Jump to content

പരിശുദ്ധ ഖുർആൻ/സ്വാഫ്ഫാത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
02:05, 16 മേയ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VsBot (സംവാദം | സംഭാവനകൾ) (ൌ -> ൗ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ശരിക്ക്‌ അണിനിരന്നു നിൽക്കുന്നവരും,

2 എന്നിട്ട്‌ ശക്തിയായി തടയുന്നവരും,

3 എന്നിട്ട്‌ കീർത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;

4 തീർച്ചയായും നിങ്ങളുടെ ദൈവം ഏകൻ തന്നെയാകുന്നു.

5 അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിൻറെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവൻ.

6 തീർച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താൽ മോടിപിടിപ്പിച്ചിരിക്കുന്നു.

7 ധിക്കാരിയായ ഏതു പിശാചിൽ നിന്നും ( അതിനെ ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.

8 അത്യുന്നതമായ സമൂഹത്തിൻറെ നേരെ അവർക്ക്‌ ( പിശാചുക്കൾക്ക്‌ ) ചെവികൊടുത്തു കേൾക്കാനാവില്ല. എല്ലാവശത്തു നിന്നും അവർ എറിഞ്ഞ്‌ ഓടിക്കപ്പെടുകയും ചെയ്യും;

9 ബഹിഷ്കൃതരായിക്കൊണ്ട്‌ അവർക്ക്‌ ശാശ്വതമായ ശിക്ഷയുമുണ്ട്‌.

10 പക്ഷെ, ആരെങ്കിലും പെട്ടെന്ന്‌ വല്ലതും റാഞ്ചിഎടുക്കുകയാണെങ്കിൽ തുളച്ച്‌ കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.

11 ആകയാൽ ( നബിയേ, ) നീ അവരോട്‌ ( ആ നിഷേധികളോട്‌ ) അഭിപ്രായം ആരായുക: സൃഷ്ടിക്കാൻ ഏറ്റവും പ്രയാസമുള്ളത്‌ അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീർച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത്‌ പശിമയുള്ള കളിമണ്ണിൽ നിന്നാകുന്നു.

12 പക്ഷെ, നിനക്ക്‌ അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു.

13 അവർക്ക്‌ ഉപദേശം നൽകപ്പെട്ടാൽ അവർ ആലോചിക്കുന്നില്ല.

14 അവർ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.

15 അവർ പറയും: ഇത്‌ പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്‌.

16 ( അവർ പറയും: ) മരിച്ച്‌ മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാൽ ഞങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുക തന്നെ ചെയ്യുമോ?

17 ഞങ്ങളുടെ പൂർവ്വപിതാക്കളും (ഉയിർത്തെഴുന്നേൽപിക്കപ്പെടുമോ?)

18 പറയുക: അതെ. ( അന്ന്‌ ) നിങ്ങൾ അപമാനിതരാകുകയും ചെയ്യും.

19 എന്നാൽ അത്‌ ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവർ ( എഴുന്നേറ്റ്‌ നിന്ന്‌ ) നോക്കുന്നു.

20 അവർ പറയും: അഹോ! ഞങ്ങൾക്ക്‌ കഷ്ടം! ഇത്‌ പ്രതിഫലത്തിൻറെ ദിനമാണല്ലോ!

21 ( അവർക്ക്‌ മറുപടി നൽകപ്പെടും: ) അതെ; നിങ്ങൾ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന നിർണായകമായ തീരുമാനത്തിൻറെ ദിവസമത്രെ ഇത്‌.

22 ( അപ്പോൾ അല്ലാഹുവിൻറെ കൽപനയുണ്ടാകും; ) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവർ ആരാധിച്ചിരുന്നവയെയും നിങ്ങൾ ഒരുമിച്ചുകൂട്ടുക.

23 അല്ലാഹുവിനു പുറമെ. എന്നിട്ട്‌ അവരെ നിങ്ങൾ നരകത്തിൻറെ വഴിയിലേക്ക്‌ നയിക്കുക.

24 അവരെ നിങ്ങളൊന്നു നിർത്തുക. അവരോട്‌ ചോദ്യം ചെയ്യേണ്ടതാകുന്നു.

25 നിങ്ങൾക്ക്‌ എന്തുപറ്റി? നിങ്ങൾ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌

26 അല്ല, അവർ ആ ദിവസത്തിൽ കീഴടങ്ങിയവരായിരിക്കും.

