ടണ്ണേജ്
മധ്യയുഗത്തിൽ ഇംഗ്ലണ്ടിൽ നിലവിലിരുന്ന ഒരു നികുതി സമ്പ്രദായം. ഇത് ഉളവാക്കിയ സാമൂഹിക-സാമ്പത്തിക പ്രത്യാഘാത ങ്ങൾ ഇംഗ്ലണ്ടിൽ ഒരു ആഭ്യന്തരയുദ്ധത്തിനു വരെ വഴിതെളിക്കുകയുണ്ടായി.
എ. ഡി. 1350-ലാണ് ടണ്ണേജ് നടപ്പിൽ വന്നത്. ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓരോ ടൺ വീഞ്ഞിനും ചുമത്തിവന്ന നികുതിയായിരുന്നു ടണ്ണേജ്. 252 ഗ്യാലൻ ഉൾക്കൊള്ളുന്ന ഒരു ബാരൽ വീഞ്ഞ് ടൺ (tun) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കയറ്റിറക്കുമതി ചെയ്യുന്ന മറ്റു ചരക്കുകൾക്കുമേൽ ചുമത്തുന്ന നികുതി പൗണ്ടേജ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിലെ രാജാവും വ്യാപാരികളും തമ്മിൽ ഉണ്ടാക്കിയ ഒരുടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു വീഞ്ഞിന് ടണ്ണേജ് ഏർപ്പെടുത്തിയത്. രാജാവിന്റെ സ്വേച്ഛാധികാരത്തെ നിയന്ത്രിക്കുന്നതിനുവേണ്ടി പാർലമെന്റിന്റെ അനുമതിയോടെ മാത്രമേ ടണ്ണേജ് ചുമത്താവൂ എന്ന് തുടക്കംമുതലേ പാർലമെന്റ് വ്യവസ്ഥ ചെയ്തിരുന്നു. 1625-ൽ ചാൾസ് I-ന് ഒരു വർഷത്തേക്ക് ടണ്ണേജ് പിരിക്കുന്നതിനുള്ള അവകാശമേ പാർലമെന്റ് നൽകിയിരുന്നുള്ളൂ. എന്നാൽ ആ കാലാവധിക്കുശേഷവും പാർലമെന്റിനെ ധിക്കരിച്ചുകൊണ്ട് ചാൾസ് I ടണ്ണേജ് വസൂലാക്കിക്കൊണ്ടിരുന്നു. തന്മൂലം ടണ്ണേജ് പിരിക്കുന്നതിൽ നിന്ന് രാജാവിനെ തടഞ്ഞു കൊണ്ടുള്ള നിയമം 1629-ൽ പാർലമെന്റ് പാസ്സാക്കി. ഇത് രാജാവും പാർലമെന്റും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കി. ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിലേക്ക് വഴിതെളിച്ച സംഭവവികാസങ്ങളിൽ ഒന്നാണ് ടണ്ണേജ് പ്രശ്നം. 1787-ൽ ടണ്ണേജ് നിർത്തലാക്കപ്പെടുകയും ചെയ്തു.
2. കപ്പലിന്റെ ഭാരവാഹകശേഷിയെ സൂചിപ്പിക്കുന്നതിനും ടണ്ണേജ് എന്ന പദം ഉപയോഗിക്കുന്നുണ്ട്. കപ്പലിന്റെ മൊത്തം ടണ്ണേജ് എന്നത് കപ്പലിൽ ചരക്കുനിറച്ച സ്ഥലത്തിന്റെ ഉള്ളളവാണ്.
അവലംബം
[തിരുത്തുക]അധിക വായനക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടണ്ണേജ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |