Jump to content

കണ്ണാന്തളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണാന്തളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
E. tetragonum
Binomial name
Exacum tetragonum
Synonyms
  • Canscora justicioides Griff. ex Voigt
  • Exacum albens Blanco
  • Exacum bellum Hance
  • Exacum bicolor Roxb.
  • Exacum cambodianum Dop
  • Exacum chironioides Griseb.
  • Exacum grandiflorum Wall. ex G.Don [Illegitimate]
  • Exacum horsfieldianum Miq.
  • Exacum metzianum Hohen. ex C.B.Clarke
  • Exacum parviflorum Merr.
  • Exacum perrottetii Griseb.
  • Exacum stylosum Wall. ex G.Don
  • Exacum tetragonum var. bicolor (Roxb.) Hook.
  • Exacum tetragonum var. stylosum (Wall. ex G. Don) C.B. Clarke
  • Exacum tetrapterum Meyen ex Griseb.
  • Exacum tricolor Zoll. & Moritzi

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്ന ഒരു ചെടിയാണ് കണ്ണാന്തളി. ദക്ഷിണേന്ത്യയിലെ ഒരു സ്ഥാനിക (endemic) സസ്യമാണിത്[1]. കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഓഷധി വർഗ്ഗത്തിൽ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി. 50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽ കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഒരു ഏകവർഷി സസ്യമാണിത്.ഓണക്കാലത്ത് ഇവ കൂടുതലായി കാണുന്നതുകൊണ്ട് പൂക്കളത്തിലും മറ്റും ഇവയുടെ പൂക്കൾ ഉപയോഗിക്കാറുണ്ട്. (ശാസ്ത്രീയനാമം: Exacum tetragonum).

മറ്റുപേരുകൾ

[തിരുത്തുക]

ഉത്തരകേരളത്തിൽ പലയിടങ്ങളിലും ഓണപ്പൂവ് എന്ന പേരിലും മലപ്പുറം ജില്ലയിൽ കാച്ചിപ്പൂ എന്ന പേരിലും അറിയപ്പെടുന്നു. അഞ്ചെട്ടു ദശാബ്ദം മുൻപു വരെ ഓണക്കാലത്ത് തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കുന്നതിന് കണ്ണാന്തളിപ്പൂക്കൾ ഉപയോഗിച്ചിരുന്നു. ഓണക്കാലത്ത് വിരിയുന്നതിനാലാകണം ഇതിന് ഓണപ്പൂവ് എന്ന പേര് ലഭിച്ചത്. മുസ്ലിം സ്ത്രീകൾ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കാച്ചിമുണ്ടിന്റെ കരയുടെ നിറമുള്ളതിനാലാണ് കാച്ചിപ്പൂ എന്നറിയപ്പെടുന്നത്[1]. വടക്കൻ കേരളത്തിൽ തൃശ്ശൂർ, മലപ്പുറം, വയനാടു് ജില്ലകളിൽ പറമ്പൻപൂവു്, കൃഷ്ണപൂവ് എന്നീ പേരുകളിലും ഈ പൂവ് അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഇംഗ്ലീഷിൽ പേർഷ്യൻ വയലറ്റ്, ജെർമ്മൻ വയലറ്റ് എന്നും സംസ്കൃതത്തിൽ അക്ഷിപുഷ്പി എന്നും അറിയപ്പെടുന്നു. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ സത്ത് കണ്ണിലൊഴിക്കുന്നതിനാലായിരിക്കണം കണ്ണാന്തളിയെന്ന് മലയാളത്തിലും അക്ഷീപുഷ്പിയെന്ന് സംസ്‌കൃതത്തിലും അറിയപ്പെടുന്നത്[1].

വർഗ്ഗീകരണം

[തിരുത്തുക]

ജൻഷ്യാനേസീ (Gentianaceae) സസ്യകുടുംബത്തിലാണ് ഈ സസ്യത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 87 ജനുസ്സുകളിലായി 1500-ൽ അധികം സ്പീഷിസുകൾ ഈ സസ്യകുടുംബത്തിൽ ഉണ്ട്. എക്‌സാകം ബൈകളർ (Exacum bicolor) എന്നാണ് ശാസ്ത്രനാമം. എക്‌സാകം ജനുസ്സിൽ പെട്ട 13 സ്പീഷിസുകൾ കേരളത്തിൽ കണ്ടുവരുന്നുണ്ട്. കണ്ണാന്തളിയുടെ ഇംഗ്ലീഷ് നാമം Bicolor Persian Violet എന്നാണ്.