27 അവരിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞ്‌ പരസ്പരം ചോദ്യം ചെയ്യും.

28 അവർ പറയും: തീർച്ചയായും നിങ്ങൾ ഞങ്ങളുടെ അടുത്ത്‌ കൈയ്യൂക്കുമായി വന്ന്‌ ( ഞങ്ങളെ സത്യത്തിൽ നിന്ന്‌ പിന്തിരിപ്പിക്കുകയായിരുന്നു. )

29 അവർ മറുപടി പറയും: അല്ല, നിങ്ങൾ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌.

30 ഞങ്ങൾക്കാകട്ടെ നിങ്ങളുടെ മേൽ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങൾ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.

31 അങ്ങനെ നമ്മുടെ മേൽ നമ്മുടെ രക്ഷിതാവിൻറെ വചനം യാഥാർത്ഥ്യമായിതീർന്നു. തീർച്ചയായും നാം ( ശിക്ഷ ) അനുഭവിക്കാൻ പോകുകയാണ്‌.

32 അപ്പോൾ ഞങ്ങൾ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.( കാരണം ) തീർച്ചയായും ഞങ്ങൾ വഴിതെറ്റിയവരായിരുന്നു.

33 അപ്പോൾ അന്നേ ദിവസം തീർച്ചയായും അവർ ( ഇരുവിഭാഗവും ) ശിക്ഷയിൽ പങ്കാളികളായിരിക്കും.

34 തീർച്ചയായും നാം കുറ്റവാളികളെക്കൊണ്ട്‌ ചെയ്യുന്നത്‌ അപ്രകാരമാകുന്നു.

35 അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന്‌ അവരോട്‌ പറയപ്പെട്ടാൽ അവർ അഹങ്കാരം നടിക്കുമായിരുന്നു.

36 ഭ്രാന്തനായ ഒരു കവിക്ക്‌ വേണ്ടി ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച്‌ കളയണമോ എന്ന്‌ ചോദിക്കുകയും ചെയ്യുമായിരുന്നു.

37 അല്ല, സത്യവും കൊണ്ടാണ്‌ അദ്ദേഹം വന്നത്‌. ( മുമ്പ്‌ വന്ന ) ദൈവദൂതൻമാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

38 തീർച്ചയായും നിങ്ങൾ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു.

39 നിങ്ങൾ പ്രവർത്തിച്ചിരുന്നതിനു മാത്രമേ നിങ്ങൾക്ക്‌ പ്രതിഫലം നൽകപ്പെടുകയുള്ളു.

40 അല്ലാഹുവിൻറെ നിഷ്കളങ്കരായ ദാസൻമാർ ഇതിൽ നിന്ന്‌ ഒഴിവാകുന്നു.

41 അങ്ങനെയുള്ളവർക്കാകുന്നു അറിയപ്പെട്ട ഉപജീവനം.

42 വിവിധ തരം പഴവർഗങ്ങൾ. അവർ ആദരിക്കപ്പെടുന്നവരായിരിക്കും.

43 സൗഭാഗ്യത്തിൻറെ സ്വർഗത്തോപ്പുകളിൽ.

44 അവർ ചില കട്ടിലുകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.

45 ഒരു തരം ഉറവു ജലം നിറച്ച കോപ്പകൾ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.

46 വെളുത്തതും കുടിക്കുന്നവർക്ക്‌ ഹൃദ്യവുമായ പാനീയം.

47 അതിൽ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവർക്ക്‌ ലഹരി ബാധിക്കുകയുമില്ല.

48 ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകൾ അവരുടെ അടുത്ത്‌ ഉണ്ടായിരിക്കും.

49 സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകൾ പോലെയിരിക്കും അവർ.

50 ആ സ്വർഗവാസികളിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട്‌ പരസ്പരം ( പല ചോദ്യങ്ങളും ) ചോദിക്കും

51 അവരിൽ നിന്ന്‌ ഒരു വക്താവ്‌ പറയും: തീർച്ചയായും എനിക്ക്‌ ഒരു കൂട്ടുകാരനുണ്ടായിരുന്നു.

52 അവൻ പറയുമായിരുന്നു: തീർച്ചയായും നീ ( പരലോകത്തിൽ ) വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ തന്നെയാണോ?

53 നാം മരിച്ചിട്ട്‌ മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക്‌ നമ്മുടെ കർമ്മഫലങ്ങൾ നൽകപ്പെടുന്നതാണോ?

