Jump to content

അൻവർപാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Enver Paşa
1315 (1899) P.-4[1]
ഇസ്മായിൽ എൻവർ
ജനന നാമംഇസ്മായിൽ എൻവർ
ജനനം(1881-11-22)നവംബർ 22, 1881
Constantinople (present day: Istanbul), Ottoman Empire
മരണംഓഗസ്റ്റ് 4, 1922(1922-08-04) (പ്രായം 40)
Turkestan, RSFSR (present day: Tajikistan)
ദേശീയതഓട്ടോമൻ സാമ്രാജ്യം
പദവിBirinci Ferik, Minister of War
യൂനിറ്റ്Third Army
യുദ്ധങ്ങൾItalo-Turkish War, Balkan Wars, Battle of Sarikamish, Basmachi Revolt
മറ്റു തൊഴിലുകൾRevolutionary

തുർക്കിയിലെ യുവതുർക്കി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അൻവർപാഷ ( ജനനം: 1881 നവംബർ 23 - മരണം:1922 ഓഗസ്റ്റ് 4). അഹമ്മദ്ബേയുടെ മകനായി ഇദ്ദേഹം 1881 നവംബർ 23-ന് ഇസ്താംബൂളിൽ ജനിച്ചു.

തുർക്കി വിപ്ലവനേതാവ്

[തിരുത്തുക]

അശ്വാരൂഢ സൈന്യവിഭാഗത്തിൽ ക്യാപ്റ്റനായി സേവനം അനുഷ്ഠിക്കുന്ന കാലത്തായിരുന്നു സുൽത്താനായ അബ്ദുൽ ഹമീദ് II (1842-1918)ന്റെ ഭരണത്തിനെതിരായി നാട്ടിൽ ഉടനീളം വിപ്ലവം കൊടുമ്പിരിക്കൊണ്ടത്. സലോണിക്കയിലെ മൂന്നാം സൈന്യവിഭാഗത്തിൽ കഴിയുന്നകാലത്ത് അൻവർ,യുവതുർക്കികളുടെ രഹസ്യസംഘടനയായ ഇത്തിഹാദ്വിതെറാകിയിൽ പങ്കാളിയായി. ബൾഗേറിയരും ഗ്രീക്കുകാരുമായ ഗെറില്ലകൾക്കെതിരെ 1903-ൽ ഇദ്ദേഹം പട നയിച്ചു. 1908-ലെ തുർക്കി വിപ്ലവത്തിന്റെ നേതാവ് അൻവറായിരുന്നു. മുഹമൂദ്ഷൗക്കത്തുമൊന്നിച്ച് സുൽത്താൻ അബ്ദുൽഹമീദ് II-ആമനെ സ്ഥാനത്യാഗം ചെയ്യിക്കുന്നതിൽ ഈ വിപ്ലവം വിജയിച്ചു. കുറച്ചുകാലം ഇദ്ദേഹം മേജറായും മിലിറ്ററി അറ്റാഷേ ആയും ബർലിനിൽ കഴിയുകയും 1909-11 കാലഘട്ടത്തിൽ ജർമൻ യുദ്ധതന്ത്രത്തിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു.

യുവതുർക്കി

[തിരുത്തുക]

ഇറ്റലിയും തുർക്കിയും തമ്മിൽ യുദ്ധത്തിലേർപ്പെട്ടതോടെ അൻവർ ജർമനിവിട്ടു (1911); സൈറണിക്കയിൽവച്ച് ഇറ്റാലിയൻ സൈന്യങ്ങളെ ഉപരോധിച്ചു. ഈ ആക്രമണങ്ങളെപ്പറ്റി ട്രിപ്പോളി എന്ന കൃതിയിൽ അൻവർ വിവരിച്ചിട്ടുണ്ട്. ഒന്നാം ബാൾക്കൻ യുദ്ധകാലത്ത് (1912-13) അൻവർ ആഫ്രിക്കയിലായിരുന്നു. അവിടെനിന്നും മടങ്ങി 1913 ജനുവരി 13-ന് യുവതുർക്കിവിപ്ലവത്തിൽ പങ്കെടുത്ത് ദേശീയനേതൃത്വത്തിലേക്ക് ഉയർന്നു. യുവതുർക്കികൾ അധികാരത്തിൽ വന്നതോടെ അൻവർ സൈനികമേധാവിയുമായിത്തീർന്നു. 1913 ജൂലൈ 22-ന് ബൾഗേറിയയിൽനിന്ന് എഡേൺ (അഡ്രീയനോപ്പിൾ) പിടിച്ചെടുത്തു. 1914 ജനുവരി 3-ന് ഇദ്ദേഹം തുർക്കിയിലെ യുദ്ധകാര്യമന്ത്രിയായി. ഒന്നാം ലോകയുദ്ധത്തിൽ തുർക്കി പരാജയപ്പെട്ടതോടെ അൻവർ ഒഡേസ വഴി ജർമനിയിലെത്തി. 1919-ൽ ഇദ്ദേഹം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. എങ്കിലും രക്ഷപ്രാപിച്ച് റഷ്യയിൽ എത്തി. അവിടെ ബോൾഷേവിക്കുകളുമൊന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങി. തുർക്കിസ്ഥാനിലേക്കയയ്ക്കപ്പെട്ട അൻവർ അവിടത്തെ വിപ്ലവകാരികളുമായി സഹകരിച്ച് സോവിയറ്റ് റഷ്യക്കെതിരായി തിരിഞ്ഞു. ചുവപ്പു സൈന്യവുമായി ബുഖാറായ്ക്കടുത്തുവച്ചുണ്ടായ ഏറ്റുമുട്ടലിൽ അൻവർ വധിക്കപ്പെട്ടു (1922 ഓഗസ്റ്റ് 4).

പുറംകണ്ണികൾ

[തിരുത്തുക]
  1. Harp Akademileri Komutanlığı, Harp Akademilerinin 120 Yılı, İstanbul, 1968, p. 46. (in Turkish)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൻവർപാഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൻവർപാഷ&oldid=3677550" എന്ന താളിൽനിന്ന് ശേഖരിച്ചത്