ഹോതകി സാമ്രാജ്യം
ഹോതകി സാമ്രാജ്യം | |||||||||
---|---|---|---|---|---|---|---|---|---|
1709–1738 | |||||||||
തലസ്ഥാനം | കന്ദഹാർ, ഇസ്ഫഹാൻ | ||||||||
പൊതുവായ ഭാഷകൾ | പേർഷ്യൻ (ഔദ്യോഗികം) പഷ്തു (രാജാക്കന്മാരുടെ മാതൃഭാഷ) | ||||||||
ഗവൺമെൻ്റ് | ഏകാധിപത്യം | ||||||||
ചരിത്രം | |||||||||
• സ്ഥാപിതം | 1709 | ||||||||
• ഇല്ലാതായത് | 1738 | ||||||||
|
തെക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിലും, സഫവി സാമ്രാജ്യത്തെ പരാജയപ്പെടുത്തിയതിനു ശേഷം ഇന്നത്തെ ഇറാനിലും അധികാരത്തിലിരുന്ന ഘൽജി പഷ്തൂണുകളുടെ സാമ്രാജ്യമാണ് ഹോതകി സാമ്രാജ്യം (പഷ്തു: د هوتکیانو واکمني). കന്ദഹാറിലെ ഘൽജി നേതാവായിരുന്ന മിർ വായ്സ് ആണ് 1709-ൽ ഈ സാമ്രാജ്യം സ്ഥാപിച്ചത്. അഫ്ഗാനിസ്താനിലെ പഷ്തൂൺ ജനതയുടെ ചരിത്രത്തിന്റെ ആദ്യത്തെ സാമ്രാജ്യമാണിത്. മിർ വായ്സിനു ശേഷം അദ്ദേഹത്തിന്റെ പുത്രനായിരുന്ന മിർ മഹ്മൂദ് ആണ് സഫവി ഷായായിരുന്ന ഷാ ഹുസൈനെ പരാജയപ്പെടുത്തി സാമ്രാജ്യം പേർഷ്യയിലേക്ക് (ഇന്നത്തെ ഇറാൻ) വ്യാപിപ്പിച്ചത്.
മിർ മഹ്മൂദിനു ശേഷം ഇറാനിലെ ഇസ്ഫാഹാനിൽ ഭരണം നടത്തിയിരുന്ന അഷ്രഫിന്റെ കാലത്ത് പടിഞ്ഞാറ് തുർക്കികളിൽ നിന്നുമുണ്ടായ അധിനിവേശശ്രമങ്ങളെ ഹോതകികൾ സമർത്ഥമായി ചെറുത്തു നിന്നെങ്കിലും വടക്ക് റഷ്യക്കാരിൽ നിന്നും നിരവധി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. തുടർന്ന് സഫവി ഷാ ഹുസൈന്റെ പുത്രനായിരുന്ന താഹ്മാസ്പ് രണ്ടാമൻ, തന്റെ സേനാനായകനായിരുന്ന നാദിർ ഖാന്റെ (നാദിർ ഷാ) സഹായത്തോടെ 1729-ൽ അധികാരം തിരിച്ചുപിടിച്ചതോടെ ഇറാനിലെ ഹോതകി സാമ്രാജ്യത്തിന് അന്ത്യമായി. തുടർന്ന് നാദിർ ഷാ തന്നെ 1738-ൽ കന്ദഹാറിലേയും ഹോതകി ഘൽജികളുടെ ആധിപത്യം അവസാനിപ്പിച്ചു.
