Jump to content

അകിൽ (Aquilaria malaccensis)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അകിൽ (വിവക്ഷകൾ) എന്ന താൾ കാണുക. അകിൽ (വിവക്ഷകൾ)

അകിൽ
Aquilaria malaccensis at Munnar
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Thymelaeaceae
Genus: Aquilaria
Species:
A. malaccensis
Binomial name
Aquilaria malaccensis
Lam.
Synonyms

A. agallocha[2][3]
A. secundaria,[2][3]
A. malaccense'[3]
Agalochum malaccense[3]

അകിൽ
സംസ്കൃതത്തിലെ പേര്അഗരു
വിതരണംഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ
രാസഘടങ്ങൾബാഷ്പശീലതൈലം, റെസിൻ
രസംകയ്പ്, എരിവ്
ഗുണംലഘു, രൂക്ഷം, തീക്ഷ്ണം
വീര്യംഉഷ്ണം
വിപാകം‍കടു
ഔഷധഗുണംദുഷ്ടവ്രണം, വാതരക്തം, ചൊറി,കുഷ്ഠം ഇവ ശമിപ്പിക്കും

ആയുർവേദത്തിലെ ഒരു ഔഷധ സസ്യമാണ്‌ അകിൽ (Aquilaria malaccensis). ഇത് ഹിന്ദിയിൽ अगर എന്നും ആംഗലേയ നാമം Eagle Wood , Agarwood എന്നും അറബിയിൽ ഊദ് (عود هندي)എന്നും ഇത് അറിയപ്പെടുന്നു. ഗ്രീക്കിൽ അലോ(Aloe) എന്നും ഹിബ്രുവിൽ അഹോലിം(Ahalim) എന്നും അറിയപ്പെടുന്നു. അകിൽ പലതരത്തിൽ കാണപ്പെടുന്നു എങ്കിലും, സാധാരണയായി കറുത്ത അകിലാണ്‌ ഔഷധങ്ങൾക്കായി കൂടുതലായും ഉപയോഗിക്കുന്നത്. ഇത് കൂടൂതലായും ത്വക്ക് രോഗങ്ങളുടെ ശമനത്തിനായും വാതത്തിന്റേയും കഫത്തിന്റേയും ദേഷങ്ങൾ അകറ്റുന്നതിനായി ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ നേത്രരോഗങ്ങൾക്കും കർണ്ണരോഗങ്ങൾക്കും സാധാരണ ഉപയോഗിക്കുന്നു[4]

സവിശേഷതകൾ

[തിരുത്തുക]
Aquilaria tree showing darker agarwood. Poachers had scraped off the bark to allow the tree to be come infected by the ascomycetous mold.

അകിൽ പലതരമുണ്ട്. അതിൽ കറുത്ത അകിലിനാണ് ഗുണം കൂടുതൽ. ഉഷ്ണവീര്യമാണ്. കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും. ഭൂട്ടാനിലും ഇന്ത്യയിൽ ഹിമാലയ പ്രദേശങ്ങളിലും ആസ്സാമിലും കേരളത്തിന്റെ ചില ഭാഗങ്ങളിൽ , പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിലും സാധാരണ കാണപ്പെടുന്നു. കേരളത്തിൽ കണ്ടുവരുന്ന പ്രധാന ഇനം വെള്ളകിൽ-ഡൈസോക്സിലം മലബാറിക്കം (Dysoxylum malabaricum) എന്ന് അറിയപ്പെടുന്നു. ഇത് വളരെ വലിയ മരമായി വളരുന്ന ഒരു സസ്യമായി കാണപ്പെടുന്നു. വർഷം മുഴുവൻ പൂക്കൾ ഉണ്ടാവുകയും കായ്ക്കുകയും ചെയ്യുന്ന ഈ മരത്തിൽ കാലപ്പഴക്കം മൂലം കാതൽ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ കാതലിന്‌ ചെറിയ തോതിൽ തേനിന്റേയും ചന്ദനത്തിന്റേയും സുഗന്ധമായിരിക്കും ഉണ്ടാവുക[4]. ശാഖകൾ കനം കുറഞ്ഞ് കാണാപ്പെടുന്ന ഇവയുടെ ഇലയ്ക്ക് ഏകദേശം 3"(മൂന്ന് ഇഞ്ച്) വീതിയുണ്ടാവും. കൂടാതെ പൂവിനും കായകൾക്കും വെളുത്ത നിറവും ആയിരിക്കും. അകിൽ ഗന്ധവർഗത്തിൽപ്പെട്ട ദ്രവ്യമായിട്ടാണ് ആയുർവേദത്തിൽ കണക്കാക്കുന്നത്.[4].

