Jump to content

രഞ്ജി ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമാണ് രഞ്ജിട്രോഫി. ഇതിൽ ഇന്ത്യയിലെ പല പട്ടണങ്ങളും, സംസ്ഥാനങ്ങളും പങ്കെടുക്കുന്നു. രഞ്ജിട്രോഫി ഇംഗ്ലണ്ടിലെ കൌണ്ടി ക്രിക്കറ്റിനും, ആസ്ത്രേല്യയിലെ പ്യുറാ കപ്പിനും സമാനമാണ്. നവാനഗറിലെ നാടുവാഴിയായിരുന്ന രാജ്കുമാർ രഞ്ജിത് സിങ്ങ് ജി യുടെ ഓർമ്മക്കായാണ് രഞ്ജി ട്രോഫി എന്ന് പേർ വച്ചത്. അദ്ദേഹമാണ് ക്രിക്കറ്റിന് ഇന്ത്യയിൽ ഇന്നു കാണുന്ന പ്രചാരം നൽകിയത്. ഇംഗ്ലണ്ടിൽ വച്ചു മാത്രമേ അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ [1]

ചരിത്രം

[തിരുത്തുക]

ഒരു ദേശീയ ചാമ്പ്യൻഷിപ്പ് എന്ന ആശയം 1934 ജൂലൈയിൽ സിംലയിൽ നടന്ന ബി.സി.സി.ഐ-യുടെ മീറ്റിങ്ങിൽ സെക്രട്ടറിയായ ആന്റണി ഡിമെല്ലോയാണു ആദ്യം അവതരിപ്പിച്ചതു്. ഇതിനു വേണ്ടി രണ്ടടി പൊക്കമുള്ള ഒരു ട്രോഫിയുടെ ചിത്രവും അദ്ദേഹം തയ്യാറാക്കിയിരുന്നു. അവിടെ സന്നിഹിതനായിരുന്ന പട്യാലാ മഹാരാജാവ് ഭൂപീന്ദർ സിങ്ങ് അപ്പോൾത്തന്നെ 500 പൗണ്ട് വിലയുള്ള ഒരു സ്വർണ ട്രോഫി വാഗ്ദാനം ചെയ്തു. ഇതിനു അദ്ദേഹം രഞ്ജി ട്രോഫി എന്ന പേർ നിർദ്ദേശിച്ചു. കുറച്ചു നാളുകൾക്കു ശേഷം ഭൂപീന്ദർ സിങ്ങിന്റെ എതിരാളിയായിരുന്ന വിജയനഗരത്തിലെ മഹാരാജ്‌കുമാറ്‌ തന്റെ വകയായി സ്വർണം കൊണ്ടു തന്നെ ഉള്ള വില്ലിങ്‌ടൺ ട്രോഫി വാഗ്ദാനം ചെയ്തു (അന്നത്തെ വൈസ്രോയിയായിരുന്നു വില്ലിങ്‌ടൺ പ്രഭു). 1934 ഒക്ടോബറിൽ നടന്ന ബി.സി.സി.ഐ-യുടെ ഒരു സമ്മേളനം വില്ലിങ്‌ടൺ ട്രോഫിയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ആദ്യ ജേതാക്കളായ ബോംബേയ്ക്കു സമ്മാനിക്കപ്പെട്ടതു ഭൂപീന്ദർ സിങ്ങിന്റെ രഞ്ജി ട്രോഫിയായിരുന്നു. [2]

ആദ്യത്തെ കുറെ വർഷങ്ങൾ രഞ്ജി ട്രോഫി ബോംബെയിൽ നടന്നിരുന്ന പെന്റാഒഗുലർ മത്സരത്തിന്റെ നിഴലിലാണു കഴിഞ്ഞത്. പ്രാധാന്യത്തിലും കാണികളുടെ എണ്ണത്തിലും പെന്റാഒഗുലർ വളരെ മുമ്പിലായിരുന്നു. 1945-46-ല് പെന്റാഒഗുലർ നിർത്തിവയ്ക്കപ്പെട്ട ശേഷമാണു രഞ്ജി ട്രോഫിയ്ക്കു ഇന്നത്തെ പ്രാധാന്യം കൈവന്നതു.

