Jump to content

ജോർജ്ജ് ഇലിയറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ്ജ് ഇലിയറ്റ്
മുപ്പതു വയസ്സുള്ള ഇലിയറ്റ് - സ്വിസ് ചിത്രകാരൻ അലക്സാണ്ടർ ലൂയി ഫ്രാൻസ്വാ ഡി ആൽബർട്ട് ഡുരേഡ് (1804–1886) വരച്ചത്
മുപ്പതു വയസ്സുള്ള ഇലിയറ്റ് - സ്വിസ് ചിത്രകാരൻ അലക്സാണ്ടർ ലൂയി ഫ്രാൻസ്വാ ഡി ആൽബർട്ട് ഡുരേഡ് (1804–1886) വരച്ചത്
അന്ത്യവിശ്രമംഹൈഗേറ്റ് സിമിത്തേരി (ഈസ്റ്റ്), ഹൈഗേറ്റ്, ലണ്ടൺ
തൂലികാ നാമംജോർജ്ജ് ഇലിയറ്റ്
തൊഴിൽനോവലെഴുത്തുകാരി
Periodവിക്ടോറിയൻ
ശ്രദ്ധേയമായ രചന(കൾ)ദ മിൽ ഓൺ ദ ഫ്ലോസ് (1860), സിലാസ് മാർനർ (1861), മിഡിൽമാർച്ച് (1871–72), ഡാനിയേൽ ഡെറോൻഡാ(1876)
പങ്കാളിജോൺ ക്രോസ് (വിവാഹം 1880)
പങ്കാളിജോർജ്ജ് ഹെൻറി ലൂവിസ് (ഒന്നിച്ചുള്ള ജീവിതകാലം: 1854–1878)
ബന്ധുക്കൾറോബർട്ട് ഇവാൻസും ക്രിസ്റ്റിയാനാ പിയേഴ്സണും(മാതാപിതാക്കൾ; ക്രിസ്റ്റിയാന, ഐസക്ക്, റോബർട്ട്, ഫാനി(സഹോദരങ്ങൾ)

ജോർജ്ജ് ഇലിയറ്റ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മേരി ആനി ഇവാൻസ് (ജനനം: 22 നവംബർ 1819 – മരണം 22 ഡിസംബർ 1880), ഇംഗ്ലീഷ് നോവലിസ്റ്റും വിക്ടോറിയൻ ഇംഗ്ലണ്ടിലെ ഒന്നാം മുൻ‌നിരയിലെ എഴുത്തുകാരിൽ ഒരാളുമായിരുന്നു. മിൽ ഓൺ ദ ഫ്ലോസ്(1860), സിലാസ് മാർനർ,(1861), മിഡിൽ‌മാർച്ച്(1871-72), ഡാനിയേൽ ഡെറോണ്ടാ(1876) എന്നിവയടക്കം എട്ടു നോവലുകൾ ഇവാൻസ് എഴുതി. അവരുടെ കൃതികൾ മിക്കവയും ഇംഗ്ലീഷ് ഗ്രാമീണ പശ്ചാത്തലത്തിൽ എഴുതിയിട്ടുള്ളവയാണ്‌. "റിയലിസവും" മനശാസ്ത്രപരമായ ഉൾക്കാഴ്ചയുമാണ്‌ ഈ രചനകളുടെ മുഖമുദ്ര.


തന്റെ രചനകൾ ഗൗരവപൂർ‌വം വായിക്കപ്പെടും എന്ന് ഉറപ്പാക്കാനാണ്‌ പുരുഷ തൂലികാനാമത്തിൽ എഴുതിയതെന്ന് ഇവാൻസ് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പേരിൽ എഴുതിയിരുന്ന സ്ത്രീ എഴുത്തുകാരും ഉണ്ടായിരുന്നെങ്കിലും, അവരെപ്പോലെ വെറും "റോമാൻസ്" എഴുത്തുകാരിയായി അറിയപ്പെടാൻ ഇവാൻസ് ആഗ്രഹിച്ചില്ല. കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത്, വിവാഹിതനായ ജോർജ്ജ് ഹെൻ‌റി ലൂവീസായിരുന്നു അവരുടെ ജീവിതപങ്കാളി. അവിഹിതമായി കണക്കാക്കപ്പെട്ട ആ ബന്ധം ഉണ്ടാക്കിയേക്കാവുന്ന ലോകാപവാദത്തെക്കുറിച്ചുള്ള ഭയമായിരുന്നു കപടനാമത്തിൽ എഴുതാനുള്ള മറ്റൊരു കാരണം.[1]

