Jump to content

ടർക്കോയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടർക്കോയ്സ്
ടർക്കോയ്സ്
General
CategoryPhosphate mineral
Formula
(repeating unit)
CuAl6(PO4)4(OH)8·4H2O
Identification
നിuറംBlue, blue-green, green
Crystal habitMassive, nodular
Crystal systemTriclinic
CleavageGood to perfect - usually N/A
FractureConchoidal
മോസ് സ്കെയിൽ കാഠിന്യം5-6
LustreWaxy to subvitreous
StreakBluish white
Specific gravity2.6-2.9
Optical propertiesBiaxial (+)
അപവർത്തനാങ്കംnα = 1.610 nβ = 1.615 nγ = 1.650
Birefringence+0.040
PleochroismWeak
FusibilityFusible in heated HCl
SolubilitySoluble in HCl
അവലംബം[1][2][3]

ടർക്കോയ്സ് എന്നത് ഒരു അൽപ്പമൂല്യ ടർക്കിഷ് രത്നക്കല്ലാണ്. ടർക്കിഷ്ക്കല്ല് എന്ന് അർഥമുള്ള പിയറെ ടർക്കോയ്സ് (Pierre turquoise) എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ടർക്കോയ്സ് എന്ന സംജ്ഞയുടെ നിഷ്പത്തി. ആകർഷകമായ കടുത്ത ഇളംനീല നിറമാണ് പുരാതനകാലം മുതൽക്കേ ടർക്കോയ്സിനെ ഒരു രത്നഖനിജമാക്കിത്തീർത്തത്. ചെറിയൊരു ശതമാനം ചെമ്പ് അടങ്ങിയ അലൂമിനിയത്തിന്റെ ജലീയ ഫോസ്ഫേറ്റാണ് ടർക്കോയ്സ്. രാസസംഘടനം:CuAl6(PO4)4(OH)8 4H2O. ടർക്കോയ്സിൽ അടങ്ങിയിരിക്കുന്ന ചെമ്പിന്റെ അംശം ഖനിജത്തിന് നീലനിറം പ്രദാനം ചെയ്യുന്നു. ഗുണനിലവാരം കുറഞ്ഞ ഖനിജത്തിന്റെ നിറം നീലകലർന്ന പച്ച ആയിരിക്കും. ഇരുമ്പിന്റെ സാന്നിധ്യമാണ് ഈ നിറവ്യത്യാസത്തിന് കാരണം.

ഭൗതികഗുണങ്ങൾ

[തിരുത്തുക]

സൂക്ഷ്മകണികാപിണ്ഡങ്ങളും സിരകളും അടരുകളുമായി പ്രകൃതിയിൽ കാണപ്പെടുന്ന ടർക്കോയ്സ് ട്രൈക്ലിനിക് ക്രിസ്റ്റൽവ്യൂഹത്തിലാണ് ക്രിസ്റ്റലീകരിക്കപ്പെടുന്നത്. വിഭംഗം: ശംഖാഭം, കാഠിന്യം: 6, ആ. ഘ. 2.7, സുതാര്യത: അർധ പാരഭാസകം (semi translucent) മുതൽ അപാരദർശി (opaque)വരെ. പൊതുവേ അപാരദർശിയും മെഴുകിനു സമാനമായ ദ്യതിയും പ്രദർശിപ്പിക്കുന്ന ടർക്കോയ്സിന്റെ ചൂർണാഭയ്ക്ക് വെള്ളനിറമാണ്. ആകാശനീല, നീലകലർന്ന പച്ച, പച്ച കലർന്ന ചാരനിറം, മഞ്ഞ ഛവിയുള്ള പച്ച എന്നീ നിറങ്ങളിൽ ടർക്കോയ്സ് പരലുകൾ പ്രകൃതിയിൽ കാണപ്പെടുന്നു. ടർക്കോയ്സ് സരന്ധ്രമായതിനാൽ സൂര്യപ്രകാശത്തിൽ ക്രമേണ നിറം മങ്ങിപ്പോകുന്നു.

വളരെയേറെ ജനപ്രീതിയുള്ള ഖനിജമാണ് ടർക്കോയ്സ്. ടർക്കോയ്സിന്റെ തന്നെ ശകലങ്ങളോടുകൂടിയ ലിമൊണൈറ്റ് എന്ന സ്ഥാനീയ ശിലയാണ് ടർക്കോയ്സിന്റെ അധാത്രി (matrix). ഫോസിൽ ടർക്കോയ്സ് എന്ന് സാധാരണ വിശേഷിപ്പിക്കാറുള്ള ഇനം യഥാർഥ ടർക്കോയ്സ് അല്ല; നീലനിറമുള്ള ഫോസിൽ അസ്ഥിയോ പല്ലോ ആണിത്.

അലുമിനിയം അടങ്ങിയതും പരിവർത്തനവിധേയമായതുമായ ആഗ്നേയശിലകളിലും അവസാദശിലകളിലുമാണ് സാധാരണയായി ടർക്കോയ്സ് നിക്ഷേപങ്ങൾ കാണപ്പെടുന്നത്. വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന മധ്യപൗരസ്ത്യദേശം, പശ്ചിമ യു. എസ്., മെക്സിക്കോ എന്നിവിടങ്ങളിൽ ഒരു ദ്വിതീയധാതുവായി ടർക്കോയ്സ് കാണപ്പെടുന്നു. ഇറാൻ, ഇന്ത്യയിലെ നിഷാപൂർ എന്നിവിടങ്ങളിൽ നിന്നാണ് മുമ്പ് നല്ലയിനം ടർക്കോയ്സ് രത്നങ്ങൾ ലഭിച്ചിരുന്നത്. പേർഷ്യ, ഈജിപ്റ്റ്എന്നീ രാജ്യങ്ങളിൽ നിന്നും മുമ്പ് ഗുണനിലവാരം കൂടിയ ടർക്കോയ്സ് ലഭിച്ചിരുന്നു. ഇപ്പോൾ പശ്ചിമ യു. എസ്സിലാണ് ഈ ഖനിജം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിലും അതിന് ഗുണനിലവാരം വളരെ കുറവാണ്. ഇന്ത്യയിൽ ടർക്കോയ്സിന്റെ ഉപസ്ഥിതി കണ്ടെത്തിയിട്ടുള്ളത് നിഷാപൂർ, അജ്മീറിനു സമീപമുള്ള രാജാരി, സിങ്ഭമിലെ റാഖാ ഖനി എന്നിവിടങ്ങളിൽ ആണ്.

ടർക്കോയ്സിന്റെ സവിശേഷമായ നീലനിറം സ്വർണവുമായി നന്നേ ഇണങ്ങുന്നതിനാൽ ഇത് ആഭരണനിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ചിലയിനം ടർക്കോയ്സുകളെ രത്നങ്ങളായും ഉപയോഗിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. Hurlbut, Cornelius S.; Klein, Cornelis, 1985, Manual of Mineralogy, 20th ed., John Wiley and Sons, New York ISBN 0-471-80580-7
  2. "Turquoise:turquoise mineral information and data". mindat.org. Retrieved 2006-10-04.
  3. http://rruff.geo.arizona.edu/doclib/hom/turquoise.pdf Handbook of Mineralogy

പുറംകണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർക്കോയ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർക്കോയ്സ്&oldid=3915869" എന്ന താളിൽനിന്ന് ശേഖരിച്ചത്