ലോകമഹായുദ്ധകാലത്തു ഇന്ത്യയൊഴിച്ചു മറ്റെല്ലാ രാജ്യങ്ങളിലും ആഭ്യന്തര ക്രിക്കറ്റ് തടസ്സപ്പെട്ടു. 1939-40 മുതലുള്ള പത്തോളം വർഷങ്ങൾ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബാറ്റിങ്ങിന്റെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. ബാറ്റിങ്ങിനു അനുകൂലമായ വിക്കറ്റുകളും, വിജയ് മെർച്ചന്റിനേയും വിജയ് ഹസാരെയെയും പോലെയുള്ള അങ്ങേയറ്റം ക്ഷമാശീലരായ ബാറ്റ്സ്മാന്മാരുടെ ഉദയവും, ആഭ്യന്തര ക്രിക്കററ്റിലെ ചില നിയമങ്ങളുമെല്ലാം കൂറ്റൻ സ്കോറുകൾക്കു വഴി തെളിച്ചു.[1] ഇന്നും നിലനിൽക്കുന്ന പല ബാറ്റിങ്ങ് റെക്കോർഡുകളും ഈ കാലത്താണു സ്ഥാപിക്കപ്പെട്ടത്. [2]

നാല്പതുകളുടെ അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളിൽ വലിയ മാറ്റങ്ങൾ വന്നു. തങ്ങളുടെ പതിനാലു വർ‌ഷങ്ങളിൽ പത്തു ഫൈനൽ കളിച്ച ഹോൾക്കാറും മറ്റു പല നാട്ടുരാജ്യങ്ങളും പ്രവിശ്യകളും അപ്രത്യക്ഷമായി. സിന്ധ്‌ പോലെയുള്ള ചിലവ പാക്കിസ്ഥന്റെ ഭാഗമായി. 1957-ഓടെ ഇന്നു കാണുന്ന ടീമുകൾ മിക്കവാറും നിലവിൽ വന്നു. ഇക്കാലം വരെ പശ്ചിമമേഖലയിൽ നിന്നുള്ള ടീമുകളാണു മേധാവിത്വം പുലറ്ത്തിയിരുന്നതു. 1958-59-ൽ നിന്നു തുടർച്ചയായി പതിനഞ്ചു വർഷം ബോംബെ കിരീടം നേടി. ഇന്ത്യയുടെ ടീമിൽ നാലും അഞ്ചും ബോംബെ കളിക്കാർ ഉണ്ടാവുക സാധാരണമായിരുന്നു. പലപ്പോഴും, ഇവർ ദേശീയ ടീമിനു വേണ്ടി കളിക്കുന്ന തിരക്കിലായിരിക്കുമ്പോൾ, രണ്ടാം നിര കളിക്കാരെ ഉപയോഗിച്ചാണു ബോംബെ തങ്ങളുടെ വിജയശൃംഖല പണിതത് എന്നതാണു ഇതിലെ വിസ്മയകരമായ കാര്യം.[3]

അറുപതുകളുടെ അന്ത്യത്തോടെ കാറ്റു മാറി വീശിത്തുടങ്ങി. ചന്ദ്രശേഖർ, പ്രസന്ന, വിശ്വനാഥ് തുടങ്ങിയ പ്രമുഖ കളിക്കാരടങ്ങിയ കർണാടകയാണു ബോംബെയ്ക്കു ആദ്യം ഭീഷണി ഉയർത്തിയതു. എഴുപതുകളുടെ മധ്യത്തിൽ വടക്കു ഡൽഹിയും ശക്തമായ ഒരു കൂട്ടുകെട്ടിനെ സംഘടിപ്പിച്ചു. 1973-74-ലെ സെമിയിൽ കർണാടക ബോംബെയുടെ വിജയങ്ങളുടെ പരമ്പരയ്ക്കു അന്ത്യം വരുത്തി. 1985-86 വരെയുള്ള പതിമൂന്നു വർഷങ്ങളിൽ ഡെൽഹി നാലും കർണാടക മൂന്നും ബോംബെ ആറും തവണ ജേതാക്കളായി.