ജീവചരിത്രം

[തിരുത്തുക]

കുട്ടികാലം

[തിരുത്തുക]

ഇംഗ്ലണ്ടിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കർക്കശമായിരുന്ന സാമൂഹികവും, മതപരവുമായ വിലക്കുകളോടു പൊരുതി വ്യക്തിജീവിതത്തിലും,പ്രണയജീവിതത്തിലും വിസ്മയാവഹമായ വിജയം കൈവരിച്ച അത്ഭുതപ്രതിഭയായിരുന്നു മരിയൻ.

മധ്യ ഇംഗ്ലണ്ടിലെ ധനികനായ ഒരു എസ്റ്റേറ്റ് മാനേജരുടെ ഏറ്റവും ഇളയമകളായി 1819-ൽ ജനിച്ച മരിയൻ ഇവാൻസ് തീരെ കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ അസാധാരണമായ ബുദ്ധിസാമർത്ഥ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മാനസികമായി ദുർബലയായിരുന്നു. കുഞ്ഞുമരിയൻ എല്ലായ്‌പ്പോഴും ലാളനപ്രകടനങ്ങൾക്കായി കൊതിച്ചിരുന്നെങ്കിലും കർക്കശപ്രകൃതക്കാരിയും, തന്റേടിയുമായിരുന്ന അമ്മ സ്നേഹപ്രകടനങ്ങൾ നടത്തുന്നതിൽ വിസമ്മതിച്ചു.അങ്ങേയറ്റം വാത്സല്യനിധിയായിരുന്ന അച്ഛനാകട്ടെ തിരക്കേറിയ ഔദ്യോഗികജീവിതത്തിനിടയിൽ തന്റെ കൊച്ചുമകൾക്കു മാറ്റിവയ്ക്കുവാനായി അധികസമയമൊന്നും ബാക്കിയുണ്ടായിരുന്നുമില്ല. അങ്ങനെ അവൾ തന്റെ ബാല്യകാലമിത്രം കൂടെയായ മൂത്തസഹോദരൻ ഐസക്കിനോട് പറ്റിച്ചേർന്നുവളർന്നു.സുന്ദരവും, സമൃദ്ധവുമായ ആ നാട്ടിൻപുറത്തെ പുഴക്കരയിൽ ചേട്ടനൊപ്പം കളിച്ചുനടന്ന് മരിയൻ തന്റെ സങ്കടങ്ങളെല്ലാം മറന്നു.

ജീവചരിത്രം - യവ്വനം

[തിരുത്തുക]