സവിശേഷതകൾ

[തിരുത്തുക]

ആഗസ്ത് മുതൽ നവംബർ വരെയാണ് നമ്മുടെ നാട്ടിൽ കണ്ണാന്തളിയുടെ പൂക്കാലം. വിരിഞ്ഞു കഴിഞ്ഞാൽ ഒരാഴ്ചയിലധികം കാലം കൊഴിയാതെ നിൽക്കുന്ന പൂക്കളാണ് ഇവയ്ക്കുള്ളത്[1]. ഇടവപ്പാതിയോടെ മുളപൊട്ടുന്ന കണ്ണാന്തളിയുടെ തണ്ട് ചതുരാകൃതിയിലാണ്.അൽപം നീണ്ടതും പത്ര ഞരമ്പുകൾ വ്യക്തമായി കാണാവുന്നതുമായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കും. 25 സെന്റിമീറ്റർ മുതൽ 90 സെന്റിമീറ്റർ വരെ ഉയരത്തിൽ ഇവ വളരാറുണ്ട്. ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകളിലാണെങ്കിൽ 120 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്നു. പൂക്കൾ വിരിയാൻ തുടങ്ങിയാൽ ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങൾ സന്ധ്യയാകുന്നതോടെ കൂമ്പുകയും പിറ്റേന്ന് കാലത്ത് വീണ്ടും വിടരുകയും ചെയ്യും. പിന്നീട് ഒരാഴ്ചയിലധികം കൂമ്പാതെ നിൽക്കും. രണ്ട് അറകളുള്ള ചെറിയ ഫലത്തിൽ അനേകം ചെറുവിത്തുകൾ കാണപ്പെടുന്നു. വിത്തുകൾക്ക് ഭാരം കുറവാണ് 150 വിത്തുകൾ എടുത്താൽ ഒരു ഗ്രാം തൂക്കം മാത്രമേ വരൂ[1].

ഓർക്കിഡ് പൂക്കളെപ്പോലെ മനോഹരങ്ങളാണ് കണ്ണാന്തളിപ്പൂക്കൾ. ദളങ്ങളുടെ അറ്റം നീല നിറത്തിലോ വയലറ്റ് നിറത്തിലോ ആണ്. കേസരങ്ങൾക്ക് സ്വർണ്ണ മഞ്ഞ നിറമാണ്. പൂക്കൾ പഴകുന്തോറും ദളങ്ങളുടെ അറ്റത്തെ നീല/വയലറ്റ് നിറങ്ങൾ ദളങ്ങളുടെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.മഴക്കാലം കഴിയുന്നതോടെ ഉണങ്ങിപ്പോകുന്ന കണ്ണാന്തളിച്ചെടികൾ അടുത്ത മഴക്കാലത്തോടെ വീണ്ടും തളിർക്കുകയും പുതിയ സസ്യമായി വളരുകയും ചെയ്യുന്നു. വിത്തുകളിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്നത് വളരെ കുറവാണ്. ഏകദേശം അഞ്ച് ശതമാനം വിത്തുകൾ മാത്രമേ മുളയ്ക്കാറുള്ളൂ എന്നാണ് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത്[അവലംബം ആവശ്യമാണ്].

ഔഷധോപയോഗം

[തിരുത്തുക]

നേത്രരോഗങ്ങൾക്ക് ഈ സസ്യം സമൂലമെടുത്ത് ഇടിച്ചുപിഴിഞ്ഞ് തയ്യാറാക്കുന്ന സത്ത് കണ്ണിലൊഴിക്കുന്നത് നല്ലതാണ്. ചില തരം ത്വക്‌രോഗങ്ങൾ, വയറുവേദന, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. നീരിന് കയ്പുരസമുള്ളതിനാൽ ചില വൈദ്യന്മാർ പ്രമേഹ ചികിൽസയിലും ഉപയോഗിക്കാറുണ്ട്[1]. ഈ സസ്യത്തിനു് തിക്തരസവും ലഘുഗുണത്തോടുകൂടിയ ശീതവീര്യവുമാണു്. കഷായങ്ങളിൽ ചേരുവയായി കണ്ണാന്തളി ഉപയോഗിക്കുന്നു [2].

വംശനാശം

[തിരുത്തുക]

ഇടനാടൻ കുന്നുകളുടേയും പുൽമേടുകളുടെയും നാശം കണ്ണാന്തളിയടക്കമുള്ള ഒട്ടേറെ നാട്ടുസസ്യങ്ങളെ വംശനാശത്തിന്റെ വക്കത്ത് എത്തിച്ചിരിക്കുകയാണ്[1].

സാഹിത്യത്തിൽ

[തിരുത്തുക]

എം.ടി വാസുദേവൻനായരുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന കൃതിയിൽ ഈ പൂവിനെ പരാമർശിക്കുന്നുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 വി. സി ബാലകൃഷ്ണൻ (26 മേയ് 2013). കണ്ണാന്തളി (പുസ്തകം-1, ലക്കം-1 ed.). തൃശ്ശൂർ: കൂട് മാസിക. p. 43. Archived from the original on 2015-03-22. Retrieved 27 സെപ്റ്റംബർ 2014.
  2. http://ayurvedicmedicinalplants.com/plants/1562.html Archived 2009-07-24 at the Wayback Machine. കണ്ണാന്തളിയെക്കുറിച്ച് അല്പം വിവരണം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കണ്ണാന്തളി&oldid=3627483" എന്ന താളിൽനിന്ന് ശേഖരിച്ചത്