ഏകദിനക്രിക്കറ്റിന് പെട്ടെന്നുണ്ടായ പ്രചാരവും 1983-ലെ ലോകകപ്പ് വിജയവും ടെലിവിഷൻ സാധാരണമായതുമെല്ലാം ക്രിക്കറ്റ് ഇന്ത്യയുടെ ഉൾ‌പ്രദേശങ്ങളിലേക്കും പടരാൻ കാരണമായി. അതോടെ മുൻപു രണ്ടാം നിരയിലിരുന്ന ടീമുകൾ മുന്നോട്ടു വരാൻ തുടങ്ങി. 2006-07-നു മുൻപുള്ള പത്തു വർഷങ്ങളിൽ പതിനൊന്നു വ്യതസ്ത ടീമുകൾ ഫൈനൽ കളിച്ചു. ബറോഡ, റെയില്‌വേസ്, ഉത്തർ പ്രദേശ്, പഞ്ചാബ് തുടങ്ങിയ “ചെറിയ” ടീമുകൾ ജേതാക്കളാവുകയും ചെയ്തു. 2007 ഫെബ്രുവരിയിൽ നടന്ന എഴുപത്തി മൂന്നാമത് രഞ്ജി ട്രോഫിയുടെ ഫൈനലിൽ മുംബൈ (പഴയ ബോംബെ) തങ്ങളുടെ മുപ്പത്തിയേഴാം കിരീടം നേടി.

ആരംഭകാലത്ത് ടീമുകള് നാട്ടുരാജ്യങ്ങളേയും ബ്രിട്ടിഷ് പ്രവിശ്യകളേയുമാണു പ്രതിനിധീകരിചിരുന്നത്. സ്വാതന്ത്ര്യത്തിനും സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിനും ശേഷം ഇതു മിക്കവാറും മാറിയെങ്കിലും ബോംബെ, ഹൈദ്രാബാദ്, സൗരാഷ്‌ട്ര തുടങ്ങിയ ടീമുകളിൽ ഇപ്പോളും പഴയ സ്വാധീനം കാണാം. അതുപോലെതന്നെ സംസ്ഥാനങ്ങളുമായോ, പട്ടണങ്ങളുമായോ ബന്ധമില്ലാത്ത റെയിൽ‌വേസ്, സർവ്വീസസ് എന്നീ ടീമുകളും മത്സരിക്കുന്നുണ്ട്.

ചരിത്രം

[തിരുത്തുക]
രഞ്ജിത്ത് സിങ്ങ് ജി രാജകുമാരൻ- ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ്

1934-35-ൽ നടന്ന ആദ്യ മത്സരപരമ്പരയിൽ പതിനഞ്ചു ടീമുകൾ പങ്കെടൂത്തു. നോക്കൌട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങൾ നടന്നതു. ആദ്യ കാലങ്ങളിൽ ടീമുകളെ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നു നാലു മേഖലകളായി തിരിച്ച്, ഓരോ മേഖലകളിലേയും ജേതാക്കൾ സെമിഫൈനലിൽ കളിക്കുന്ന രീതിയാണു ഉപയോഗിച്ചത്. [4] അല്പകാലം അവസാന മത്സരങ്ങൾ ഒരാൾ വിജയിക്കുന്നതു വരെ (“സമയ ബന്ധിതമല്ലാത്ത”) ആയിരുന്നെങ്കിലും 1949-50 മുതൽ എല്ലാ മത്സരങ്ങളും സമയബന്ധിതമാക്കി. മധ്യമേഖലയെക്കൂടി ഉൾപ്പെടുത്തി 1952-53-ൽ പുനക്രമീകരണം ചെയ്തു.