വളർന്നതോടെ തീരെ ഇടുങ്ങിയ മനസ്ഥിതിയുള്ള തികഞ്ഞ ഒരു യാഥാസ്ഥികനായി മാറിയ ഐസക് തന്റെ പുസ്തകപ്പുഴുവായ അനിയത്തിയിൽ നിന്നും തീർത്തും അകന്നുപോയി. സ്ത്രീയുടെ പ്രധാന ദൌത്യം ഭാര്യയും,അമ്മയുമാവുക എന്നതുമാത്രമായി കണക്കാക്കപ്പെട്ടിരുന്ന അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയിൽ ഇരുപതുകളിലെത്തിയിട്ടും അവിവാഹിതയായി തുടരുന്ന മരിയൻ ഇവാൻസിന് ഒരധഃകൃതസ്ഥാനമായിരുന്നു കൽ‌പ്പിച്ചുകിട്ടിയത്. വൈകാതെ മൂത്തസഹോദരങ്ങൾ വിവാഹിതരായി ദൂരദേശങ്ങളിൽ കുടുംബജീവിതമാരംഭിച്ചു. അമ്മ മരിച്ചതോടെ മരിയനും പിതാവും ആ വീട്ടിൽ ഒറ്റപ്പെട്ടു. മോശമായ ആരോഗ്യാവസ്ഥയിൽ മി.ഇവാൻസ് റിട്ടയറായതോടെ സ്വന്തം ഗ്രാമം വിട്ട് ക്യവന്റ്രിയിലെ ഒരു പട്ടണത്തിലേക്കവർ താമസം മാറ്റി. അവിടെ വീട്ടുജോലികൾക്കും, രോഗിയായ പിതാവിനെ ശുശ്രൂഷിക്കുന്നതിനുമൊപ്പം പാവങ്ങളെ സന്ദർശിക്കാനും, സഹായിക്കാനും മരിയൻ ശ്രദ്ധിച്ചിരുന്നു.വിശ്രമമില്ലാത്ത ഈ ദിനചര്യകൾക്കിടയിലും വേഡ്സ്‌വർത്തിന്റെയും ഷേക്സ്പിയറുടെയും കവിതകളും, നോവലുകളും വായിക്കാനും തർക്കശാസ്ത്രത്തിലും, തത്ത്വചിന്തയിലും ആഴമേറിയ അറിവുനേടാനും മരിയൻ സമയം കണ്ടെത്തിയിരുന്നു.

താമസിയാതെ മരിയന് കവന്റ്രിയിൽ തന്റെ ബുദ്ധിപരമായ ചേതനയെ പ്രോത്സാഹിപ്പിക്കുന്ന ,പുരോഗമനചിന്താഗതിക്കാരായ ഒരുകൂട്ടം സുഹൃത്തുക്കളെ നേടിയെടുക്കാനായീ.പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ സ്ത്രീകൾക്കു അനുവദനീയമാക്കപ്പെട്ടിരുന്ന ചുരുക്കംജോലികളിലൊന്നായിരുന്ന അദ്ധ്യാപകവൃത്തിക്കുപോകാനും അവളാഗ്രഹിച്ചിരുന്നു.ഈ സമയത്താണ് മരിയൻ ദൈവവിശ്വാസം നഷ്ടമായതുകൊണ്ട് താനിനി പള്ളിയില്പോകില്ലെന്ന തീരുമാനം മി.ഇവാൻസിനെ അറിയിക്കുന്നത്.അന്നത്തെ യാഥാസ്ഥിതികമായ ചുറ്റുപാടിൽ മരിയന്റെ ഈ തീരുമാനം അദ്ദേഹത്തിനും,സമൂഹത്തിനും താങ്ങാവുന്നതിലപ്പുറമായിരുന്നു.അവിവാഹിതയായ മരിയന് നല്ലൊരു കുടുംബജീവിതത്തിനും,അദ്ധ്യാപകവൃത്തിയിൽ പ്രവേശിക്കുന്നതിനും ഇതു തടസ്സമാകുമെന്നതുകൊണ്ട് വീട്ടിൽ ഇക്കാര്യത്തിൽ മരിയന് കടുത്തസമ്മർദ്ദങ്ങൾ നേരിടേണ്ടിവന്നു.എന്നാൽ മരിയന്റെ പുതിയസുഹൃത്തുക്കൾ അവളെ തന്റെ പുരോഗമനചിന്താഗതികളെ തീർത്തും അനുകൂലിക്കുന്ന ഒരു പുതിയസംഘത്തിനു പരിചയപ്പെടുത്തി.

