അന്തർദ്രവ്യജാലിക
യൂക്കാരിയോട്ടിക് കോശങ്ങളുടെ കോശദ്രവ്യത്തിനകത്ത് കാണപ്പെടുന്ന കുഴലുകളുടേയും സഞ്ചികളുടേയും രൂപത്തിലുള്ള സഞ്ചാരപാതകളാണ് അന്തർദ്രവ്യജാലിക അഥവാ എൻഡോപ്ലാസ്മിക് റെട്ടിക്കുലം. മാംസ്യ നിർമ്മാണത്തിനുസഹായിക്കുന്ന പരുക്കൻ അന്തർദ്രവ്യജാലികയ്ക്ക് ആ പേര് ലഭിച്ചത് അവയുടെ പുറത്തുള്ള റൈബോസോമുകളാലാണ്. ഫോസ്ഫോലിപ്പിഡ്, സ്റ്റീറോയിഡുകൾ എന്നിവയുടെ ഉൽപ്പാദനത്തിനും ധാന്യകഉപാപചയത്തിനും വിഷവസ്തുക്കളുടെ നിർമ്മാർജ്ജനത്തിനും സഹായിക്കുന്നവയാണ് മിനുസമുള്ള അന്തർദ്രവ്യജാലികകൾ.[1]
ഘടന
[തിരുത്തുക]അന്തർദ്രവ്യജാലികയുടെ പുറം പാളി നിർമ്മിച്ചിരിക്കുന്നത് കൊഴുപ്പിന്റെ ഇരുപാളി സ്തരം കൊണ്ടാണ്. കോശസ്തരത്തെക്കാൾ 30 മുതൽ 40 വരെ ഇരട്ടിയുണ്ട് ചില കോശങ്ങളിലെ അന്തർദ്രവ്യജാലികയുടെ പ്രതലത്തിന്. എൻഡോപ്ലാസ്മിക് മാട്രിക്സ് എന്ന ദ്രാവകം അന്തർദ്രവ്യജാലികയുടെ ഇരുസ്തരങ്ങൾക്കുമിടയിൽ നിറഞ്ഞിരിക്കുന്നു. ഈ ദ്രാവകം നിറഞ്ഞിരിക്കുന്ന സ്ഥലം മർമ്മസ്തരത്തിനുള്ളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. ഇവയ്ക്കിടയിലൂടെ മിക്ക രാസവസ്തുക്കളും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമായി അനുനിമിഷം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. [2]
വ്യത്യസ്തതരങ്ങൾ
[തിരുത്തുക]അന്തർദ്രവ്യജാലിക പലതരത്തിലുണ്ട്.
ഗ്രാന്യുലാർ അന്തർദ്രവ്യജാലിക
[തിരുത്തുക]റൈബോസോമുകൾ ബാഹ്യസ്തരത്തിനുപുറത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന അന്തർദ്രവ്യജാലികയാണിവ. റൈബോഫോറിൻ എന്ന ഗ്ലൈക്കോപ്രോട്ടീൻ സ്വീകരണികളാണ് ഇവ തമ്മിൽ പറ്റിച്ചേർന്നിരിക്കാൻ കാരണം. കോശത്തിനാവശ്യമായ മാംസ്യങ്ങളുടെ നിർമ്മാണമാണ് ഇവയുടെ പ്രധാന ധർമ്മം.
എഗ്രാനുലാർ അന്തർദ്രവ്യജാലിക
[തിരുത്തുക]റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലികയാണിത്. എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക എന്നാണ് ഇവ അറിയപ്പെടുന്നത്. ചിലയിനം രാസാഗ്നികളും കൊഴുപ്പുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ധർമ്മം.
