കോഴിവേഴാമ്പൽ
കോഴിവേഴാമ്പൽ (Malabar Grey Hornbill) | |
---|---|
Female with dark base of lower bill (Thattekad, Kerala) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. griseus
|
Binomial name | |
Ocyceros griseus (Latham, 1790)
| |
Synonyms | |
Tockus griseus |
സഹ്യപർവതവനനിരകളിൽ മാത്രം കാണുന്ന ഒരു തദ്ദേശീയ (Endemic) കാട്ടുപക്ഷിയാണ് കോഴിവേഴാമ്പൽ[2] [3][4][5] (Malabar Grey Hornbill, Ocyceros griseus). പരുക്കൻ ശബ്ദം മുഴക്കി പറന്നു നടക്കുന്ന കോഴിവേഴാമ്പൽ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്. ഒരിടത്തും അടങ്ങിയിരിക്കുന്ന പ്രകൃതമല്ല കോഴിവേഴാമ്പലിന്റേത്, അവയുടെ ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകർഷിക്കും. കേരളത്തിൽ ഇവ പൊട്ടൻ വേഴാമ്പൽ, മഴയമ്പുള്ള് എന്നൊക്കെ അറിയപ്പെടുന്നു.നെല്ലിയാമ്പതിയിൽ ചരടൻ കോഴി എന്നാണ് പറയുന്നത്.[6]
കോഴിവേഴാമ്പലിന്റെ പ്രത്യേകതകൾ
[തിരുത്തുക]തിരിച്ചറിയാൻ
[തിരുത്തുക]ഒരു പരുന്തിനോടൊപ്പം വലിപ്പമുള്ള കോഴിവേഴാമ്പലിന്റെ പുറം തവിട്ടു കലർന്ന ചാരനിറമാണ്. തൊണ്ടയിലും നെഞ്ചിലും അൽപം വെളുപ്പുനിറം കാണാം. ചിറകുകളുടെ കീഴ്‌പകുതിയും വാലും കറുപ്പുനിറമാണ്. വാലിലെ നടുക്കുള്ള തൂവലുകൾ ഒഴിച്ച് മറ്റു തൂവലുകളുടെ അറ്റം വെളുപ്പാണ്. ചിറകുകളിലെ വലിയ തൂവലുകളുടെ അഗ്രവും വെളുപ്പാണ്. കണ്ണിനു മുകളിൽ ഒരു വെളുത്ത പുരികം കാണാം, പെൺപക്ഷിയുടെ കൊക്ക് മഞ്ഞനിറത്തിലും ആൺപക്ഷിയുടെ കൊക്ക് ഓറഞ്ചുകലർന്ന ചുവപ്പുനിറത്തിലുമാണ് കാണപ്പെടുക. കോഴിയുടെ ശബ്ദത്തോടു സാമ്യമുള്ള ഇവയുടെ ചിലയ്ക്കൽ പെട്ടെന്നു തിരിച്ചറിയാം.
ആഹാരം
[തിരുത്തുക]പഴങ്ങളാണ് കോഴിവേഴാമ്പലിന്റെ പ്രധാനഭക്ഷണം. കൂടാതെ ചെറുപ്രാണികളെയും പല്ലികളെയും ഓന്തുകളെയും ഭക്ഷിക്കാറുണ്ട്.[7] ആൽ, പേരാൽ, കാരകം, വാഴപുന്ന, കുളമാവ്, വട്ട, അകിൽ, ഞാവൽ മുതലായവയുടെ പഴങ്ങൾ ഭക്ഷിക്കാൻ കോഴിവേഴാമ്പൽ കൂട്ടമായ് എത്താറുണ്ട്. മറ്റിനം വേഴാമ്പലുകളെ പോലെ പഴം വായുവിലെറിഞ്ഞ് കൊക്കുകൊണ്ട് പിടികൂടുന്ന സ്വഭാവം കോഴിവേഴാമ്പലിനുമുണ്ട്. കാട്ടിലവ്, പ്ലാശ്, മുരിക്ക് മുതലായ പൂക്കുമ്പോൾ തേൻകുടിക്കാനും ഇവ എത്താറുണ്ട്.