1957-58-ൽ പ്രാദേശിക മത്സരങ്ങൾ നോക്കൌട്ടിനു പകരം ലീഗ് ആക്കി. ഓരോ മേഖലയിൽ നിന്നും ഒരു ടീമാണു നോക്കൌട്ടിലേക്കു കടന്നിരുന്നതു. 1970-71 മുതൽ ഇതു രണ്ടും 1992-93-ൽ മൂന്നും ആയി. 1996-97-ൽ രണ്ടാം റൌണ്ടിലേയും ആദ്യ മത്സരങ്ങൾ ലീഗ് ആക്കി.

ഇപ്പോൾ

[തിരുത്തുക]

2002-03-സീസണിന്റെ തുടക്കത്തോടെ, മേഖലാ സംവിധാനം അവസാനിപ്പിക്കുകയും രണ്ടു ഡിവിഷനുകളായുള്ള ഒരു ഘടനയുണ്ടാക്കുകയും ചെയ്യ്തു. എലൈറ്റ്, പ്ലേറ്റ് എന്നിവയായിരുന്നു അവ. പിന്നീട് 2006-07- സീസൺ ആയപ്പോഴേക്കും ഇതിൽ പുന:ക്രമീകരണം നടത്തി യഥാക്രമം സൂപ്പർ ലീഗ്, പ്ലേറ്റ് ലീഗ് എന്നിവയാക്കി.

സൂ‍പ്പർ ലീഗിനെ ഏഴും, എട്ടും ടീമുകളായി വിഭജിച്ചപ്പോൾ പ്ലേറ്റ് ലീഗിനെ ആറ് ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി. ഈ രണ്ടു വിഭാഗങ്ങളിൽ നിന്നുള്ള ആദ്യ രണ്ടു ടീമുകൾ നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശനം നേടുന്നു. പ്ലേറ്റ് ലീഗിൽ ഫൈനലിലെത്തുന്ന ടീമുകൾ അടുത്ത വർഷത്തെ സൂപ്പർ ലീഗിലേക്ക് പ്രവേശനം നേടുന്നു. അതേസമയം സൂപ്പർ ലീഗിൽ ഏറ്റവും തഴെയുള്ള രണ്ട് ടീമുകൾ പ്ലേറ്റ് ലീഗിലേക്കു്‍ തരം താഴ്ത്തപ്പെടുന്നു.

പോയിന്റ് രീതി

[തിരുത്തുക]

രണ്ടു ലീഗിലെയും പോയിന്റ് രീതി താഴെ കൊടുക്കുന്നു.

സ്വഭാവം പോയിന്റുകൾ
വിജയം 4
ആദ്യ ഇന്നിങ്സ് ലീഡ് 2 *
ബോണസ് പോയിന്റ് (ഇന്നിങ്സിനോ പത്ത് വിക്കറ്റ് വിജയത്തിനോ) 1
ഫലമില്ലാത്തവ 0
ആദ്യ ഇന്നിങ്സ് കമ്മി 0 *
പരാജയം 0

നോട്ട്* - മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ.


1990-കൾ വരെ ഒരു ടീമിനു വേണ്ടി കളിക്കണമെങ്കിൽ അവിടുത്തുകാർക്കോ അവിടെ ജോലി ചെയ്യുന്നവർക്കോ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഓരോ ടീമിനും പുറത്തു നിന്നു മൂന്നു കളിക്കാരെ വരെ എടുക്കാൻ അനുവാദമുണട്. ചില ടീമുകൾ വിദേശകളിക്കാരെ പോലും ഉപയോഗിക്കാറുണ്ടു. [3]

ഇന്നു കളിക്കാർക്കു മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു ഓരോ ദിവസവും 25,000 രൂപ വീതം ലഭിക്കുന്നു.[4] കളി നിയന്ത്രിക്കുന്ന അമ്പയർമാർക്കു ഒരു ദിവസം 5,000 രൂപ നൽകുന്നു.[5] പഴയ രഞ്ജി കളികാർക്കു വേണ്ടി പെൻഷൻ സമ്പ്രദായവും നിലവിലുണ്ട്.

