Jump to content

നേത്ര സംരക്ഷണ വിദഗ്ദ്ധർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണുകളുമായോ കാഴ്ചയുമായോ ബന്ധപ്പെട്ട സേവനം നൽകുന്ന വ്യക്തികളാണ് നേത്ര സംരക്ഷണ വിദഗ്ദ്ധർ (eye care professional) എന്ന് അറിയപ്പെടുന്നത്. ഇത് നേത്ര പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന, ചെറിയ അളവിലുള്ള പോസ്റ്റ്-സെക്കൻഡറി പരിശീലനം ഉള്ള ഒരാൾ മുതൽ ഡോക്ടറൽ തലത്തിലുള്ള വിദ്യാഭ്യാസമുള്ളവർ വരെയുള്ള ഏതൊരു ആരോഗ്യ പ്രവർത്തകനുമാവാം.

തരങ്ങൾ

[തിരുത്തുക]

നേത്രരോഗവിദഗ്ദ്ധൻ

[തിരുത്തുക]

മെഡിക്കൽ, സർജിക്കൽ, ഒപ്റ്റിക്കൽ കെയർ എന്നിവയുൾപ്പെടെ സമഗ്രമായ നേത്ര സംരക്ഷണം നൽകുന്ന, ഒഫ്താൽമോളജിയിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ഉള്ള ഡോക്ടർമാരാണ് ഒഫ്താൽമോളജിസ്റ്റുകൾ അഥവാ നേത്രരോഗ വിദഗ്ദ്ധർ. [1] ഒരു നേത്രരോഗവിദഗ്ദ്ധന്, ഒപ്റ്റോമെട്രിസ്റ്റിന് ചെയ്യാൻ കഴിയുന്ന എല്ലാ പരിശോധനകളും നടത്താൻ കഴിയും, അതിനോടൊപ്പം നേത്രരോഗ ചികിൽസയും ശസ്ത്രക്രിയയും അവരുടെെ കർത്തവ്യങ്ങളാണ്. നേത്രരോഗവിദഗ്ദ്ധർ വിപുലവും തീവ്രവുമായ മെഡിക്കൽ, സർജിക്കൽ പരീക്ഷകളിലൂടെ യോഗ്യത നേടിയവരാണ്, ഈ പരിശീലന പരിപാടികളിലേക്കുള്ള പ്രവേശന മാനദണ്ഡം വളരെ മത്സരപരവുമാണ്. ചില നേത്രരോഗവിദഗ്ദ്ധർ നേത്രരോഗത്തിന്റെ പ്രത്യേക മേഖലകളായ റെറ്റിന, കോർണിയ, ഗ്ലോക്കോമ, ലേസർ വിഷൻ തിരുത്തൽ, പീഡിയാട്രിക് നേത്രരോഗം, യുവിയൈറ്റിസ്, പാത്തോളജി അല്ലെങ്കിൽ ന്യൂറോ-ഒഫ്താൽമോളജി എന്നിവയിൽ അധിക നൂതന പരിശീലനം (അല്ലെങ്കിൽ ഫെലോഷിപ്പ്) നേടുന്നു. [2]

ഒഫ്താൽമിക് മെഡിക്കൽ പ്രാക്ടീഷണർ

[തിരുത്തുക]

ഒഫ്താൽമിക് മെഡിക്കൽ പ്രാക്ടീഷണർ നേത്രരോഗത്തിൽ സ്പെഷ്യലൈസേഷൻ പൂർത്തിയാക്കിയിട്ടില്ലാത്ത, എന്നാൽ നേത്രരോഗാവസ്ഥയിൽ വിദഗ്ദ്ധനായ ഒരു മെഡിക്കൽ ഡോക്ടറാണ് (എംഡി).

ഒപ്‌റ്റോമെട്രിസ്റ്റ്

[തിരുത്തുക]

ലോകാരോഗ്യ സംഘടനയുടെ അംഗത്വമുള്ള വേൾഡ് കൌൺസിൽ ഓഫ് ഒപ്റ്റോമെട്രിയുടെ [3] നിർവ്വചന പ്രകാരം ഒപ്റ്റോമെട്രിസ്റ്റ് എന്നാൽ കണ്ണ് ഉൾപ്പടെയുള്ള വിഷ്വൽ സിസ്റ്റത്തിന്റെ പ്രാഥമിക ആരോഗ്യപരിപാലകരാണ്. ഒപ്റ്റോമെട്രിസ്റ്റുകൾ സമഗ്രമായ നേത്ര-കാഴ്ച പരിചരണം നൽകുന്നു, അതിൽ റിഫ്രാക്ഷൻ, ഡിസ്പെൻസിംഗ്, രോഗനിർണയം, കണ്ണിലെ രോഗം കൈകാര്യം ചെയ്യൽ, വിഷ്വൽ സിസ്റ്റത്തിന്റെ അവസ്ഥകളുടെ പുനരധിവാസം എന്നിവ ഉൾപ്പെടുന്നു.[4]