ചരിത്രം
[തിരുത്തുക]1627-ൽ സഫവി സാമ്രാജ്യത്തിലെ ഷാ അബ്ബാസ് മുഗളരിൽ നിന്നും കന്ദഹാർ പിടിച്ചടക്കിയതിനെത്തുടർന്ന്, കന്ദഹാറിലെ പഷ്തൂണുകളിലെ പ്രബല വിഭാഗമായിരുന്ന അബ്ദാലി പഷ്തൂണുകളെ ഹെറാത്തിലേക്ക് മാറിത്താമസിപ്പിക്കുകയും അതോടെ കന്ദഹാറിൽ ശേഷിച്ച ഘൽജി വിഭാഗം അവിടത്തെ ശക്തമായ വിഭാഗമായി മാറുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ ഘൽജികൾ, പൊതുവേ സഫവികൾക്ക് അനുകൂലമായിരുന്നു. അതുപോലെ ഇവർ മുഗളരോട് ശത്രുതയിലുമായിരുന്നു. അവസാന സഫവി രാജാവായിരുന്ന ഷാ ഹുസൈന്റെ കാലത്ത് (1694-1722) പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം ഇദ്ദേഹത്തിന്റെ കീഴിൽ കന്ദഹാറിലെ ഭരണകർത്താവായിരുന്ന അബ്ദ് അള്ളാ ഖാൻ എന്ന ജോർജിയൻ വംശജൻ സഫാവി രാജാവുമായുള്ള തന്റെ അഭിപ്രായവ്യത്യാസം നിമിത്തം, കന്ദഹാർ നഗരം, മുഗളർക്ക് കൈമാറാൻ തീരുമാനിച്ചു. ഇതിനായി ഇദ്ദേഹം, കാബൂളിലെ ഭരണകർത്താവും പിൽക്കാല മുഗൾ ചക്രവർത്തിയുമായിരുന്ന ഷാ ആലവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ നഗരത്തിലെ ഘൽജികൾ ഈ നീക്കത്തെ എതിർത്തു. എന്തായാലും അബ്ദ് അള്ളാ ഖാന് തന്റെ പദ്ധതി നടപ്പാക്കാൻ സാധിക്കുനതിനു മുൻപേ തെക്കുനിന്ന് ബലൂചികൾ ഇവിടം ആക്രമിക്കുകയും ഖാനെ തോൽപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും സഫവികളും ഘൽജികളുമായുള്ള ബന്ധം പിന്നീട് വർദ്ധിച്ചില്ല. സുന്നികളായിരുന്ന പഷ്തൂണുകളെ ഷിയാ വിഭാഗത്തിലേക്ക്ക് പരിവർത്തനം നടത്താനുള്ള സഫവികളുടെ ശ്രമവും ഈ ബന്ധം ഉലയുന്നതിൽ നിർണായകകാരണമായി[1].
മിർ വായ്സ്
[തിരുത്തുക]കന്ദഹാറിൽ പിന്നീട് സഫവികളുടെ കീഴിൽ ഭരണകർത്താവായി വന്നത് ഗുർഗിൻ ഖാൻ എന്ന മറ്റൊരു ജോർജിയൻ ആയിരുന്നു. ഇദ്ദേഹം ജിയോർജി പതിനൊന്നാമൻ എന്നും അറിയപ്പെടുന്നു. ഒരു ലഹളക്ക് നേതൃത്വം നൽകിയ കന്ദഹാറിലെ ധനികനായ ഹോതക് വംശത്തിൽ നിന്നുള്ള ഘൽജി നേതാവ് മിർ വായ്സുമായി ഇദ്ദേഹം ഒരു ഏറ്റുമുട്ടൽ നടത്തുകയും പരാജയപ്പെട്ട മിർ വായ്സിനെ, സഫവി തലസ്ഥാനമായ ഇസ്ഫാഹാനിലേക്ക് നാടുകടത്തുകയും ചെയ്തു. പഷ്തൂണുകളുടെ നാടോടിക്കഥകൾ അനുസരിച്ച് ഇസ്ഫാഹാനിലെത്തിയ മിർ വായ്സ്, നഗരത്തിലെ പ്രമുഖരുമായി ബന്ധം സ്ഥാപിച്ച്, സഫവികളുടെ ബലഹീനതകൾ പഠിച്ചെടുത്തു. ഇവിടെ നിന്ന് ഹജ്ജിന് പോകാൻ അനുമതി നേടിയ ഇദ്ദേഹം, മക്കയിൽ നിന്ന് ഷിയകൾക്കെതിരെ പോരാടുന്നതിനായി ഒരു ഫത്വ സംഘടിപ്പിച്ചെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. തുടർന്ന് ഇസ്ഫഹാൻ വഴി കന്ദഹാറിലെത്തിയ മിർ വായ്സ്, 1709-ൽ ഗുർഗിൻ ഖാനെ വധിച്ചു. ഇതോടെ കന്ദഹാറിലെ ഘൽജികളുടെ പ്രതിനിധിയായി മാറിയ ഇദ്ദേഹം ഇവിടെ ഹോതകി സാമ്രാജ്യം സ്ഥാപിച്ചു. പിന്തുണക്കായി ഇന്ത്യയിലെ മുഗൾ ചക്രവർത്തിയുടെ സഹായം തേടിയ മിർ വായ്സിനെ തന്റെ മേൽകോയ്മയിൽ കന്ദഹാറിലെ ഭരണകർത്താവായി മുഗൾ ചക്രവർത്തിയും അംഗീകരിച്ചു.
