ബാധിക്കുന്നത് ആദ്യമായാണ്. 2023ലാണ് മസ്‌ക് സ്റ്റാര്‍ഷിപ്പ് വിക്ഷേപണങ്ങള്‍ ആരംഭിക്കുന്നത്. ഏഴാമത്തെ പരീക്ഷണമായിരുന്നു ഇന്നലത്തേത്. വലുതും ഭാരമേറിയതും ശക്തിയേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. വിക്ഷേപണത്തിന് ഇതിലുള്ള 71 മീറ്റര്‍ വലിപ്പമുള്ള ഹെവി ബൂസ്റ്റര്‍ ഭാഗത്തെ ലോഞ്ചിങ് പാഡിലെ മെക്കാസില്ലയെന്ന കൂറ്റൻ യന്ത്രക്കൈകളിലേക്ക് വിജയകരമായി തിരിച്ചെടുക്കാനായി. ഈ ദൗത്യം മസ്‌കിന്റെ സ്‌പേസ് എക്സ് കമ്പനി ഇതിന് മുന്‍പ് അഞ്ചാം പരീക്ഷണ ദൗത്യത്തിലാണ് ആദ്യമായി വിജയിപ്പിച്ചത്.
മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കുന്നതിനായി ലക്ഷ്യമിട്ട് സ്പേസ് എക്സ് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണ് സ്റ്റാര്‍ഷിപ്പ്. പുനരുപയോഗം സാധ്യമാവുന്ന ഈ വിക്ഷേപണ വാഹനം ചൊവ്വ, ചന്ദ്ര യാത്രകളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വാണിജ്യ വിക്ഷേപണങ്ങള്‍, ബഹിരാകാശ ടൂറിസം തുടങ്ങി പല വിധ വാണിജ്യ താല്‍പര്യങ്ങള്‍ സ്‌പേസ് എക്‌സിനുണ്ട്. ആര്‍ട്ടെമിസ് ഉള്‍പ്പടെ നാസയുടെ ഭാവി ദൗത്യങ്ങള്‍ക്കും ഈ വിക്ഷേപണ വാഹനം ഉപയോഗിക്കാനാവുമെന്നാണ് കരുതുന്നത്.
Content Highlights: eleon musk SpaceX Starship destroyed
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ വാട്സാപ്പിലൂടെ അറിയാം. ഗ്രൂപ്പില്‍ അംഗമാവൂ.. ക്ലിക്ക് ചെയ്യൂ... https://mbi.page.link/Tech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..