മുൻ‌കാല ജേതാക്കൾ

[തിരുത്തുക]
വർഷം വിജയികൾ രണ്ടാംസ്ഥാനക്കാർ
1934-35 ബോംബെ നോർത്തേണ് ഇന്ത്യ 1935-36 ബോംബെ മദ്രാസ് 1936-37 നവാനഗര് ബംഗാൾ
1937-38 ഹൈദരാബാദ് നവാനഗര് 1938-39 ബംഗാൾ സൗത്തേണ് പഞ്ചാബ് 1939-40 മഹാരാഷ്ട്ര യുണൈറ്റഡ് പ്രൊവിൻസ്
1940-41 മഹാരാഷ്ട്ര മദ്രാസ് 1941-42 ബോംബെ മൈസൂർ 1942-43 ബറോഡ ഹൈദരാബാദ്
1943-44 വെസ്റ്റേണ് ഇന്ത്യ ബംഗാൾ 1944-45 ബോംബെ ഹോൾക്കര് 1945-46 ഹോൾക്കര് ബറോഡ
1946-47 ബറോഡ ഹോൾക്കര് 1947-48 ഹോൾക്കര് ബോംബെ 1948-49 ബോംബെ ബറോഡ
1949-50 ബറോഡ ഹോൾക്കര് 1950-51 ഹോൾക്കര് ഗുജറാത്ത് 1951-52 ബോംബെ ഹോൾക്കര്
1952-53 ഹോൾക്കര് ബംഗാൾ 1953-54 ബോംബെ ഹോൾക്കര് 1954-55 മദ്രാസ് ഹോൾക്കര്
1955-56 ബോംബെ ബംഗാൾ 1956-57 ബോംബെ സർവ്വീസസ് 1957-58 ബറോഡ സർവ്വീസസ്
1958-59 ബോംബെ ബംഗാൾ 1959-60 ബോംബെ മൈസൂർ 1960-61 ബോംബെ രാജസ്ഥാന്
1961-62 ബോംബെ രാജസ്ഥാന് 1962-63 ബോംബെ രാജസ്ഥാന് 1963-64 ബോംബെ രാജസ്ഥാന്
1964-65 ബോംബെ ഹൈദരാബാദ് 1965-66 ബോംബെ രാജസ്ഥാന് 1966-67 ബോംബെ രാജസ്ഥാന്
1967-68 ബോംബെ മദ്രാസ് 1968-69 ബോംബെ ബംഗാൾ 1969-70 ബോംബെ രാജസ്ഥാന്
1970-71 ബോംബെ മഹാരാഷ്ട്ര 1971-72 ബോംബെ ബംഗാൾ 1972-73 ബോംബെ തമിഴ് നാട്
1973-74 കർണാടക രാജസ്ഥാന് 1974-75 ബോംബെ കർണാടക 1975-76 ബോംബെ ബീഹാര്
1976-77 ബോംബെ ഡെൽഹി 1977-78 കർണാടക ഉത്തർപ്രദേശ് 1978-79 ഡെൽഹി കർണാടക
1979-80 ഡെൽഹി ബോംബെ 1980-81 ബോംബെ ഡെൽഹി 1981-82 ഡെൽഹി കർണാടക
1982-83 കർണാടക ബോംബെ 1983-84 ബോംബെ ഡെൽഹി 1984-85 ബോംബെ ഡെൽഹി
1985-86 ഡെൽഹി ഹരിയാന 1986-87 ഹൈദരാബാദ് ഡെൽഹി 1987-88 തമിഴ് നാട് റെയിൽ‌വേസ്
1988-89 ഡെൽഹി ബംഗാൾ 1989-90 ബംഗാൾ ഡെൽഹി 1990-91 ഹരിയാന ബോബൈ
1991-92 ഡെൽഹി തമിഴ് നാട് 1992-93 പഞ്ചാബ് മഹാരാഷ്ട്ര 1993-94 മുംബൈ ബംഗാൾ
1994-95 മുംബൈ പഞ്ചാബ് 1995-96 കർണാടക തമിഴ് നാട് 1996-97 മുംബൈ ഡെൽഹി
1997-98 കർണാടക ഉത്തർപ്രദേശ് 1998-99 കർണാടക മധ്യപ്രദേശ് 1999-00 മുംബൈ ഹൈദരാബാദ്
2000-01 ബറോഡ റെയിൽ‌വേസ് 2001-02 റെയിൽ‌വേസ് ബറോഡ 2002-03 മുംബൈ തമിഴ് നാട്
2003-04 മുംബൈ തമിഴ് നാട് 2004-05 റെയിൽ‌വേസ് പഞ്ചാബ് 2005-06 ഉത്തർപ്രദേശ് ബംഗാൾ
2006-07 മുംബൈ ബംഗാൾ 2007-08 ഡൽഹി ഉത്തർപ്രദേശ് 2008-09 മുംബൈ ഉത്തർപ്രദേശ്
2009-10 മുംബൈ കർണാടക 2010-11 രാജസ്താൻ ബറോഡ 2011-12 രാജസ്താൻ തമിഴ്‌നാട്
2012-13 മുംബൈ സൗരാഷ്ട്ര