താമസിയാതെ തന്നെ മിർ വായ്സിന് സഫവികളുടെ ആക്രമണം നേരിടേണ്ടി വന്നു. ഗുർഗിൻ ഖാന്റെ ഒരു അനന്തരവനായ കേയ് ഖുസ്രോയേയും ഒപ്പം ജോർജിയൻ ഖ്വിസിൽബാഷ് സൈന്യങ്ങളെയുമാണ് സഫവികൾ, മിർ വായ്സിനെതിരെ അയച്ചത്. അബ്ദ് അള്ളാ ഖാൻ സാദോസായ് എന്ന അബ്ദാലി പഷ്തൂൺ നേതാവും ഖുസ്രോയോടൊപ്പമുണ്ടായിരുന്നു. സഫവി സേനക്ക് തുടക്കത്തിൽ ചെറിയ വിജയങ്ങൾ കൈവരിക്കാനായെങ്കിലും അവസാനം മിർ വായ്സിനോട് 1711-ൽ പരാജയപ്പെട്ടു. അങ്ങനെ മിർ വായ്സ് ഖാൻ ഹോതകി, കന്ദഹാർ മേഖലയിലെ അനിഷേധ്യനേതാവായി. കന്ദഹാറിലെ വക്കീൽ എന്നായിരുന്നും മിർ വായ്സ് അറിയപ്പെട്ടിരുന്നത്. 1715-ൽ മിർ വായ്സ് അന്തരിച്ചു. ആധുനിക കന്ദഹാറിന് പത്ത് കിലോമീറ്റർ പടിഞ്ഞാറായി ഹെറാത്തിലേക്കുള്ള പ്രധാനപാതയോട് ചേർന്നാണ് ഇദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
അബ്ദ് അൽ അസീസ് എന്ന സഹോദരനാണ് മിർ വായ്സിന്റെ പിൻഗാമിയായി ഭരണത്തിലെത്തിയത്. ഇദ്ദേഹം സഫവികളോട് അടുപ്പം പുലർത്തിയതായി ആരോപിക്കപ്പെടുകയും രണ്ടു വർഷങ്ങൾക്കകം 1717-ൽ മിർ വായ്സിന്റെ പുത്രനായ മിർ മഹ്മൂദ് അധികാരത്തിലേറുകയും ചെയ്തു[1].
മിർ മഹ്മൂദ്
[തിരുത്തുക]അബ്ദാലികളുമായുള്ള മത്സരം
[തിരുത്തുക]ഘൽജികൾ കന്ദഹാറിൽ ശക്തി പ്രാപിച്ചതിനൊപ്പം ഹെറാത്തിലേക്ക് കുടിയേറിയ അബ്ദാലി പഷ്തൂണുകൾ അവിടെയും ശക്തി പ്രാപിച്ചിരുന്നു. ആദ്യമൊക്കെ സഫവികളുടെ സാമന്തരായിരുന്ന അബ്ദാലികൾ 1716-ൽ സഫവികളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വയംഭരണം ആരംഭിച്ചു. സഫവികൾക്കായി മിർ വായ്സുമായി പോരാടാനെത്തിയ അബ്ദ് അള്ളാ ഖാൻ സാദോസായുടെ നേതൃത്വത്തിലായിരുന്നു ഈ വിപ്ലവം നടന്നത്. പേർഷ്യക്കാരുമായുള്ള പോരാട്ടങ്ങൾക്കു ശേഷം അബ്ദാലികൾ ഹോതകി ഘൽജികളുമായി മത്സരമാരംഭിച്ചു. അബ്ദ് അള്ളാ ഖാന്റെ പുത്രനും സിസ്താനിലെ ഫറായുടെ ഭരണകർത്താവുമായിരുന്ന അസാദ് അള്ളായാണ്, ഘൽജികൾക്കെതിരെ പടനീക്കം നടത്തിയത്. എന്നാൽ 1719/20 കാലത്ത് മീർ മഹ്മൂദിന്റെ നേതൃത്വത്തിൽ ഹെറാത്തിനും കന്ദഹാറിനും മദ്ധ്യേയുള്ള ദിലാറാമിൽ വച്ച് അസാദ് അള്ളായെ പരാജയപ്പെടുത്തി. അസാദ് അള്ളായുടെ തലവെട്ടി സഫവി രാജാവായ ഷാ ഹുസൈന് ഇസ്ഫാഹാനിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു[1].
പേർഷ്യയിലേക്കുള്ള ആക്രമണം
[തിരുത്തുക]1720-ൽ ഘൽജി പഷ്തൂണുകൾക്കിടയിൽ തന്റെ സ്ഥാനം ഭദ്രമാക്കിയ മിർ മഹ്മൂദ് ഇറാനിലേക്ക് ആക്രമണം നടത്തി. ഇവർ കിർമാന നഗരം പിടിച്ചെടുക്കുകയും ഇവിടത്തെ മിക്കവാറും സൊറോസ്ട്രിയരെ കൊന്നൊടുക്കുകയും ചെയ്തു. കിർമാനിലെ സഫവി സൈന്യാധിപനായിരുന്ന ലുത്ഫ് അലി ഖാന്റെ ശക്തമായ പ്രതിരോധം നിമിത്തവും കന്ദഹാറിൽ മീർ മഹ്മൂദിനെതിരെ ഒരു കലാപം ഉയർന്നു വന്നതിനാലും ഘൽജികൾ കന്ദഹാറിലേക്ക് തന്നെപിന്മാറി.
ഇതേ സമയം ഹെറാത്തിൽ നിന്നുള്ള അബ്ദാലികൾ മുഹമ്മദ് സമാൻ ഖാന്റെ നേതൃത്വത്തിൽ സഫവികൾക്കെതിരെ ഒരു യുദ്ധവിജയം കരസ്ഥമാക്കുകയും ഹെറാത്തിന് പടിഞ്ഞാറുള്ള ഇസ്ലാം ഖാല കൈയടക്കുകയും ചെയ്തു. അങ്ങനെ ഘൽജികളും അബ്ദാലികളും ഏതാണ്ട് പൂർണമായും സ്വാതന്ത്ര്യം പ്രാപിക്കുകയും മുഗളർക്കും സഫവികൾക്കും ഇവരുടെ മേൽ യാതൊരുനിയന്ത്രണവും ഇല്ലാതാകുകയും ചെയ്തു..