ഓർത്തോപ്റ്റിസ്റ്റ്

[തിരുത്തുക]

ഇന്റർനാഷണൽ ഓർത്തോപ്റ്റിക് അസോസിയേഷൻ രൂപരേഖ പ്രകാരം, ഓർത്തോപ്റ്റിസ്റ്റുകൾ, കണ്ണിന്റെ ചലനം, രണ്ട് കണ്ണുകളുടേയും ഏകോപന പ്രശ്നങ്ങൾ, വിഷ്വൽ ആക്സിസിൻറെ തെറ്റായ ക്രമീകരണം, കൺവെർജൻസ്/അക്കൊമഡേഷൻ പ്രശ്നങ്ങൾ, ആംബ്ലിയോപിയ, സ്ട്രാബിസ്മസ്, ബൈനോക്കുലർ വിഷൻ ഡിസോർഡേഴ്സ് തുടങ്ങിയ അവസ്ഥകളിൽ വിദഗ്ദ്ധരാണ്.[5] ശസ്ത്രക്രിയയിൽ നേത്രരോഗവിദഗ്ദ്ധരെ സഹായിക്കുക, ഓർത്തോപ്റ്റിക് വിദ്യാർത്ഥികൾ, മറ്റ് അനുബന്ധ ആരോഗ്യ മേഖലകളിലെ വിദ്യാർത്ഥികൾ, മെഡിക്കൽ വിദ്യാർത്ഥികൾ, നേത്രരോഗവിദഗ്ദ്ധർ, കൂട്ടാളികൾ എന്നിവരെ പഠിപ്പിക്കുക, കാഴ്ച ഗവേഷകരായി പ്രവർത്തിക്കുക, കാഴ്ച സ്ക്രീനിംഗ് നടത്തുക, കാഴ്ച വൈകല്യം വിലയിരുത്തൽ, ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്റർമാരായി പ്രവർത്തിക്കുക എന്നിവയെല്ലാം ഓർത്തോപ്റ്റിസ്റ്റുകൾ ചെയ്യാറുണ്ട്. [6]

ഒക്കുലാറിസ്റ്റ്

[തിരുത്തുക]

മുറിവുകൾ അല്ലെങ്കിൽ അസുഖം മൂലം കണ്ണുകൾ നഷ്ടപ്പെട്ട ആളുകൾക്ക് ഒക്കുലാർ പ്രോസ്റ്റസിസ് നിർമ്മിക്കുന്നതിലും ഘടിപ്പിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയവരാണ് ഒക്കുലറിസ്റ്റുകൾ.

ഒപ്റ്റീഷ്യൻ

[തിരുത്തുക]

ഒഫ്താൽമിക് ലെൻസുകൾ, കണ്ണട, കോൺടാക്റ്റ് ലെൻസുകൾ, ലോ വിഷൻ എയ്ഡുകൾ, ഒക്കുലാർ പ്രോസ്തെറ്റിക്സ് എന്നിവ ഘടിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയവരാണ് ഒപ്റ്റിഷ്യൻമാർ. അവരെ "ഒപ്റ്റിക്കൽ ഡിസ്പെൻസർ", "ഡിസ്പെൻസിംഗ് ഒപ്റ്റിഷ്യൻ", "ഒഫ്താൽമിക് ഡിസ്പെൻസർ" എന്നും വിളിക്കാറുണ്ട്. കണ്ണട നിർമ്മിക്കാനുള്ള ലെൻസുകളുടെ കുറിപ്പ് ഒരു നേത്രരോഗവിദഗ്ദ്ധൻ, ഒപ്റ്റോമെട്രിസ്റ്റ് അല്ലെങ്കിൽ ഒരു ഓർത്തോപ്റ്റിസ്റ്റ് നൽകണം. മിക്ക രാജ്യങ്ങളിലും ഇത് നിയന്ത്രിത തൊഴിലാണ്.

നേത്രരോഗവിദഗ്ദ്ധർ, ഒപ്റ്റോമെട്രിസ്റ്റുകൾ, ഓർത്തോപ്റ്റിസ്റ്റുകൾ എന്നിവ തമ്മിലുള്ള വ്യത്യാസം

[തിരുത്തുക]