ആ സമയത്ത് സമൂഹത്തിലെ ഭൂരിഭാഗവും ക്യൂൻ വിക്ടോറിയയുടെ കീഴിൽ കുടുംബമൂല്യങ്ങളെയും ചർച്ചിനേയും അനുകൂലിച്ചാണ് നിലകൊണ്ടിരുന്നതെങ്കിലും മാറ്റത്തിന്റെ ചെറിയകാറ്റ് സമൂഹത്തിൽ വീശിത്തുടങ്ങിയിരുന്നു.ശാസ്ത്രരംഗത്ത് പുതിയകണ്ടുപിടിത്തങ്ങൾ നടത്തപ്പെട്ടു.പ്രകൃതിക്കൊപ്പം മനുഷ്യസാമൂഹ്യ വ്യവസ്ഥിതികളും ശാസ്ത്രീയമായി അപഗ്രഥനത്തിനു വിധേയമായി. സോഷ്യൽ ഡാർവിനിസം,മാർക്സിസം,യുക്തിസഹജമായ മനുഷ്യത്വവാദം എന്നീ സിദ്ധാന്തങ്ങൾ പരക്കെപ്രചരിക്കപ്പെട്ടു.പുരോഹിതരേക്കാൾ തത്ത്വചിന്തകർ അംഗീകരിക്കപ്പെട്ടു.മതവും,സമ്പത്തും,സാമൂഹ്യപദവിയും തീർത്തിരുന്ന വിവേചനത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചെറിയപ്പെട്ടു.


ഈ സാഹചര്യങ്ങൾ ഇവാൻസിനു പുതിയകുതിപ്പുകൾ നൽകി.മരിയന്റെ ഇച്ഛാശക്തിയിൽ ആകൃഷ്ടരായ സുഹൃത്തുക്കൾ അവളുടെ സ്വാഭിമാനത്തെ എന്നും പ്രോത്സാഹിപ്പിച്ചുപോന്നു.ക്രമേണ അവരവളോട് തർജ്ജമകളും,നിരൂപണങ്ങളും എഴുതിക്കൊടുക്കാനാവശ്യപ്പെട്ടു.പിതാവിന്റെ മരണശേഷം മിസ്സ്.ഇവാൻസ് ലണ്ടനിലേക്ക് താമസം മാറ്റി ഒരുപ്രമുഖ പത്രത്തിൽ ജോലിയാരംഭിച്ചു.അതിലൂടെ പലപ്രമുഖ വ്യക്തികളുടെയും പ്രശംസക്കുപാത്രമായിത്തീരുകയും,സ്വന്തം നിലയിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു.ഇതിനിടെ മരിയൻ ചിലവികലപ്രണയങ്ങളിലുമകപ്പെട്ട.

പിന്നീടാണ് വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായിരുന്ന ജോർജ്ജ് ഹെന്രി ലൂയിസ് ആ ജീവിതത്തിലേക്ക് കടന്നുവരുന്നത്.അന്നത്തെ മുൻ‌നിരപത്രക്കാരിലൊരാളും,പ്രമുഖ നിരൂപകനുമായിരുന്നു ലൂയിസ്.ദുർന്നടപ്പുകാരിയായിരുന്ന ഭാര്യയുമൊത്തുള്ള ദാമ്പത്യജീവിതം അസഹ്യമായിരുന്നുവെങ്കിലും അന്നത്തെ സമൂഹവ്യവസ്ഥിതിയിൽ, ക്രിസ്റ്റ്യൻ ആയിരുന്ന ലൂയിസിന് വിവാഹമോചനം അനുവദിച്ചുകിട്ടില്ലായിരുന്നു. എന്തായാലും മരിയൻ ലൂയിസുമൊത്ത് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ഇതോടെ സമൂഹമവളെ വീണ്ടും വേട്ടയാടാൻ തുടങ്ങി.മാന്യമായ ചടങ്ങുകളിലേക്കും,സത്കാരങ്ങളിലേക്കുമവൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.(എന്നാൽ അവിടങ്ങളിലേക്കെല്ലാം ലൂയിസ് ക്ഷണിക്കപ്പെടുകയും, സ്വീകരിക്കപ്പെടുകയും ചെയ്തുവെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്).കുടുംബാംഗങ്ങളും,ബന്ധുക്കളും വരെ കയ്യൊഴിഞ്ഞതോടെ ഈ ലോകത്തവളുടെ ഏകആശ്രയം ലൂയിസിന്റെ ആത്മാർത്ഥവും,അഗാധവുമായ സ്നേഹം മാത്രമായിത്തീർന്നു.