പ്രജനനകാലം
[തിരുത്തുക]പ്രജനനകാലത്ത് ഇവ ഒന്നിനു പുറകേ ഒന്നായി ശബ്ദകോലാഹലത്തോടെ പറന്നു നടക്കുന്നു. ആൺ പെൺ പക്ഷികളുടെ ശൃംഗാരനടനം കണ്ടാൽ കോമാളിക്കളികൾ ആണെന്നു തോന്നും.
മുട്ടയിടാൻ കാലമായാൽ പെൺ വേഴാമ്പൽ കൂടിനു യോജ്യമായ ഒരു മരപ്പൊത്തു കണ്ടെത്തി അതിനകത്ത് ഇരുപ്പുറപ്പിക്കുന്നു. ആൺപക്ഷിക്ക് ഭക്ഷണം എത്തിക്കാനുള്ള ഇടം മാത്രം അവശേഷിപ്പിച്ച് കവാടം പെൺപക്ഷി മരപ്പൊടിയും സ്വന്തം കാഷ്ഠവും ഉപയോഗിച്ച് അടക്കുന്നു. മൂന്നോ നാലോ വെളുത്തമുട്ടകളാണിടുക. മുട്ട വിരിയാൻ ഏകദേശം 40 ദിവസമെടുക്കും. ജനിക്കുന്ന കുഞ്ഞുങ്ങളുടെ ദേഹത്ത് തൂവൽ മുളയ്ക്കാൻ 46 ദിവസത്തോളം കഴിയണം.[7]
ആൺപക്ഷിയാണ് പെൺപക്ഷിക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം തേടിപ്പിടിക്കുന്നതും എത്തിക്കുന്നതും. പഴങ്ങളാണ് മുഖ്യ ആഹാരമെങ്കിലും കുഞ്ഞുങ്ങൾക്കായി അരണ, പുൽച്ചാടി മുതലായവയേയും കൊണ്ടു നൽകാറുണ്ട്.
പൊതുവേ ശബ്ദകോലാഹല പ്രിയനും കോമാളിയുമായി ഭാവിക്കുന്ന കോഴിവേഴാമ്പൽ പ്രജനനകാലത്ത് തികഞ്ഞ ഗൗരവക്കാരനും നിശ്ശബ്ദനും ആണ്. കൂട്ടിലേക്കുള്ള വരവും പോക്കും എല്ലാം അതീവ രഹസ്യമാണ്. ദൂരെയെവിടെയെങ്കിലും നിശ്ശബ്ദനായി ഇരുന്ന് പരിസരവീക്ഷണം നടത്തിയതിനു ശേഷം മാത്രമേ കൂട്ടിന്റെ പരിസരത്തേക്കു ചെല്ലാറുപോലുമുള്ളു.
കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത് കോഴിവേഴാമ്പലിന്റെ ശബ്ദമാണ്. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാൽ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ഈ പക്ഷിയേ ഗുരുതരമായിട്ടായിരിക്കും ബാധിക്കുക.
അവലംബം
[തിരുത്തുക]- ↑ BirdLife International (2020). "Ocyceros griseus". IUCN Red List of Threatened Species. 2020. Retrieved 10 December 2020.
{{cite journal}}
: Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 499. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help) - ↑ malabar grey hornbill- NA Naseer, പേജ്92, മാതൃഭൂമി യാത്ര മാസിക, ജൂലായി2014
- ↑ 7.0 7.1 https://children.manoramaonline.com/padhippura/malabar-grey-hornbill.html
കൂടുതൽ ചിത്രങ്ങൾ
[തിരുത്തുക]-
കോഴിവേഴാമ്പൽ
-
കോഴിവേഴാമ്പലിന്റെ ശബ്ദം. കുടജാദ്രി, മൂകാംബിക വന്യജീവി സങ്കേതത്തിൽ നിന്ന്
-
Molem, Goa, India Nov 1997