Jump to content

ജപ്പാൻ ജ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജപ്പാൻ ജ്വരം
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

ജപ്പാൻ ജ്വരം
Virus classification
Group:
Group IV ((+)ssRNA)
Family:
Genus:
Species:
ജപ്പാനീസ് എന്സെഫാലിടിസ് വൈറസ്

തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ് ( Japanese encephalitis). ഇത് ഒരു ജന്തുജന്യരോഗം ( Zoonosis) ആണ്. 1871 ൽ ആദ്യമായി ജപ്പാനിൽ റിപ്പോർട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഇങ്ങനെ പേരു വന്നത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. 1956-ൽ ആണ് ഇന്ത്യയിൽ ആദ്യമായി (തമിഴ് നാട്ടിൽ) ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സർവ്വേ പ്രകാരം ഇന്ത്യയിൽ പരിസര ശുചിത്വത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലകളായ ഉത്തർപ്രദേശിലെ ഗൊണ്ട, ബസി എന്നിവ ഗൊരഖ്പൂരിനടുത്താണ്. ഈ ജില്ലകളിലാണ് ജപ്പാൻ ജ്വരം എറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്

രോഗകാരണം

[തിരുത്തുക]

ഒരു തരം വൈറസാണ് രോഗകാരണം. പകരുന്നത് ക്യൂലെക്സ് കൊതുകു വഴിയാണ്. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്. ഈഡിസ് ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുമ്പോൾ ക്യൂലെക്സ് കൊതുകുകൾ മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ്.

പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകൾക്ക് വൈറസിനെ ലഭിക്കുന്നത്. ഈ കൊതുകുകൾ മനുഷ്യനെ കടിക്കുമ്പോൾ അവർക്ക് രോഗം വരുന്നു. എന്നാൽ മനുഷ്യനിൽ നിന്നും വേറൊരാൾക്ക് കൊതുകുകളിലൂടെ പോലും രോഗം പകരില്ല (accidental host). വീട്ടിൽ കന്നുകാലികൾ ഉണ്ടെങ്കിൽ കൂടുതൽ കടി അവ ഏറ്റു വാങ്ങുന്നതിനാൽ മനുഷ്യർ കുറെയൊക്കെ രക്ഷപ്പെടാനും സാധ്യതയുണ്ട് (dampening host)

രോഗ ലക്ഷണങ്ങൾ

[തിരുത്തുക]

ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും ഓർമക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം, തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. മസ്തിഷ്കത്തെ ബാധിക്കുന്ന ഈ രോഗം മൂർഛിച്ചാൽ മരണവും സംഭവിക്കാം.

വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിനും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനുമിടയിൽ അഞ്ചുദിവസം മുതൽ മൂന്ന് ആഴ്ചകൾ വരെ കടന്നുപോയേക്കാം. കുട്ടികളുടെ ആർജ്ജിത പ്രതിരോധശേഷി പൊതുവിൽ കുറവായതിനാൽ അവരെയാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്. ഏതൊരു വൈറസ് രോഗത്തെയുംപോലെ കടുത്ത പനിയും പേശീവേദനയും തുടക്കത്തിൽ കണ്ടുവരുന്നു. സാധാരണ വൈറസ് രോഗങ്ങളിൽ കാണുന്ന തൊലിപ്പുറമേയുള്ള പാടുകൾ ഈ രോഗത്തിൽ കാണാറില്ല. തുടർന്ന് ശക്തിയായ തലവേദനയും പ്രകാശത്തിലേക്കു നോക്കുവാൻ ബുദ്ധിമുട്ട്, ഓക്കാനം, ഛർദ്ദിൽ എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം. എന്നാൽ തുടർന്ന് മസ്തിഷ്ക സംബന്ധമായ ലക്ഷണങ്ങളോ (സ്വഭാവത്തിലെ മാറ്റങ്ങൾ, ചുഴലി, ബോധക്ഷയം) നാഡീസംബന്ധ ലക്ഷണങ്ങളോ (കണ്ണുകളെയോ നാക്കിനെയോ ബാധിക്കുന്ന തളർച്ച, കൈകാലുകളിലെ തളർച്ച, പക്ഷാഘാതം) കണ്ടുതുടങ്ങിയാൽ രോഗം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതായി നാം മനസ്സിലാക്കണം. ഈ അവസ്ഥ തുടർന്നാൽ രോഗിക്കു മരണം പോലും സംഭവിക്കാവുന്നതാണ്.

മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ രോഗികളിൽ 25% പേരും മരണത്തിനു കീഴ്പ്പെടുന്നതായി കണക്കുകൾ കാണിക്കുന്നു. രോഗത്തെ അതിജീവിക്കുന്നവരിൽ പകുതി ആളുകളിലും ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടവൈകല്യങ്ങൾ കണ്ടേക്കാം.

രോഗത്തിൻ്റെ വിതരണം

[തിരുത്തുക]
Disability-adjusted life year for Japanese encephalitis per 100,000 inhabitants in 2002.
  no data
  less than 1
  1-5
  5-10
  10-15
  15-20
  20-25
  25-30
  30-35
  35-40
  40-45
  45-50
  more than 50
ജപ്പാൻ ജ്വര ബാധിത പ്രദേശങ്ങൾ (മഞ്ഞ നിറത്തിൽ)

ലോകമെമ്പാടുമായി പ്രതിവർഷം 50,000 പേർ രോഗബാധിതർ ആകുന്നു. ഇതിൽ 10 ,000 പേർ മരിക്കുന്നു, 15,000 പേർക്ക് അംഗവൈകല്യവും. രോഗം ഇന്ത്യ, ചൈന തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വ്യാപകമാണ്. രോഗബാധിതരിൽ 85% പേർ കുട്ടികളാണ്. മരണവും ഇവരിലാണ് അധികം. 2003 മുതൽ 2010 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 1700 മുതൽ 5000ത്തോളം പേർക്ക് ഓരോ വർഷവും ഈ രോഗം വരുന്നതായും ഏതാണ്ട് 350 മുതൽ 1000 പേർ വരെ മരണമടയുന്നതായും കാണുന്നുണ്ട്. ഇന്ത്യൻ സംസ്ഥാനം ആയ ഉത്തർ പ്രദേശിലും, ഗംഗാ സമതലത്തിലുമായി 500 മരണങ്ങൾ 2011ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആർബോ വൈറസുകൾ

[തിരുത്തുക]

ഫ്ലാവി വൈറസ് ഗ്രൂപ്പ് ബി (Flavi virus group B) യിൽപ്പെട്ട ആർബോ വൈറസാണ് (Arthropod borne virus) രോഗാണു. കൊതുകു കടിയിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ നാലുമുതൽ 15 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പുറത്തു വരുന്നു. ജലപക്ഷികളിലും,പന്നികളിലും, കന്നുകാലികളിലും മറ്റുമായി ജപ്പാൻ ജ്വരത്തിൻറെ വൈറസുകൾ പ്രകൃതിയിൽ നിലനിന്നു പോരുന്നു. ദേശാടന പക്ഷികളും ഈ വൈറസ് വാഹകരാണ്. മനുഷ്യരിൽ ജപ്പാൻ ജ്വരം വൈറസുകൾ അധികസമയം നിലനിൽക്കില്ല അതിനാൽ ഒരാളിൽ നിന്നു നേരിട്ട് കൊതുകു വഴി മറ്റൊരാളിലേക്കു വൈറസുകൾ പകരാൻ സാധ്യത കുറവാണ്. വൈറസ് വാഹികളായ ജീവികളും ഇടനിലക്കാരായി പ്രത്യേക ഇനം കൊതുകുകളുടെ സാന്നിധ്യവും ഈ രോഗം മഹാമാരിയായി (epidemic) പൊട്ടിപ്പുറപ്പെടാൻ വഴിയൊരുക്കുന്നു..

സാംക്രമികരോഗ വിജ്ഞാനീയം

[തിരുത്തുക]

ക്യൂലക്സ് ജനുസിൽപ്പെട്ട ക്യൂലക്സ് ട്രൈറ്റീനിയോറിങ്കസ് (Culex tritaeniorhynchus) , ക്യൂലക്സ് വിഷ്ണുയി (Culex vishnui), ക്യൂലക്സ് സ്യൂഡോവിഷ്ണുയി( Culex Pseudovishnui), ക്യൂലക്സ് ജെലിദസ് (Culex gelidus) എന്നീ നാലിനം കൊതുകുകളാണ് ഈ രോഗാണുവിൻറെ പ്രധാന വാഹകർ (Vectors ). അനോഫെലിസ് (Anopheles), മൻസോണിയ (Mansonia) ജനുസ്സിലെ ചില കൊതുകുകളിൽ നിന്നും ജപ്പാൻ ജ്വരത്തിൻറെ വൈറസുകളെ വേർതിരിച്ചെടുത്തിട്ടുണ്ട്.