ഈ സാഹചര്യത്തിൽ സ്വന്തമായി കുഞ്ഞുങ്ങൾ വേണ്ടെന്ന് മരിയൻ തീരുമാനമെടുക്കുകയും,അതേസമയം ലൂയിസിന്റെ ആദ്യവിവാഹത്തിലുണ്ടാ‍യിരുന്ന പുത്രന്മാർക്ക് സ്നേഹമയിയായ അമ്മയായിത്തീരുകയും ചെയ്തു. സമൂഹവും,കുടുംബവും നൽകുന്ന അവഗണന മരിയനെ സദാനീറ്റുന്നുവെന്ന് മനസ്സിലാക്കിയ ലൂയി, ബൌദ്ധികചേതനകളെ ഉദ്ദീപിപ്പിക്കുവാനും,മനസ്സിലെ വിഷമങ്ങൾ മറക്കുവാനും അവൾക്കൊരു പ്രതലം കണ്ടെത്തിയേ ആകൂ എന്നുറപ്പിച്ചു. സാഹിത്യനിരൂപണമല്ല,രചനയാണ് അവളുടെ മേഖലയെന്നദ്ദേഹം മരിയനെബോധ്യപ്പെടുത്തി. അങ്ങനെ 1856-ൽ മരിയൻ തന്റെ ആദ്യകഥയായ “അമോസ് ബാർട്ടൺ” പ്രസിദ്ധീകരിച്ചു. താൻ വായിക്കപ്പെടുന്നത് തന്റെ അപഖ്യാതിയുടെ പിൻബലത്തിൽ ആയിരിക്കരുതെന്ന് മരിയന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പബ്ലിഷറെ സമീപിക്കും മുൻപേ മരിയനും ലൂയിസും ചേർന്ന് ജോർജ്ജ് എലിയറ്റ് എന്ന തൂലികാനാമം കണ്ടെത്തി. മരിയനു മുൻപും അനേകം വിക്ടോറിയൻ വനിതകൾ സാഹിത്യരചനയിലേർപ്പെട്ടിരുന്നുവെങ്കിലും സ്ത്രീരചനകളെന്നപേരിലവ അവഗണിക്കപ്പെട്ടിരുന്നു.(സില്ലി നോവത്സ് ബൈ ലേഡി നോവലിസ്റ്റ് എന്നപേരിലൊരു നിരൂപണം അക്കാലത്ത് മരിയനും പുറത്തുവിട്ടിരുന്നു.) തന്റെ രചനകൾ സമൂഹം ഗൌരവതരമായി പരിഗണിക്കണമെന്ന മരിയന്റെ ആഗ്രഹമായിരുന്നു പുരുഷനാമം സ്വീകരിച്ചതിനുപിന്നിൽ.

ജീവചരിത്രം - പ്രശസ്തി

[തിരുത്തുക]

ആദ്യകഥ നന്നായി സ്വീകരിക്കപ്പെട്ടതിനു പുറകെ മരിയന്റെ ആദ്യനോവലായ ആഡം ബീഡും വൻ‌വിജയമായിരുന്നു.മരിയൻ, താൻ കളിച്ചുവളർന്ന ഗ്രാമത്തെ പശ്ചാത്തലമാക്കി പിതൃസഹോദരിയും മെത്തോഡിക് പ്രീച്ചറുമായ എലിസബത് ഇവാൻസ് പറഞ്ഞൊരു കഥയെ വികസിപ്പിച്ചെടുക്കുകയായിരുന്നു. തികച്ചും സാധാരണക്കാരായ നാട്ടിൻപുറത്തുകാരുടെ മനസ്സുകളെ വ്യത്യസ്തരീതിയിൽ മനശ്ശാസ്ത്രപരമായി അപഗ്രഥിച്ചെഴുതിയ സങ്കീർണ്ണവും, അതേസമയം സ്വാഭാവികവുമായ ആ പ്രണയകഥ ഇംഗ്ലിഷ് സാഹിത്യരംഗത്തെ തികച്ചും നൂതനമായ ഒന്നായിരുന്നു. ഒരു കർഷകയുവതിയുടെ അവിഹിതബന്ധത്തേയും, ആ ബന്ധത്തിൽ പിറന്ന കുഞ്ഞിനെ അവൾ കൊല്ലുന്നതിനേയും കേന്ദ്രികരിച്ചെഴുതിയ ആ നോവൽ ഉയർന്ന നിലവാരത്തിലുള്ള ഒന്നായി ആസ്വാദകരും, നിരൂപകരും ഒന്നടങ്കം വിലയിരുത്തി. സാഹിത്യരംഗത്ത് ജോർജ്ജ് എലിയറ്റ് ഒരു പുതിയഊർജ്ജം ഉളവാക്കിയെടുത്തു.