ബോംബെ 1993-94-ൽ മുംബൈയും മദ്രാസ് 1970-71-ൽ തമിഴ് നാടും മൈസൂർ 1973-74-ൽ കർണാടകയും ആയി മാറി.

റെക്കോർഡുകൾ

[തിരുത്തുക]

[6] [7] [8]

1 കിരീടങ്ങള് മുംബൈ (ബോംബെ) 37 വിജയങ്ങള്
2 ഉയർന്ന സ്കോർ (ടീം) ഹൈദ്രാബാദ് 944-6, ആന്ധ്രക്കെതിരേ, 1993-94 [5]
3 ഉയർന്ന സ്കോർ (വ്യക്തി) ഭാവുസാഹെബ്ബ് നിംബാൽക്കർ 443*, മഹാരാഷ്ട v കത്തിയവാറ്, 1948-49 [6]
4 കുറഞ്ഞ സ്കോർ (ടീം) തെക്കൻ പഞ്ചാബ് 22, v വടക്കെ ഇന്ത്യ 1934-35 [7]
5 മികച്ച ബൌളിംഗ് (ഇന്നിംഗ്്സ്) പ്രേമാംശു ചാറ്റര്ജി 10/20, ബംഗാള് v അസം, 1956-57 [8]
6 മികച്ച ബൌളിംഗ് (മത്സരം) അനിൽ കുംബ്ലെ 16/99, കർണാടക v കേരളം, 1994-95 [9]
7 കൂടുതൽ റൺസ് (കരിയർ) അമര്ജിത്ത്‌ കേയ്‌പീ 109 മത്സരത്തിൽ 7623 റൺസ്
8 കൂടുതൽ ശതകങ്ങൾ (കരിയർ) അജയ് ശർമ 31 ശതകങ്ങൾ
9 കൂടുതൽ വിക്കറ്റുകൾ (കരിയർ) രാജീന്ദർ ഗോയൽ 640 വിക്കറ്റുകള് [9]
10 കൂടിയ ശരാശരി വിജയ് മെർച്ചന്റ് 98.35, 3639 റൺസ്, 47 ഇന്നിംഗ്സ്, 10 നോട്ട് ഔട്ട്
11 കൂടുതൽ റൺസ് (സീസണ്) വി. വി. എസ്. ലക്ഷ്മൺ 1415 റൺസ് , 1999-2000 [10]
12 കൂടുതൽ ശതകങ്ങൾ (സീസൺ) വി. വി. എസ്. ലക്ഷ്മൺ 8 (9 മത്സരങ്ങൾ), 1999-2000 [11]
13 കൂടുതൽ വിക്കറ്റുകൾ (സീസൺ) ബിഷൻ ബേദി 64 വിക്കറ്റുകള് , 8 മത്സരങ്ങൾ, ശരാശരി 8.53, 1974-75 [12]