54 തുടർന്ന്‌ ആ വക്താവ്‌ ( കൂടെയുള്ളവരോട്‌ ) പറയും: നിങ്ങൾ ( ആ കൂട്ടുകാരനെ ) എത്തിനോക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

55 എന്നിട്ട്‌ അദ്ദേഹം എത്തിനോക്കും. അപ്പോൾ അദ്ദേഹം അവനെ നരകത്തിൻറെ മദ്ധ്യത്തിൽ കാണും.

56 അദ്ദേഹം ( അവനോട്‌ ) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തിൽ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.

57 എൻറെ രക്ഷിതാവിൻറെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ ( ആ നരകത്തിൽ ) ഹാജരാക്കപ്പെടുന്നവരിൽ ഞാനും ഉൾപെടുമായിരുന്നു.

58 ( സ്വർഗവാസികൾ പറയും: ) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ

59 നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.

60 തീർച്ചയായും ഇതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.

61 ഇതുപോലെയുള്ളതിന്‌ വേണ്ടിയാകട്ടെ പ്രവർത്തകൻമാർ പ്രവർത്തിക്കുന്നത്‌.

62 അതാണോ വിശിഷ്ടമായ സൽക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?

63 തീർച്ചയായും അതിനെ നാം അക്രമകാരികൾക്ക്‌ ഒരു പരീക്ഷണമാക്കിയിരിക്കുന്നു.

64 നരകത്തിൻറെ അടിയിൽ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.

65 അതിൻറെ കുല പിശാചുക്കളുടെ തലകൾ പോലെയിരിക്കും.

66 തീർച്ചയായും അവർ അതിൽ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും.

67 പിന്നീട്‌ അവർക്ക്‌ അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിൻറെ ഒരു ചേരുവയുണ്ട്‌.

68 പിന്നീട്‌ തീർച്ചയായും അവരുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാകുന്നു.

69 തീർച്ചയായും അവർ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത്‌ വഴിപിഴച്ചവരായിട്ടാണ്‌.

70 അങ്ങനെ ഇവർ അവരുടെ ( പിതാക്കളുടെ ) കാൽപാടുകളിലൂടെ കുതിച്ചു പായുന്നു.

71 ഇവർക്ക്‌ മുമ്പ്‌ പൂർവ്വികരിൽ അധികപേരും വഴിപിഴച്ചു പോകുക തന്നെയാണുണ്ടായത്‌.

72 അവരിൽ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്‌.

73 എന്നിട്ട്‌ നോക്കൂ; ആ താക്കീത്‌ നൽകപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്‌.

74 അല്ലാഹുവിൻറെ നിഷ്കളങ്കരായ ദാസൻമാർ ഒഴികെ.

75 നൂഹ്‌ നമ്മെ വിളിക്കുകയുണ്ടായി. അപ്പോൾ ഉത്തരം നൽകിയവൻ എത്ര നല്ലവൻ!

76 അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തിൽ നിന്ന്‌ രക്ഷപ്പെടുത്തി.

77 അദ്ദേഹത്തിൻറെ സന്തതികളെ നാം ( ഭൂമിയിൽ ) നിലനിൽക്കുന്നവരാക്കുകയും.

78 പിൽക്കാലത്ത്‌ വന്നവരിൽ അദ്ദേഹത്തെപറ്റിയുള്ള സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

79 ലോകരിൽ നൂഹിന്‌ സമാധാനം!

80 തീർച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തൻമാർക്ക്‌ നാം പ്രതിഫലം നൽകുന്നത്‌.

81 തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരുടെ കൂട്ടത്തിലാകുന്നു.

82 പിന്നീട്‌ നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.

83 തീർച്ചയായും അദ്ദേഹത്തിൻറെ കക്ഷികളിൽ പെട്ട ആൾ തന്നെയാകുന്നു ഇബ്രാഹീം.

84 നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തൻറെ രക്ഷിതാവിങ്കൽ വന്ന സന്ദർഭം ( ശ്രദ്ധേയമാകുന്നു. )

85 തൻറെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം: എന്തൊന്നിനെയാണ്‌ നിങ്ങൾ ആരാധിക്കുന്നത്‌?

86 അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങൾ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?

87 അപ്പോൾ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌?

88 എന്നിട്ട്‌ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.

89 തുടർന്ന്‌ അദ്ദേഹം പറഞ്ഞു: തീർച്ചയായും എനിക്ക്‌ അസുഖമാകുന്നു.