മിക്ക എഴുത്തുകാരികളുടെ വലിയൊരു പോരായ്മായി പലപ്പോഴും തോന്നിയിട്ടുള്ളത് തനിക്കനുഭവിക്കാൻ കഴിയാതെപോയ കാല്പനികലോകത്തെ അക്ഷരങ്ങളിലൂടെ അനുഭവയോഗ്യമാക്കാൻ മാത്രമാണ് പലരും പലപ്പോഴും ശ്രമിക്കുന്നതെന്നതാണ്. അല്ലെങ്കിൽ സൃഷ്ടിച്ചെടുക്കുന്ന കഥാപാത്രങ്ങളിലേക്ക് ആത്മാംശമൊഴുക്കി താദാത്മ്യം പ്രാപിക്കുവാൻ നോക്കുന്നുവെന്നതാണ്. എന്നാൽ മരിയൻ എന്നും ഭാവനയെ ബുദ്ധിപരമായ തലത്തിലൊഴുക്കി രചനയിൽ അങ്ങേയറ്റത്തെ പൂർണ്ണത കൈവരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.


1860 ആയപ്പോഴേക്കും “ജോർജ്ജ് എലിയറ്റ്“ പരക്കെ അംഗീകരിക്കപ്പെടുന്ന സാഹിത്യപ്രതിഭയായി മാറിക്കഴിഞ്ഞിരുന്നുവെങ്കിലും താനിന്നും സമൂഹത്തിൽ ബഹിഷ്കൃതയായിത്തന്നെ തുടരുന്നുവെന്നത് മരിയനെ ദുഃഖത്തിലാഴ്ത്തി. തന്റെ നോവലുകളെല്ലാം വൻ‌വിജയങ്ങളായിരുന്നുവെങ്കിലും അവയിലൂടെയൊന്നും മരിയന് സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനുമായിരുന്നില്ല. അവൾക്കെന്നും ലൂയിയെത്തന്നെ ആശ്രയിക്കേണ്ടിവന്നു. ഓരോവിജയവും അടുത്ത രചന കൂടുതൽ നന്നാക്കാനുള്ള സമ്മർദ്ധം അടിച്ചേൽ‌പ്പിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ ഉൾനാടൻ ജീവിതം പ്രമേയമാക്കിയിരുന്ന ആ രചനകൾക്കെന്നും ആവശ്യക്കാരുണ്ടായിരുന്നുവെങ്കിലും താൻ ഒരു പ്രത്യേകചട്ടക്കൂടിൽ തളച്ചിടപ്പെടുന്നതിനെ ഭയന്നുപോയ മരിയൻ നവോത്ഥാന ഇറ്റലിയെ കേന്ദ്രീകരിച്ചൊരു നോവലെഴുതാൻ പ്ലാനിട്ടു. എന്നാൽ അതിനുവേണ്ടിവന്നിരുന്ന ഭാരിച്ച ഗവേഷണങ്ങൾ വീണ്ടും അവൾക്കുമുന്നിൽ കീറാമുട്ടിയായി. ഇതിനിടെ ജോലിസംബന്ധമായി ലൂയിസിന് ഇംഗ്ലണ്ടിൽ നിന്നും ലണ്ടനിലേക്ക് താമസം മാറേണ്ടിവന്നു. ഒരുവരണ്ടപ്രദേശത്തെ അഴുക്കുനിറഞ്ഞ വാടകവീട്ടിൽ ജനിച്ചനാടിനെ വിട്ടുപിരിഞ്ഞ ദുഃഖവുമായി മരവിച്ച മനസ്സോടെ മരിയൻ കഴിഞ്ഞു.