റെക്കോർഡുകൾ (കേരളത്തിന്റെ)

[തിരുത്തുക]
1 ഉയർന്ന സ്കോർ 566-6 v സർവീസസ്, 2007-08 [13]
2 കുറഞ്ഞ സ്കോർ 27 v മൈസൂർ, 1963-64 [14]
3 വലിയ വിജയം ഇന്നിംഗ്സും 148 റൺസും v ത്രിപുര, 2002-03 [15]
4 വലിയ പരാജയം ഇന്നിംഗ്സും 242 റൺസും v കറ്ണാടക, 1991-92 [16] [17]
5 വ്യക്തിഗത സ്കോർ 306*, ശ്രീകുമാർ നായർ v സർവീസസ്, 2007-08 [18]
6 വലിയ കൂട്ടുകെട്ട് 410, ബാലൻ പണ്ഡിറ്റും ജോർജ്ജ് അബ്രഹാമും v ആന്ധ്ര, 1959-60 [19]
7 കൂടുതൽ റൺസ് (വ്യക്തി) 3906 , സുനിൽ ഒയാസിസ് 1993-94 - 2005-06 [20]
8 മികച്ച ബൌളിംഗ് (ഇന്നിങ്സ്) 9/45, അമർജിത്ത് സിംഗ് v ആന്ധ്ര, 1971-72 [21]
9 മികച്ച ബൌളിംഗ് (മത്സരം) 14/77, ബി. രാംപ്രകാശ് v കറ്ണാടക, 1996-97 [22]
10 കൂടുതൽ വിക്കറ്റുകൾ 310, കെ. എൻ. അനന്തപത്മനാഭൻ 1988-89 - 2004-05 [23]

കുറിപ്പുകൾ

[തിരുത്തുക]
  • ^ ആദ്യ കാലങ്ങളിൽ ടീമുകളുടെ പിന്മാറ്റം മൂലം മത്സരങ്ങൾ റദ്ദാക്കുന്നതു സാധാരണമായിരുന്നു. ഹൈദ്രാബാദ് പിൻവാങ്ങിയതിനാൽ, 1934-35-ൽ ഒരു സെമിഫൈനൽ മാത്രമാണു ഉണ്ടായിരുന്നതു. 1937-38-ല് ചില ടീമുകൾ പിന്മാറിയതിനാൽ സെമിഫൈനലുകളേ ഉണ്ടായിരുന്നില്ല. 1948-49-ൽ Archived 2007-09-30 at the Wayback Machine. മേഖലാമുക്തമായ രീതി പരീക്ഷിച്ചെങ്കിലും അതു പരാജയമായിരുന്നതിനാൽ പിന്നീടു തുടർന്നില്ല.
  • ^ ഉദാഹരണത്തിനു, സെമിയും ഫൈനലും സമയബന്ധിതമായിരുന്നില്ല; ആദ്യ വട്ട കളികൾ ത്രിദിനമത്സരങ്ങളായിരുന്നെങ്കിലും വേണ്ടിവന്നാൽ ഒരു ടീം ഒന്നാം ഇന്നിംഗ്സിൽ മുൻതൂക്കം നേടുന്നതു വരെ നീട്ടിവച്ചിരുന്നു (ഉദാഹരണത്തിനു 1943-44ലെ ഈ മത്സരം)
  • ^ നിംബാൽക്കറുടെ 443* എന്ന വ്യക്തിഗത സ്കോർ[24], വിജയ് ഹസാരെയും ഗുൽ മൊഹമ്മദും തമ്മിലുള്ള 577 റൺസിന്റെ കൂട്ടുകെട്ട് [25], ബോംബെയും മഹാരാഷ്ട്രയും ഒരു മത്സരത്തിൽ 2376 റൺസു നേടിയത് [26], റൂസി മോഡി തുടറ്ച്ചയായി ഏഴു രഞ്ജി മത്സരങ്ങളിൽ ശതകങ്ങൾ നേടിയത് [27] തുടങ്ങിയവയെല്ലാം ഈ കാലത്തിന്റെ സംഭാവനകളാണ്.
  • ^ ബോംബെയിൽ നിന്നു രണ്ടു ടീമുകളെ രഞ്ജിയിൽ കളിക്കാൻ അനുവദിച്ചാൽ ഫൈനലിൽ മിക്കവാറും ഇവർ തമ്മിൽ കളിക്കാനാണു സാധ്യത എന്നൊരു ചൊല്ലു പോലും നിലവിലുണ്ടായിരുന്നു.
  • ^ ഏറ്റവും വലുതല്ലെങ്കിലും ഏറ്റവും മോശപ്പെട്ട പരാ‍ജയം കർണാടക ഒരു വിക്കറ്റു പോലും നഷ്ടപ്പെടാതെ 1977-78-ൽ കേരളത്തെ പരാ‍ജയപ്പെടുത്തിയതാണ് [28]