രോഗം മാരകമായ എൻസെഫലൈറ്റിസ് ആയി പ്രകടമാകുന്നതുകൊണ്ട് മനുഷ്യരും കന്നുകാലികളും കുതിരകളും ഡെഡ് എൻഡ് ഹോസ്റ്റുകൾ(dead-end hosts) ആണ്. പന്നികൾ ആമ്പ്ലിഫൈയിംഗ്  ഹോസ്റ്റുകൾ(amplifying host) ആയതുകൊണ്ട് രോഗത്തിന്റെ പകർച്ചയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പന്നികളിൽ ഗർഭകാലത്ത് അല്ലാതെയുള്ള രോഗാണുബാധ ലക്ഷണങ്ങൾ കാണിക്കാറില്ല. ഗർഭകാലത്ത് ഉള്ള അണുബാധ ഗർഭഛിദ്രം, ഭ്രൂണത്തിന് വൈകല്യങ്ങൾ എന്നിവ ഉണ്ടാക്കാം. ക്യൂലക്സ് ട്രൈറ്റേനിയോറിങ്കസ് ആണ് പ്രധാന രോഗവാഹി(vector) ഇവ മനുഷ്യരേക്കാൾ കന്നുകാലികളെയാണ് കടിക്കാറുള്ളത്. ജപ്പാനീസ് എൻസെഫലൈറ്റിസ് വൈറസിന്റെ സ്വാഭാവിക ഹോസ്റ്റ് മനുഷ്യരല്ല, മറിച്ച് പക്ഷികളാണ്. അതുകൊണ്ട് തന്നെ ഈ രോഗത്തെ പൂർണമായി നിർമാർജ്ജനം ചെയ്യാൻ കഴിയില്ലെന്ന് കരുതുന്നവരുണ്ട്.[1]

രോഗനിർണ്ണയം

[തിരുത്തുക]

രോഗനിർണ്ണയത്തിനുപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഇവയാണ്.

  1. ജപ്പാൻജ്വര വൈറസിനെയുള്ള IgM ആൻറിബോഡി രക്തത്തിലോ തലച്ചോർ-സുഷുമ്ന ദ്രവത്തിലോ കണ്ടെത്തൽ
  2. അനുക്രമമായ രക്തസാമ്പിളുകളിൽ വൈറസിനെതിരെയുള്ള IgG ആൻറിബോഡി നാലു മടങ്ങിലേറെ വർദ്ധിക്കൽ
  3. രോഗം ബാധിച്ച തലച്ചോറിൽ നിന്നും വൈറസിനെ വേർതിരിച്ചെടുക്കൽ
  4. ഇമ്മ്യൂണോഫ്ളൂറസെൻസ് വഴി രക്തത്തിൽ വൈറസ് ആൻറിജനെ കണ്ടെത്തൽ
  5. പോളിമറേസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ.) വഴി

ചികിത്സ

[തിരുത്തുക]

തീവ്രപരിചരണം ആവശ്യമുള്ള രോഗമാണിത്. ജപ്പാൻ ജ്വരത്തിൻറെ വൈറസുകളെ നശിപ്പിക്കാൻ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പരിചരണവും കൊണ്ടു രോഗവിമുക്തി നേടാനാകും. തലച്ചോറിനകത്തെ നീർക്കെട്ടും മർദ്ദവും കുറക്കുക, അപസ്മാരം നിയന്ത്രിക്കുക, ശ്വസനം, ഹൃദയ സ്പന്ദനം, രക്തസമ്മർദ്ദം എന്നിവ സാധാരണ നിലയിൽ നിലനിർത്തുക, ഞരമ്പു വഴിയോ, ട്യൂബു വഴിയോ ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ഓക്സിജൻ, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരുന്നത് ഇത്തരം ഘട്ടത്തിലാണ്. ജപ്പാൻ ജ്വരം എന്ന രോഗത്തെ മറ്റ് തരം എൻസെഫലൈറ്റിസുകളിൽ നിന്നും വേർതിരിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. രോഗിക്കു പൂർണമായ വിശ്രമം, വായു സഞ്ചാരമുള്ള മുറിയിൽ വിശ്രമം, ആവശ്യാനുസരണം ദ്രാവകങ്ങളും പോഷകഘടകങ്ങളും നൽകൽ, പ്രത്യേക പരിചരണം തുടങ്ങിയവ നൽകണം.