1721-ൽ മീർ മഹ്മൂദ് വീണ്ടൂം കിർമാൻ പിടിച്ചെങ്കിലും ഇവിടത്തെ കോട്ട പിടിക്കുന്നതിൽ പരാജയപ്പെട്ട ഇദ്ദേഹം ഇവിടെ നിന്നും കുറച്ചു വടക്കുപടീഞ്ഞാറുള്ള യസ്ദ് നഗരത്തിലെത്തി. ഇവിടേയും ഇദ്ദേഹത്തിന് ശക്തമായ പ്രതിരോധം നേരിടേണ്ടീവന്നു. എങ്കിലും സ്വന്തം നാട്ടിലേക്ക് പിന്തിരിയാതെ മീർ മഹ്മൂദ് തന്റെ സൈന്യത്തെ വീണ്ടും വടക്കുപടിഞ്ഞാറുള്ള സഫവികളുടെ തലസ്ഥാനമായ ഇസ്ഫാഹാനിലേക്ക് നയിച്ചു.
1722 മാർച്ച് 8-ന് ഏതാണ്ട് 20000-ത്തോളം വരുന്ന ഘൽജികളുടെ സൈന്യം, അംഗബലത്തിൽ അവരുടെ ഇരട്ടിയോളം വരുന്ന സഫവി സൈന്യത്തെ ഇസ്ഫാഹാനിന് ഏതാണ്ട് 20 കിലോമീറ്റർ അകലെയുള്ള ഗുൽനാബാദിൽ വച്ച് പരാജയപ്പെടുത്തി. തുടർന്ന് പട്ടണം കീഴടക്കിയ ഘൽജികൾ ആയിരക്കണക്കിന് ഇസ്ഫഹാനി നഗരവാസികളെ കൊന്നൊടുക്കി. തുടർന്ന് ഷാ ഹുസൈന്റെ പുത്രിയെ മിർ മഹ്മൂദ് വിവാഹം ചെയ്യുകയും ഇറാന്റെ രാജാവായി 1722 ഒക്ടോബർ 25-ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
ഇസ്ഫാഹാനിലെ നിരവധി മുന്തിയ പേർഷ്യക്കാരെ മിർ മഹ്മൂദ് വധിച്ചു. ഷാ ഹുസൈന്റെ ഏതാണ്ടെല്ലാ മക്കളും ഇങ്ങനെ വധിക്കപ്പെട്ടു. ഷാ ഹുസൈന്റെ ഒരു മകൻ മാത്രമേ ഘൽജികളുടെ കയിൽ നിന്നും രക്ഷപ്പെട്ടുളൂ. താഹ്മാസ്പ് രണ്ടാമൻ എന്ന ഇദ്ദേഹം, 1722 നവംബർ 10-ന് ഖാസ്വിൻ നഗരത്തിൽ വച്ച് പുതിയ ഷാ ആയി സ്വയം പ്രഖ്യാപിച്ചു. 1725-ൽ സ്വന്തം കൂട്ടാളികൾ തന്നെ മിർ മഹ്മൂദിനെ വധിച്ചു[1].
അഷ്രഫ്
[തിരുത്തുക]മിർ മഹ്മൂദിന്റെ മരണത്തിന് തൊട്ടടുത്ത ദിവസം തന്നെ മഹ്മൂദിന്റെ മുൻഗാമിയായിരുന്ന അബ്ദ് അൽ അസീസ് ഹോതകിയുടെ പുത്രൻ അഷ്രഫ് രാജാവായി.[1] അധികാരത്തിലേറിയതിനു പിന്നാലെ അഷ്രഫ് മുൻ സുൽത്താനായിരുന്ന ഷാ ഹുസൈന്റെ പുത്രൻ താഹ്മാസ്പ് രണ്ടാമനെ പരാജയപ്പെടുത്തി തെഹ്രാൻ പിടിച്ചടക്കി.[2] എന്നാൽ കന്ദഹാറിലെ ഭരണകർത്താവും മീർ മഹ്മൂദിന്റെ സഹോദരനുമായിരുന്ന ഹുസൈൻ സുൽത്താൻ, തന്റെ ഇഫ്സാഹാനിലെ ബന്ധുവിന്റെ മേൽക്കോയ്മ അംഗീകരിച്ചില്ല. അങ്ങനെ പേർഷ്യയിലേയും കന്ദഹാറിലേയും ഘൽജികളുടെ ബന്ധത്തിൽ വിടവ് രൂപപ്പെട്ടു.