അവലംബം

[തിരുത്തുക]
  1. http://www.iloveindia.com/sports/cricket/cricketers/ranjit-singji.html
  2. മിഹിറ് ബോസ്, ഇന്ത്യന് ക്രിക്കറ്റിന്റെ ചരിത്രം (1990), ISBN 0-233-98563-8, ഏട് 91-94. ഫൈനൽ നടന്ന് ഒരാഴ്ചയ്ക്കു ശേഷം ഡൽഹിയിൽ വച്ച് വില്ലിങ്‌ടൺ പ്രഭു തന്നെയാണു സമ്മാനദാനം നടത്തിയതു. വില്ലിങ്‌ടൺ ട്രോഫിയെ അവസാന നിമിഷം തഴഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല.
  3. വിദേശകളിക്കാരെപ്പറ്റി
  4. Cricinfo : Huge pay packet awaits domestic cricketers
  5. "Hindu : ICC must end this farce". Archived from the original on 2007-10-11. Retrieved 2007-03-02.
  6. ക്രിക്കറ്റ് ആർക്കൈവ്വ് കേരള റെക്കോർഡുകൾ
  7. ക്രിക്കറ്റ് ആർക്കൈവ്വ് ഫസ്റ്റ്ക്ലാസ് റെക്കോര്ഡുകള്
  8. ഇന്ത്യൻ ക്രിക്കറ്റ് 2004, ഒരു ഹിന്ദു പ്രസീദ്ധീകരണം
  9. ഇന്ത്യൻ പുസ്തകങ്ങൾ (ഉദാഹരണത്തിനു ഹിന്ദുവിന്റെ വാറ്ഷിക പ്രസിദ്ധീകരണമായ ഇന്ത്യൻ ക്രിക്കറ്റ്, ക്രിക്കിൻഫോ ലേഖനങ്ങൾ തുടങ്ങിയവ) ഗോയൽ 640 വിക്കറ്റെടുത്തതായാണു പറയുന്നതെങ്കിലും റോബർട്ട് ബ്രൂക്കിണ്ടെ ക്രിക്കറ്ററ് ബൂക്ക് ഓഫ് ക്രിക്കറ്റ് മൈൽ സ്ടോൺസും Archived 2007-02-03 at the Wayback Machine. മറ്റും ഇദ്ദേഹം 636 വിക്കറ്റുകളെടുത്തതായാണു പറയുന്നത്. മാത്രമല്ല, ക്രിക്കറ്റ് ആറ്ക്കൈവിൽ അദ്ദേഹം തന്റെ നാലു ടീമുകൾക്കായി നേടിയ വിക്കറ്റുകൾ കൂട്ടിയാൽ 637 ലഭിക്കുകയും ചെയ്യും.
"https://ml.wikipedia.org/w/index.php?title=രഞ്ജി_ട്രോഫി&oldid=3994999" എന്ന താളിൽനിന്ന് ശേഖരിച്ചത്