വാക്സിനേഷൻ

[തിരുത്തുക]

രോഗം തടയാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗ്ഗം പ്രതിരോധ കുത്തിവെപ്പാണ്. 2006 ൽ ആണ് ആദ്യമായി ഇന്ത്യയിൽ JE കുത്തിവെപ്പ് ഉപയോഗിക്കുന്നത്. അന്ന് ഉത്തർപ്രദേശിലെ രോഗ സാധ്യതയുള്ള ഏതാനും ജില്ലകളിലെ കുട്ടികൾക്കാണ് കുത്തിവെപ്പ് നൽകിയത്. ദേശിയ പ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരം എല്ലവർക്കും കുത്തിവെപ്പ് എടുക്കേണ്ടതില്ല. ഇന്ത്യയിൽ നിലവിൽ 181 ജില്ലകളിൽ ഈ കുത്തിവെപ്പ് നൽകുന്നു. ടിഷ്യൂ കൾച്ചർ വാക്‌സിൻ ആണ് ഉപയോഗിക്കുന്നതു. സാധാരണയായി രണ്ടു കുത്തിവെപ്പുകളാണ് നൽകുക. 15 മാസം പ്രായമാകുമ്പോൾ ഒരു കുത്തിവെപ്പാണ് നൽകുന്നത്. നല്ല കുത്തിവെപ്പ് കവറേജ് ഉള്ള സ്ഥലങ്ങളിൽ 90ശതമാനത്തിൽ കൂടുതൽ രോഗം തടയാൻ ഈ മാർഗ്ഗം കൊണ്ടു മാത്രം സാധിക്കും

കേരളത്തിൽ രോഗ സാധ്യത കൂടുതലുള്ള ജില്ലകളായ ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ 2007 മുതൽ JE ക്കെതിരായ കുത്തിവെപ്പ് നൽകി വരുന്നു.

നിയന്ത്രണം

[തിരുത്തുക]
  • വാക്സിനേഷൻ, വ്യക്തിഗത സുരക്ഷ, ആരോഗ്യ വിദ്യാഭ്യാസം എന്നിവ ശക്ത്തിപ്പെടുത്തുക
  • കൊതുകു നിയന്ത്രണം
  • പന്നികളുടെയും ജലപക്ഷികളുടെയും നിരീക്ഷണവും നിയന്ത്രണവും
  • എല്ലാത്തിനുമുപരി ശരിയായ രോഗനിരീക്ഷണം.

രോഗ വ്യാപനം

[തിരുത്തുക]

2011 ഒക്ടോബർ 21 ലെ റിപ്പോർട്ട്‌ അനുസരിച്ച്, ഈ വർഷത്തെ മൺസൂണിന് ശേഷമുണ്ടായ രോഗ വ്യാപനത്താൽ, ഉത്തർപ്രദേശിലെ ഘോരക്പൂരിലും സമീപ ജില്ലകളിലുമായി 460 മരണം ഉണ്ടായി. ചേരി പ്രദേശങ്ങളിലെ കുട്ടികളാണ് മരിച്ചവരിൽ കൂടുതലും[2]

അവലംബം

[തിരുത്തുക]

Textbook of Preventive and Social medicine, By K park. 19th ed, Bhanot Publictions, Jabalpur

  1. Ghosh D, Basu A (September 2009). Brooker S (ed.). "Japanese encephalitis-a pathological and clinical perspective". PLoS Negl Trop Dis. 3 (9): e437. doi:10.1371/journal.pntd.0000437. PMC 2745699. PMID 19787040.{{cite journal}}: CS1 maint: unflagged free DOI (link)
  2. .http://www.bbc.co.uk/news/world-south-asia-15405420
"https://ml.wikipedia.org/w/index.php?title=ജപ്പാൻ_ജ്വരം&oldid=4017872" എന്ന താളിൽനിന്ന് ശേഖരിച്ചത്