സാർക്കോപ്ലാസ്മിക് റെട്ടിക്കുലം
[തിരുത്തുക]രേഖാശൂന്യ പേശികളിലും(smooth muscles) രേഖാങ്കിത പേശികളിലും(striated muscles) ആണു് ഇത്തരം അന്തർദ്രവ്യജാലിക കാണപ്പെടുന്നതു്. സാർക്കോ എന്നാൽ മാംസം എന്നർത്ഥം. വിവിധ സന്ദർഭങ്ങളിൽ കായികമായി ആവശ്യാനുസരണം വികസിക്കുകയും ചുരുങ്ങുകയും ചെയ്യേണ്ട മാംസളപേശികളാണു് ഈ വിഭാഗത്തിൽ പെടുന്നതു്. രക്തക്കുഴലുകളിലും വികാസസങ്കോചപ്രാധാന്യമുള്ള പ്രധാന അവയവങ്ങളിലും രേഖാശൂന്യ (മിനുസ)പേശികളും അസ്ഥികൾ, ഹൃദയകലകൾ, ശിരസ്സ്, കഴുത്ത് എന്നിവിടങ്ങളിൽ രേഖാങ്കിതപേശികളും അടങ്ങിയിരിക്കുന്നു. ധാരാളമായി കാൽസ്യം അയോണുകളെ സംഭരിക്കുന്നതും ആവശ്യാനുസരണം കോശദ്രവ്യത്തിലേക്കു് വിട്ടുകൊടുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നതും ആണ് ഇവയുടെ ധർമ്മം. വഴുതുന്ന കുടച്ചക്രം എന്നു വിളിക്കാവുന്ന (Sliding Filament Model) കോശസങ്കോചവികാസമാതൃകയിൽ ട്രോപോണിൻ എന്ന പദാർത്ഥത്തിന്റെ ആകൃതി മാറ്റുന്നതു് ഇത്തരം കാൽസ്യം അയോണുകളുടേ പ്രവർത്തനമാണു്. കോശത്തിൽ നാഡികൾ വഴി എത്തുന്ന വൈദ്യുതോദ്ദീപനമാണു് ഈ കാൽസ്യം ക്രയവിക്രയങ്ങളും തദ്വാരാ കോശങ്ങളുടേ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള സങ്കോചവികാസങ്ങളും നിയന്ത്രിക്കുന്നതു്. ഘടനയിൽ സാധാരണ (പരുക്കൻ) റെട്ടിക്കുലവുമായി പ്രകടമായ വ്യത്യാസങ്ങളില്ല.
ധർമ്മം
[തിരുത്തുക]സ്രവണശേഷിയുള്ള ഗ്ലൈക്കോപ്രോട്ടീനുകൾ അന്തർദ്രവ്യജാലികയിലൂടെ സഞ്ചരിക്കുന്നു. അവ വിവിധ കോശാംഗങ്ങളിലെത്തുന്നത് അന്തർദ്രവ്യജാലികയിലൂടെയാണ്. ഗ്രാന്യുലാർ അന്തർദ്രവ്യജാലികയാണ് മാംസ്യനിർമ്മാണത്തിനു സഹായിക്കുന്നത്. സാർക്കോപ്ലാസ്മിക് റെട്ടിക്കുലം പേശികൾക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് കാൽസ്യം അയോണുകളെ പ്രദാനം ചെയ്യുന്നു.
കോശാംഗങ്ങൾ:
(1) മർമ്മകം
(2) മർമ്മം
(3) റൈബോസോം
(4) കണിക
(5) അന്തർദ്രവ്യജാലിക
(6) ഗോൾഗി വസ്തു
(7) മൃദു അന്തർദ്രവ്യജാലിക
(8) മൈറ്റോകോൺട്രിയ
(9) ഫേനം
(10) കോശദ്രവ്യം
(11) ലൈസോസോം
(12) സെൻട്രോസോം
അവലംബം
[തിരുത്തുക]- ↑ Textbook of Medixal Physiology, Guyton and Hall, Elsveir Pub. 2006 Ed.,Page: 15
- ↑ http://en.wikipedia.org/wiki/Endoplasmic_reticulum
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അന്തർദ്രവ്യജാലികയിലെ കൊഴുപ്പ്- മാംസ്യഘടന
- അന്തർദ്രവ്യജാലിക അനിമേഷൻ Archived 2008-04-22 at the Wayback Machine.