Jump to content

സാദിയാ ഗാവോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്താം നൂറ്റാണ്ടിലെ പ്രമുഖ യഹൂദദാർശനികനും, ബൈബിൾ വ്യാഖ്യാതാവും, റാബൈയും ആയിരുന്നു സാദിയാ ബെൻ ജോസഫ് ഗാവോൻ (ജനനം: 882/892; മരണം 942). ബാബിലോണിലെ താൽമുദീയ അക്കാദമികളുടെ അധിപന്മാർ ആഗോളതലത്തിൽ യഹൂദരുടെ ആദ്ധ്യാത്മികനേതാക്കളായി മാനിക്കപ്പെട്ടിരുന്ന 'ഗിയോനിയ' യുഗത്തിലെ മനീഷിമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഈജിപ്തിൽ ജനിച്ച സാദിയായ്ക്ക് ഗ്രീക്ക്, ഇസ്ലാമിക, ഘടകങ്ങൾ ചേർന്ന യഹൂദ വിദ്യാഭ്യാസമാണു ലഭിച്ചത്. പിന്നീട് അദ്ദേഹം ബാബിലോണിൽ പ്രസിദ്ധമായ 'സൂറ' അക്കാദമിയുടെ അധിപനായി. അറബി ഭാഷയിൽ വിപുലമായി രചനകൾ നടത്തിയ ആദ്യത്തെ റാബിനിക രചയിതാവായിരുന്നു സാദിയാ. എബ്രായബൈബിളിനു നിർവഹിച്ച അറബി പരിഭാഷയും അദ്ദേഹത്തിന്റെ രചനകളിൽ പെടുന്നു.[1]യഹൂദ-അറബി സാഹിത്യത്തിന്റെ പ്രാരംഭകനായി സാദിയാ കണക്കാക്കപ്പെടുന്നു.[2] യഹൂദ-കലാം എന്നറിയപ്പെടുന്ന ദർശനശാഖയുടെ മികച്ച പ്രയോക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ആ നിലക്ക് യഹൂദവിശ്വാസത്തെ ദാർശനികയുക്തിയുമായി സമന്വയിപ്പിക്കാൻ ശ്രമിച്ച സാദിയാ ജൂത-സ്കൊളാസ്റ്റിക് ദർശനത്തിന്റെ പ്രാരംഭകനായും കരുതപ്പെടുന്നു. യഹൂദവേദസമുച്ചയത്തിന്റെ റാബിനികവ്യാഖ്യാനമായ താൽമുദിന്റെ പ്രാമാണികതയെ നിഷേധിച്ച 'കരായിസ്റ്റ്' യഹുദതയുടെ തീവ്രവിമർശകരിൽ ഒരാളെന്ന നിലയിലും സാദിയാ ഗാവോൻ അറിയപ്പെടുന്നു.

'അഗ്രോൺ' എന്ന പേരിൽ അദ്ദേഹം രചിച്ച എബ്രായ-അരമായ നിഘണ്ടു, എബ്രായഭാഷയിൽ ശബ്‌ദവ്യുത്‌പത്തിശാസ്ത്രത്തിനു (Philology) തുടക്കമിട്ടു. "കിത്തബ്-ഉൽ-ലുഗാഗ്" (ഭാഷയുടെ പുസ്തകം) എന്ന അദ്ദേഹത്തിന്റെ കൃതി എബ്രായഭാഷയ്ക്കു ലഭിച്ച ആദ്യത്തെ വ്യാകരണഗ്രന്ഥമാണ്. ബൈബിളിനു സാദിയാ സൃഷ്ടിച്ച അറബി പരിഭാഷ ആധുനികകാലം വരെ അറബി ലോകത്തെ യഹൂദർക്കിടയിൽ പ്രചാരത്തിലിരുന്നു. അദ്ദേഹത്തിന്റെ ബൈബിൾ വ്യാഖ്യാനങ്ങൾ എക്കാലത്തേയും മികച്ച വ്യാഖ്യാനങ്ങൾക്കിടയിൽ എണ്ണപ്പെടുന്നു. മദ്ധ്യയുഗങ്ങളിലെ യഹൂദചിന്തകരിൽ രചനാബാഹുല്യത്തിൽ സാദിയായെ അതിശയിക്കുന്നതായി മൈമോനിഡിസ് മാത്രമാണുള്ളത്. "സാദിയാ ഇല്ലായിരുന്നെങ്കിൽ (യഹൂദ നിയമമായ) തോറ മിക്കവാറും അപ്രത്യക്ഷമാകുമായിരുന്നു" എന്ന മൈമോനിഡിസിന്റെ തന്നെ പ്രശംസ, അദ്ദേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.[3]

ബാഗ്ദാദിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

അവലംബം

[തിരുത്തുക]
  1. ജോൺ എ ഹച്ചിസ്സൺ, "Paths of Faith" (പുറങ്ങൾ 387-88)
  2. Scheindlin, Raymond P. (2000). A Short History of the Jewish People: From Legendary Times to Modern Statehood (Illustrated ed.). Oxford University Press US. p. 80. ISBN 0-19-513941-0, 9780195139419. {{cite book}}: Check |isbn= value: invalid character (help)
  3. "വിശ്വാസത്തിന്റെ യുഗം", സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 367-68)
"https://ml.wikipedia.org/w/index.php?title=സാദിയാ_ഗാവോൻ&oldid=1717195" എന്ന താളിൽനിന്ന് ശേഖരിച്ചത്