എളുപ്പത്തിൽ പറഞ്ഞാൽ, നേത്രരോഗവിദഗ്ദ്ധർ, നേത്ര ചികിൽസയിലും ശസ്ത്രക്രിയയിലും വൈദഗ്ധ്യം നേടിയ ഡോക്ടർമാരുമാണെന്നും, ഒപ്റ്റോമെട്രിസ്റ്റുകൾ പ്രാഥമിക നേത്ര സംരക്ഷണ ദാതാക്കളാണെന്നും പറയാം. ഈ തൊഴിലുകൾക്കിടയിൽ പരിശീലനത്തിന്റെ വ്യാപ്തിയിൽ ഗണ്യമായ ഓവർലാപ്പ് ഉണ്ട്. ലൈസൻ‌സറിനെ സംബന്ധിച്ച നിയമങ്ങൾ‌ സ്ഥലത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു, പക്ഷേ സാധാരണയായി നേത്രരോഗവിദഗ്ദ്ധർ‌ക്ക് ശസ്ത്രക്രിയാ ഓപ്ഷനുകൾ‌ക്കൊപ്പം ഒപ്റ്റോമെട്രിസ്റ്റിന്‌ സമാനമായ പരിചരണം നൽകുന്നതിന് ലൈസൻ‌സ് ഉണ്ട്. മിക്ക സ്ഥലങ്ങളിലും ശസ്ത്രക്രിയയാണ് രണ്ട് തൊഴിലുകളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം.

ചരിത്രപരമായി, നേത്രരോഗം മെഡിക്കൽ ഡോക്ടർമാരുടെ ഒരു സ്പെഷ്യലൈസേഷനായി വികസിച്ചുവന്നതും, ഒപ്റ്റോമെട്രി ജനങ്ങളുടെ കാഴ്ചശക്തി പരിശോധനയും, കണ്ണടയും ആയി ബന്ധപ്പെട്ട് വികസിച്ചു വന്നതുമാണ്. പല രാജ്യങ്ങളിലും ഒപ്റ്റോമെട്രിസ്റ്റുകൾ നേത്രരോഗങ്ങൾ പരിശോധിക്കുകയും പ്രാഥമിക നേത്ര രോഗങ്ങൾ ചികിത്സിക്കുകയും ചെയ്യുന്നു, കൂടാടെ പല ഒഫ്താൽമോളജിസ്റ്റുകളും കാഴ്ച ശക്തി പരിശോധിച്ച് കണ്ണടയ്ക്കുള്ള കുറിപ്പടി നൽകുന്നു, അതിനാൽ ഈ വ്യത്യാസം കുറഞ്ഞുവന്നു. പശ്ചാത്തലത്തിലെ വ്യത്യാസം മുമ്പ് രണ്ട് തൊഴിലുകളും തമ്മിൽ ചില പൊരുത്തക്കേടുകൾക്ക് കാരണമായിട്ടുണ്ട്. ഒപ്‌റ്റോമെട്രിസ്റ്റിന്റെ വിദ്യാഭ്യാസ പശ്ചാത്തലം തങ്ങളുടേതിൽ നിന്ന് വ്യത്യസ്‌തമാണെന്ന് നേത്രരോഗവിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിച്ചു. നേത്രരോഗവിദഗ്ദ്ധർ കണ്ണിന്റെ ആരോഗ്യഘടനയെ പരിപാലിക്കുന്നതായും മറ്റ് കാഴ്ച വൈകല്യങ്ങൾ ചികിത്സിക്കാൻ അനുവദിക്കാത്തതായും ഒപ്റ്റോമെട്രിസ്റ്റുകൾ വിമർശിക്കുന്നു. ഉദാഹരണത്തിന്, ഗ്ലോക്കോമയും അക്കൊമഡേഷൻ സ്പാസവും ഉള്ള ഒരു രോഗിയെ പരിഗണിക്കുക. ഗ്ലോക്കോമയെ തിരിച്ചറിയുന്നതിൽ ഒപ്റ്റോമെട്രിസ്റ്റ് പരാജയപ്പെടുമെന്ന് നേത്രരോഗവിദഗ്ദ്ധർ ആശങ്കപ്പെടുന്നു. അക്കൊമഡേഷൻ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിൽ നേത്രരോഗവിദഗ്ദ്ധൻ പരാജയപ്പെടുമെന്ന് ഒപ്റ്റോമെട്രിസ്റ്റുകൾ ആശങ്കപ്പെടുന്നു. പക്ഷെ 2012 ലെ കണക്കനുസരിച്ച്, ഈ രണ്ട് ആശങ്കകളും അസാധുവാണ്, കാരണം രണ്ട് തരത്തിലുള്ള പ്രൊഫഷണലുകളുടെയും വിദ്യാഭ്യാസം രണ്ട് നിബന്ധനകളും കൈകാര്യം ചെയ്യാൻ അവരെ തയ്യാറാക്കുന്നു. (ആഗോളതലത്തിൽ ഇത് ശരിയായിരിക്കില്ല, കാരണം രണ്ട് തൊഴിലുകളുടെയും നിർവചനവും വിദ്യാഭ്യാസവും ഓരോ രാജ്യത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.) ഒപ്‌റ്റോമെട്രിസ്റ്റുകളും നേത്രരോഗവിദഗ്ദ്ധരും തമ്മിലുള്ള സഹകരണം കാരണം, പരിചരണത്തിന്റെ ഗുണനിലവാരം, അവർ ഏതുതരം പ്രൊഫഷണലാണ് എന്നതിനേക്കാൾ വ്യക്തിഗത കഴിവുകളെ ആശ്രയിച്ചിരിക്കുന്നു. ഇൻഡ്യയിൽ നേത്ര രോഗ ചികിൽസയും, ശസ്ത്രക്രിയയും മെഡിക്കൽ ഡോക്ടർമാരുടെ, പ്രത്യേകിച്ചും ഒഫ്താൽമോളജിസ്റ്റുകളുടെ ചുമതലയാണ്. ഒപ്റ്റോമെട്രിസ്റ്റുകൾ പ്രാഥമിക നേത്ര സംരക്ഷണം നടത്തുകയും, കണ്ണുമായും കാഴ്ചയുമായും ബന്ധപ്പെട്ട വൈകല്യങ്ങൾ കണ്ടെത്തുകയും, കണ്ണടയും കോണ്ടാക്റ്റ് ലെന്സും നിർദ്ദേശിക്കുകയും ചെയ്യുന്നു. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട നിരവധി നൂതന ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും ഒപ്റ്റോമെട്രിസ്റ്റുകളുടെ ചുമതലയിൽ പെട്ട കാര്യമാണ്. കണ്ണിന്റെ ചലനം, കൺവെർജൻസ്/അക്കൊമഡേഷൻ പ്രശ്നങ്ങൾ, കോങ്കണ്ണ്, ലോ-വിഷൻ മുതലായവയും ഒപ്റ്റോമെട്രിസ്റ്റുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്.