1725 മുതൽ തുർക്കികൾ പടിഞ്ഞാറൻ ഇറാനിൽ അധിനിവേശം ആരംഭിച്ചു. തബ്രീസ്, ഹംദാൻ, ഖാസ്വിൻ തുടങ്ങിയ പട്ടണങ്ങൾ അവർ അധീനതയിലാക്കി. എന്നാൽ 1727-ൽ ഘൽജികൾ, തുർക്കികളെ പരാജയപ്പെടുത്തി. ഇതിനെത്തുടർന്ന് തുർക്കികൾ അഷ്രഫിനെ ഇറാനിലെ ഷാ ആയി അംഗീകരിച്ചു. തിരിച്ച് ഘൽജികൾ തുർക്കിഷ് സുൽത്താനെ ഇസ്ലാമികലോകത്തിന്റെ സർവ്വാധിപനായും അംഗീകരിച്ചു.
1727-29 കാലത്ത് ഘൽജികൾ റഷ്യക്കാർക്കെതിരെയും യുദ്ധം ചെയ്തു. എന്നാൽ തുർക്കികൾക്കെതിരെ നടന്നതിൽ നിന്ന് വ്യത്യസ്തമായി വൻ തോൽവിയാണ് ഘൽജികൾക്ക് സംഭവിച്ചത്. അതോടെ ഘൽജി സൈന്യം വളരെയധികം ശുഷ്കമാകുകയും, അധികകാലത്തിനു മുൻപേ, ഘൽജികൾ പേർഷ്യയിൽ നിന്നും തുരത്തിയോടിക്കപ്പെടുകയും ചെയ്തു.
മുൻ സഫവി ഷാ ഹുസൈന്റെ പുത്രൻ താഹ്മാസ്പ് രണ്ടാമന്റെ സൈന്യാധിപനായിരുന്ന നാദിർ ഖാൻ 1729-ൽ അബ്ദാലികളെ പരാജയപ്പെടുത്തുകയും തുടർന്ന് ഹോതകി ഘൽജികളെ തോൽപ്പിക്കുന്നതിന് അബ്ദാലികളുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തു. ഇതിനു ശേഷം നാദിർ ഖാനിൽ നിന്നും നിരവധി ആക്രമണങ്ങൾ അഷ്രഫിന് നേരിടേണ്ടിവന്നു. അവസാനം ഇസ്ഫാഹാന്റെ വടക്കുള്ള മൂർചാഖൂറിൽ വച്ച് അഷ്രഫ് അന്തിമമായി പരാജയപ്പെട്ടു.
അഷ്രഫ് തന്റെ സേനയുമായി ആദ്യം ഷിറാസിലേക്കും അവിടെ നിന്ന് കന്ദഹാറിലേക്കും നീങ്ങി. ഇതോടെ പേർഷ്യയിലെ പഷ്തൂൺ സാമ്രാജ്യത്തിന് അവസാനമായി. തുടർന്ന് കന്ദഹാറിലെത്തിയ അഷ്രഫിനെ ഹുസൈൻ സുൽത്താൻ വധിക്കുകയും ചെയ്തു[1].
ഹുസൈൻ സുൽത്താൻ
[തിരുത്തുക]മിർ മഹ്മൂദിന്റെ മരണത്തിനു ശേഷം കന്ദഹാറിലെ ഘൽജികളുടെ നേതൃസ്ഥാനത്തെത്തിയിരുന്നത് അദ്ദേഹത്തിന്റെ സഹോദരനായ ഹുസൈൻ സുൽത്താനായിരുന്നു. ഇദ്ദേഹം ഇസ്ഫാഹാനിലെ അഷ്രഫിന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നുമില്ല. ഹുസൈൻ സുൽത്താന്റെ കാലത്ത് കന്ദഹാർ, ഹുസൈനാബാദ് എന്നും അറിയപ്പെട്ടിരുന്നു.