ജീവചരിത്രം - അന്ത്യകാലം

[തിരുത്തുക]

ആ നാളുകളിലാണ് കുട്ടിക്കാലത്തെന്നോ നാട്ടിൽ കണ്ടുമറന്ന ചണനെയ്ത്തുകാരനെപ്പറ്റി അവളോർക്കാനിടയായത്. ഭാരംതൂക്കി കുനിഞ്ഞുപോയ ചുമലുകളും,ദുഃഖം നിറഞ്ഞ മുഖഭാവവുമുള്ള ആ മെലിഞ്ഞരൂപം മനസ്സിലുണർത്തിയ വികാരങ്ങളുടെ ഒഴുക്കിന്റെ പ്രതിഫലനമായിരുന്നു വിശ്രുതമായ“സൈലാസ് മാർനർ.” വിദ്യാഭ്യാസരംഗത്ത് എലിയറ്റിന്റേതായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട കൃതിയും ഇതുതന്നെയാണ്.എലിയറ്റിന്റെ കൃതികളിൽ ഏറ്റവും വലിപ്പക്കുറവ് ഇതിനെന്നതത്രേ കാരണം.

സരളമായ ഇതിവൃത്തത്തിനും,ഘടനക്കുമൊപ്പം മരിയനിതിൽ പ്രകൃതിയെ ശക്തിയിലേക്കു നയിക്കുന്ന സന്മാർഗ്ഗികശക്തികളെക്കുറിച്ചും ഉദ്ബോധനം നടത്തിയിരുന്നു. തുടർന്നുവന്ന നോവലുകളിലും മനുഷ്യരാശിയെ ഉദ്ധരിക്കുവാനാവശ്യമായ ദയയിലും,സത്യസന്ധതയിലും,ധൈര്യത്തിലുമതിഷ്ഠിതമായ തത്ത്വചിന്തകൾ മരിയൻ പങ്കുവച്ചു.അതോടെ ക്രിസ്തുമത ബഹിഷ്ക്കരണവും,വഴിവിട്ട പ്രണയവും മൂലം സമൂഹത്തിൽ നഷ്ടമായിരുന്ന അന്തസ്സ് മരിയനുതിരികെക്കിട്ടി. എലിയറ്റിനെ നേരിൽക്കണ്ട് ആദരിക്കാൻ ഉത്സുകത പ്രകടിപ്പിച്ച പ്രമുഖരിൽ വിക്‌ടോറിയാ രാജ്ഞിയുടെ പുത്രിയും ഉൾപ്പെടുന്നു.

ലൂയിയും മരിയനും നീണ്ട ഇരുപത്തഞ്ചുവർഷക്കാലം കൂടെ തീവ്രാനുരാഗത്തോടെ ദാമ്പത്യം തുടർന്നു. ഇതവർക്ക് നിയമപരമായി വിവാഹിതരായവർക്കുള്ള അതേ ബഹുമാനവും,അംഗീകാരവും സമൂഹത്തിൽ നേടിക്കൊടുത്തു.1878-ൽ ലൂയി മരണമടഞ്ഞു. 1880 മെയ് പതിനാറിന് തന്നേക്കാൾ ഇരുപതുവയസ്സു പ്രായക്കുറവുള്ള മറ്റൊരാളെ വിവാഹം ചെയ്തതോടെ ആരാധകർ വീണ്ടും മരിയനെ കല്ലെറിയാൻ തുടങ്ങി. ലൂയിയുടെ പാവനമായ ഓർമ്മകളോട് മരിയൻ വിശ്വാസവഞ്ചന കാണിച്ചെന്നാരോപിച്ചായിരുന്നു ഇത്. എന്നാൽ നിയമവിധേയമായി നടത്തപ്പെട്ട ഈ വിവാഹത്തോടെ ഐസക് വീണ്ടും സഹോദരിയുമായി രമ്യതയിലായി.