രസാദി ഗുണങ്ങൾ

[തിരുത്തുക]
  • രസം :കയ്പ്, എരുവ്
  • ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
  • വീര്യം :ഉഷ്ണം
  • വിപാകം :കടു[5]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

തടി, എണ്ണ [5]

തടിയും എണ്ണയുമാണ്‌ പ്രധാന ഔഷധങ്ങൾ. അകിൽ മരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ വൃണം, വിഷം, കുഷ്ഠം, ചൊറി എന്നീ അസുഖങ്ങൾക്കെതിരെയുള്ള ഔഷധമായി ആയുർവേദ ചികിത്സയിൽ ‍ ഉപയോഗിക്കുന്നു[4]. കൂടാതെ അരിമ്പാറ, ആണിരോഗം തുടങ്ങിയസുഖങ്ങൾക്ക് പൊൻകാരം അകിലിന്റെ എണ്ണ ചേർത്ത് ചാലിച്ച് പുരട്ടുന്നു[4]. ഇതിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്.

കൂടാതെ തകരയുടെ വേര്‌ അകിലെണ്ണയിൽ അരച്ച് നെറ്റിയിൽ തേച്ചുപിടിപ്പിച്ചാൽ തലവേദന മാറുന്നതായി ആയുർവേദത്തിൽ പറയുന്നു[4].

സുഗന്ധലേപനം

[തിരുത്തുക]

അറബികൾക്ക് ഏറ്റവും പ്രിയം നിറഞ്ഞ സുഗന്ധലേപനമാണ് ഊദ്.മരത്തടി, കൊള്ളി എന്നാണ് ഊദ് എന്ന വാക്കിനർഥം. അകിൽ ഉൾപ്പെടുന്നതും ഊദിനെയാണ്. കമ്പോഡിയ, ഇന്ത്യയിലെ ആസാം എന്നിവിടങ്ങളിൽ ഊദ് സമൃദ്ധമായി ഉത്പാദിപ്പിക്കുന്നത്.[6] ഏകദേശം 20 വർഷത്തോളം വളർച്ചയെത്തിയ അകിൽ മരത്തിന്റെ ചില ശാഖകളിൽ ഒരുതരം ഫംഗസ് രോഗം പിടിപെടുകയും രോഗം ബാധിച്ച ശാഖ ക്രമേണ കറുക്കുകയും സുഗന്ധവാഹിയായി തീരുകയും ചെയ്യുന്നു. ഇതിൽ സുഗന്ധം തങ്ങിനില്ക്കുന്ന കറ ആൽക്കഹോളിക സ്വേദനത്തിന് വിധേയമാകുമ്പോൾ ബാഷ്പശീലമുള്ള തൈലം ലഭിക്കുന്നു. ഈ തൈലം അഗർ അഥവാ അഗർ അത്തർ എന്നപേരിൽ അറിയപ്പെടുന്നു. അഗർ എന്ന സുഗന്ധതൈലം ലഭിക്കുന്നതിനാലാണ് ഈ വൃക്ഷത്തിന് അഗർ എന്ന പേര് സിദ്ധിച്ചത്. ഈ തൈലം സുഗന്ധ ലേപനങ്ങളിൽ ചേർക്കാറുണ്ട്. ഊദും ഊദിന്റെ അത്തറും എന്ന പേരിൽ ഇത് പ്രസിദ്ധമാണ്.

അകിൽകൂട്ട്

[തിരുത്തുക]

അകിൽ ഉൾക്കൊള്ളുന്ന സുഗന്ധദ്രവ്യങ്ങളുടെ ചേരുവ അകിൽ കൂട്ട് എന്നാണ് അറിയപ്പെടുന്നത്. അകിൽ, ചന്ദനം, കർപ്പൂരം, ഏലം, തേൻ മുതലായവയാണ് ഇതിൽ ഉൾപ്പെടുന്നത്. അകിൽ മണിയറകളിലും ഗൃഹപ്രവേശന വേളളിലും മയ്യിത്തിന്റെ അടുത്തും മറ്റും അകിൽ കൂട്ട് ഉപയോഗിക്കുന്ന സമ്പ്രദായം പണ്ട് മുതൽക്കു തന്നെ മലയാളി മുസ്ലിംകളിൽ ഉണ്ടായിരുന്നു. ഉലുവാൻ പുതക്കുക എന്നും ഇതറിയപ്പെടുന്നു. കുന്തിരിക്കവും സാമ്പ്രാണിയുമെല്ലാം ഉലുവാൻ കൂട്ടിൽ ഉപയോഗിക്കാറുണ്ട്. ഇത് പുകക്കാൻ പ്രത്യേകം പാത്രവും ഉണ്ടായിരിക്കും. [7]

കുറിപ്പുകൾ

[തിരുത്തുക]

കേരളത്തിൽ കരിന്താളി എന്ന പേരിൽ അറിയുന്ന, എബനേസിയ (Ebenaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഡയോസ്പിറസ് എബെനം (Diospirus ebenum) എന്ന വൃക്ഷത്തിന്റെ ചെറുകഷണങ്ങളെ കാരകിൽ എന്ന പേരിൽ കമ്പോളത്തിൽ വിപണനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് യഥാർഥ അകിലല്ല.