1730-ൽ നാദിർഖാനോട് പരാജയപ്പെട്ട ഫറായിലെ അബ്ദാലി നേതാവ് സുൾഫിക്കർ ഖാൻ തങ്ങളുടെ മുൻശത്രു, ഹുസൈൻ സുൽത്താനുമായി സഖ്യമുണ്ടാക്കി. ഈ സഖ്യം, ഹെറാത്തിലെ നാദിർഷായുടെ സാമന്തനായിരുന്ന അബ്ദാലി നേതാവ് അള്ളാ യാർ ഖാനെ തോൽപ്പിക്കുകയും തുടർന്ന് മശ്‌ഹദിലേക്കെത്തുകയും ചെയ്തു. എന്നാൽ മശ്‌ഹദിലെത്തിയ നാദിർ ഖാൻ ഇവരെ പരാജയപ്പെടുത്തി 1732-ൽ പത്തുമാസക്കാലത്തെ യുദ്ധത്തിനുശേഷം സുൾഫിക്കർ ഖാനെ ഹെറാത്തിൽ നിന്നും നാദിർ ഖാൻ തുരത്തി. തുടർന്ന് സുൾഫിക്കർ ഖാന്റേയും ഹുസൈൻ സുൽത്താന്റേയും ബന്ധത്തിൽ വിള്ളൽ വീഴുകയും കന്ദഹാറിലെത്തിയ സുൾഫിക്കറിനേയും അയാളുടെ ഇളയ സഹോദരൻ അഹ്മദിനേയും ഹുസൈൻ സുൽത്താൻ കന്ദഹാറിൽ തടവുകാരാക്കി[1].
സാമ്രാജ്യത്തിന്റെ അന്ത്യം
[തിരുത്തുക]1736-ൽ അബ്ബാസ് മൂന്നാമനെ സ്ഥാനഭ്രഷ്ടനാക്കി നാദിർ ഖാൻ, നാദിർ ഷാ എന്ന പേരിൽ ഇറാനിൽ അധികാരം ഏറ്റെടുത്തു. അധികാരത്തിലെത്തിയതിനു ശേഷം നിരവധി അബ്ദാലികൾ ഉൾക്കൊണ്ട 80,000-ത്തോളം പേരടങ്ങുന്ന നാദിർഷായുടെ സൈന്യം കന്ദഹാർ ലക്ഷ്യമാക്കി മുന്നേറി. കന്ദഹാർ നഗരത്തിലേക്ക് നേരിട്ട് ഒരു ആക്രമണത്തിന് മുതിരാതിഉന്ന നാദിർ ഷാ, നഗരത്തിന്റെ ചുറ്റുമായി കോട്ടകളുടെ ഒരു വലയം തീർത്ത് സേനയെ ഇവയിൽ വിന്യസിച്ചു. ഒരു വർഷത്തോളം നീണ്ട ആക്രമണപരമ്പരക്ക് ശേഷം 1738 മാർച്ച് 12-ന് നാദിർ ഷാ കന്ദഹാർ പിടിച്ചടക്കി.
കന്ദഹാറിന്റെ പതനം, തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ ഘൽജികളുടെ ആധിപത്യത്തിനും വിരാമമിട്ടു. കന്ദഹാർ മേഖലയിലെ ഹോതകി ഘൽജികളിൽ നിരവധി പേരെ ഖുറാസാനിലേക്ക് നാടുകടത്തി. പകരം അബ്ദാലികളെ ഇവിടെ വസിക്കാനനുവദിച്ചു. ഘൽജി നേതാവ് സുൽത്താൻ ഹുസൈനേയും, കന്ദഹാറിൽ തടവിലായിരുന്ന അബ്ദാലി നേതാവ് സുൾഫിക്കർ ഖാനേയും അയാളുടെ സഹോദരനേയും നാദിർ ഷാ മസന്ദരാനിലേക്ക് നാടുകടത്തി[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 219–226. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 40.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)