ഒടുവിൽ 1880 ഡിസംബർ ഇരുപത്തിരണ്ടിന് തന്റെ അറുപത്തൊന്നാം വയസ്സിൽ വൃക്കസംബന്ധമായ അസുഖത്താൽ അക്ഷരങ്ങളുടേയും,പ്രണയത്തിന്റേയും ചക്രവർത്തിനി ഇഹലോകവാസം വെടിഞ്ഞു. ക്രിസ്തുമത ബഹിഷ്ക്കരണവും ,ലൂയിയുമൊത്തുള്ള “തോന്ന്യവാസ ജീവിതവും “ മൂലം വെസ്റ്റ്മിനിസ്റ്റർ ആബ്ബിയിലെ സെമിത്തേരിയിൽ മരിയന്റെ മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കപ്പെട്ടില്ല. ഒടുവിൽ ലണ്ടനിലെ ,അധഃകൃതർക്കായുള്ള ഈസ്റ്റ് ഹൈഗേറ്റ് സെമിത്തേരിയിൽ വിശ്വസാഹിത്യം കണ്ട എക്കാലത്തേയും മഹാപ്രതിഭകളിലൊന്നായ ജോർജ്ജ് ഇലിയറ്റ് സംസ്ക്കരിക്കപ്പെട്ടു.


ജീവിച്ചിരുന്ന സമയത്ത് ജോർജ്ജ് എലിയറ്റ് ഒരുപക്ഷേ ചാൾസ് ഡിക്കനേക്കാൾ അംഗീകാരവും പ്രശസ്തിയും നേടിയിരുന്നു. 1880-ൽ മരിച്ചതിനുശേഷവും ഏറെക്കാലം ഇതുമാറ്റമില്ലാതെ തുടർന്നു. ആധുനിക സാഹിത്യത്തിന്റെ കടന്നുകയറ്റത്തോടെ ഇലിയറ്റിന്റെ കഥകളുടെ ജനപ്രീതി തീർത്തും ഇല്ലാതായി. ഹെന്രി ജെയിംസ് അടക്കമുള്ള ആധുനിക സാഹിത്യകാരന്മാർ ജോർജ്ജ് എലിയറ്റിന്റെ സംഭാവനകളോട് പ്രതിപത്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും.പിന്നീട് വെർജീനിയ വുൾഫ് ആണ് എലിയറ്റിന്റെ കൃതികൾ പഠനവിധേയമാക്കിയതും,വീണ്ടും ജനശ്രദ്ധയിലേക്കവ കൊണ്ടുവന്നതും.”മിഡിൽമാർച്ച്” എന്നകൃതിയെ പ്രശംസിച്ചെഴുതിയ ഉപന്യാസത്തിൽ വുൾഫ് ആ കൃതിയെ വിശേഷിപ്പിക്കുന്നത് “മുതിർന്നവർക്കായെഴുതപ്പെട്ട അപൂർവ്വ രചനകളിൽ ഒന്ന്”എന്നാണ്.


സ്വന്തം വിശ്വാസങ്ങൾക്കും ,മൂല്യങ്ങൾക്കും അനുസരിച്ച് ജീവിക്കാനുള്ള അവകാശവും,പ്രണയവും നേടിയെടുക്കാനുള്ള പോരാട്ടമായിരുന്നു എന്നും മരിയൻ ഇവാൻസിന്റെ ജീവിതം.കാലത്തിനതീതമായ അസാധാരണഊർജ്ജം ആ അക്ഷരങ്ങളിൽ നിറഞ്ഞുകവിയാൻ ഇടയാക്കിയത് മനസ്സിലവർ നീറ്റിയുരുക്കി വളർത്തിയെടുത്ത ആ കരുത്തുറ്റ പോരാളിയുടെ സാന്നിധ്യം തന്നെയായിരുന്നിരിക്കണം.

അവലംബം

[തിരുത്തുക]
  1. കാൾ, ഫ്രീഡ്രീക്ക് ആർ. ജോർജ്ജ് ഇലിയറ്റ്: ഒരു നൂറ്റാണ്ടിന്റെ ശബ്ദം. നോർട്ടൺ, 1995. പുറങ്ങൾ. 237-8.
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഇലിയറ്റ്&oldid=3088644" എന്ന താളിൽനിന്ന് ശേഖരിച്ചത്