മിലിയേസി സസ്യകുടുംബത്തിൽപെടുന്നതും ഡൈസോക്സിലം മലബാറിക്കം (Dysoxylum Malabaricum) എന്ന ശാ.നാ. അറിയപ്പെടുന്നതുമായ വൃക്ഷമാണ് പൊതുവേ വെള്ളകിൽ എന്ന പേരിൽ അറിയപ്പെടുന്നത്.

ആയുർവേദ വിധിപ്രകാരം കയ്പ്, എരിവ് എന്നീ രസങ്ങളോടുകൂടിയതും, ലഘു, രൂക്ഷ, തീക്ഷ്ണ ഗുണങ്ങളുള്ളതും ഉഷ്ണ വീര്യത്തോടുകൂടിയതുമായ ഔഷധമാണ് യഥാർഥ അകിൽ. ഇതിന്റെ എണ്ണയും, തടിയും, ആമവാതം, സന്ധിവാതം, വ്രണം, വാതരക്തം, എന്നീ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു. അകിൽ പൊടിച്ച് തേനിൽ ചാലിച്ചു കഴിച്ചാൽ ഇക്കിൾ ശമിക്കും. അകിൽ, കടുക്, ഗുഗ്ഗുലു, ഗന്ധകം ഇവ ഒന്നിച്ചു ചേർത്തു പുകച്ച പുക ഏറ്റാൽ വ്രണം കരിയുകയും അന്തരീക്ഷത്തിലുള്ള രോഗാണുക്കൾ നശിക്കുകയും ചെയ്യും.

തരങ്ങൾ

[തിരുത്തുക]

The following species of Aquilaria produce agarwood:[8]

  • Aquilaria khasiana, found in India
  • Aquilaria apiculina, found in Philippines
  • Aquilaria baillonil, found in Thailand and Cambodia
  • Aquilaria baneonsis, found in Vietnam
  • Aquilaria beccarain, found in Indonesia
  • Aquilaria brachyantha, found in Malaysia
  • Aquilaria crassna found in Cambodia, Malaysia, Thailand, and Vietnam
  • Aquilaria cumingiana, found in Indonesia and Malaysia
  • Aquilaria filaria, found in China
  • Aquilaria grandiflora, found in China
  • Aquilaria hilata, found in Indonesia and Malaysia
  • Aquilaria malaccensis, found in Malaysia, Thailand, and India
  • Aquilaria microcapa, found in Indonesia and Malaysia
  • Aquilaria rostrata, found in Malaysia
  • Aquilaria sinensis, found in China
  • Aquilaria subintegra, found in Thailand

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; iucn എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 Broad, S. (1995) "Agarwood harvesting in Vietnam" TRAFFIC Bulletin 15:96
  3. 3.0 3.1 3.2 3.3 Anonymous (November 2003) "Annex 2: Review of Significant Trade: Aquilaria malaccensis" Significant trade in plants: Implementation of Resolution Conf. 12.8: Progress with the Implementation of Species Reviews (CITES PC14 Doc.9.2.2) Archived 2012-02-06 at the Wayback Machine. Fourteenth meeting of the Plants Committee, Convention on International Trade in Endangered Species of Wild Fauna and Flora, Windhoek, Namibia
  4. 4.0 4.1 4.2 4.3 4.4 4.5 ഡോ.കെ.രാമൻ നമ്പൂതിരിയുടേ അത്ഭുതഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും.താൾ 11-12,H&C Publishing House, Thrissure.
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. ഇസ്ലാമിക വിജ്ഞാനകോശം,ഐ.പി.എച്ച് 7/33
  7. ഇസ്ലാമിക വിജ്ഞാനകോശം,ഐ.പി.എച്ച് 1/54
  8. Ng, L.T., Chang Y.S. and Kadir, A.A. (1997) "A review on agar (gaharu) producing Aquilaria species" Journal of Tropical Forest Products 2(2): pp. 272-285

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകിൽ_(Aquilaria_malaccensis)&oldid=3977942" എന്ന താളിൽനിന്ന് ശേഖരിച്ചത്