വിഷ്വൽ ആക്സിസിൻറെ തെറ്റായ ക്രമീകരണം, ബൈനോക്കുലർ വിഷൻ പ്രശ്നങ്ങൾ, സ്ട്രാബിസ്മസ് രോഗികളുടെ പ്രീ / പോസ്റ്റ് സർജിക്കൽ കെയർ എന്നിവ പോലുള്ള നേത്രചലനത്തിലും ഏകോപനത്തിലുമുള്ള പ്രശ്നങ്ങൾ നിർണ്ണയിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഓർത്തോപ്റ്റിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കുന്നു. മരുന്നുകളോ ശസ്ത്രക്രിയയോ ഉപയോഗിച്ച് അവർ നേരിട്ട് ഒക്കുലാർ രോഗത്തെ ചികിത്സിക്കുന്നില്ല. ഒപ്റ്റിക്കൽ എയ്ഡുകളും നേത്ര വ്യായാമങ്ങളും ഉപയോഗിച്ച് രോഗികളെ ചികിത്സിക്കാൻ ഓർത്തോപ്റ്റിസ്റ്റുകൾക്ക് കഴിയും. ഓർത്തോപ്റ്റിസ്റ്റുകൾ ബൈനോക്കുലർ വിഷൻ ട്രീറ്റ്മെന്റ്, വിഷ്വൽ ഫീൽഡ് ലോസ് മാനേജ്മെന്റ്, അക്കൊമഡേഷൻ തെറാപ്പി എന്നിവ കൈകാര്യം ചെയ്യുന്നു. കമ്പ്യൂട്ടർവത്കൃത ആക്സിലറി പരിശോധനയ്‌ക്കൊപ്പം അവർ പലപ്പോഴും സ്റ്റാൻഡേർഡ് കണ്ണ്, കാഴ്ച പരിശോധന എന്നിവയും നടത്തുന്നു.

കുട്ടികളെയും ( ആംബ്ലിയോപിയ, സ്ട്രാബിസ്മസ് പോലുള്ളവ) മുതിർന്നവരെയും ( തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി പോലുള്ളവ) ബാധിക്കുന്ന സാധാരണ ഒക്കുലാർ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിൽ മൂന്ന് തരത്തിലുള്ള പ്രൊഫഷണലുകളും ഉൾപ്പെടുന്നു.

പരാമർശങ്ങൾ

[തിരുത്തുക]
  1. "About the Academy". American Academy of Ophthalmology. Archived from the original on 19 December 2014. Retrieved 13 January 2015.
  2. http://www.medicinenet.com/script/main/art.asp?articlekey=22559
  3. "Our partners". World Council of Optometry. Archived from the original on 2017-01-25. Retrieved 13 January 2015.
  4. "Who is an optometrist?". World Council of Optometry. Archived from the original on 17 December 2014. Retrieved 13 January 2015.
  5. "About Us". International Orthoptic Association. Retrieved 13 January 2015.
  6. "The Orthoptist". International Orthoptic Association. 2001. Archived from the original (Word Document) on July 31, 2009.