90 അപ്പോൾ അവർ അദ്ദേഹത്തെ വിട്ട്‌ പിന്തിരിഞ്ഞു പോയി.

91 എന്നിട്ട്‌ അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേർക്ക്‌ തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങൾ തിന്നുന്നില്ലേ?

92 നിങ്ങൾക്കെന്തുപറ്റി? നിങ്ങൾ മിണ്ടുന്നില്ലല്ലോ?

93 തുടർന്ന്‌ അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട്‌ ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.

94 എന്നിട്ട്‌ അവർ അദ്ദേഹത്തിൻറെ അടുത്തേക്ക്‌ കുതിച്ച്‌ ചെന്നു.

95 അദ്ദേഹം പറഞ്ഞു: നിങ്ങൾ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങൾ ആരാധിക്കുന്നത്‌?

96 അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങൾ നിർമിക്കുന്നവയെയും സൃഷ്ടിച്ചത്‌.

97 അവർ ( അന്യോന്യം ) പറഞ്ഞു: നിങ്ങൾ അവന്ന്‌ ( ഇബ്രാഹീമിന്‌ ) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയിൽ ഇട്ടേക്കുക.

98 അങ്ങനെ അദ്ദേഹത്തിൻറെ കാര്യത്തിൽ അവർ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാൽ നാം അവരെ ഏറ്റവും അധമൻമാരാക്കുകയാണ്‌ ചെയ്തത്‌.

99 അദ്ദേഹം പറഞ്ഞു: തീർച്ചയായും ഞാൻ എൻറെ രക്ഷിതാവിങ്കലേക്ക്‌ പോകുകയാണ്‌. അവൻ എനിക്ക്‌ വഴി കാണിക്കുന്നതാണ്‌.

100 എൻറെ രക്ഷിതാവേ, സദ്‌വൃത്തരിൽ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ.

101 അപ്പോൾ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാർത്ത അറിയിച്ചു.

102 എന്നിട്ട്‌ ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: എൻറെ കുഞ്ഞുമകനേ! ഞാൻ നിന്നെ അറുക്കണമെന്ന്‌ ഞാൻ സ്വപ്നത്തിൽ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവൻ പറഞ്ഞു: എൻറെ പിതാവേ, കൽപിക്കപ്പെടുന്നതെന്തോ അത്‌ താങ്കൾ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്‌.

103 അങ്ങനെ അവർ ഇരുവരും ( കൽപനക്ക്‌ ) കീഴ്പെടുകയും, അവനെ നെറ്റി ( ചെന്നി ) മേൽ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദർഭം!

104 നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,

105 തീർച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീർച്ചയായും അപ്രകാരമാണ്‌ നാം സദ്‌വൃത്തർക്ക്‌ പ്രതിഫലം നൽകുന്നത്‌.

106 തീർച്ചയായും ഇത്‌ സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.

107 അവന്ന്‌ പകരം ബലിയർപ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നൽകുകയും ചെയ്തു.

108 പിൽക്കാലക്കാരിൽ അദ്ദേഹത്തിൻറെ ( ഇബ്രാഹീമിൻറെ ) സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

109 ഇബ്രാഹീമിന്‌ സമാധാനം!

110 അപ്രകാരമാണ്‌ നാം സദ്‌വൃത്തർക്ക്‌ പ്രതിഫലം നൽകുന്നത്‌.

111 തീർച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരിൽ പെട്ടവനാകുന്നു.

112 ഇഷാഖ്‌ എന്ന മകൻറെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന്‌ നാം സന്തോഷവാർത്ത അറിയിച്ചു. സദ്‌വൃത്തരിൽ പെട്ട ഒരു പ്രവാചകൻ എന്ന നിലയിൽ.

113 അദ്ദേഹത്തിനും ഇഷാഖിനും നാം അനുഗ്രഹം നൽകുകയും ചെയ്തു. അവർ ഇരുവരുടെയും സന്തതികളിൽ സദ്‌വൃത്തരുണ്ട്‌. സ്വന്തത്തോട്‌ തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്‌.

114 തീർച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.

115 അവർ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തിൽ നിന്ന്‌ നാം രക്ഷപ്പെടുത്തുകയും ചെയ്തു.

116 അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികൾ അവർ തന്നെ ആകുകയും ചെയ്തു.

117 അവർക്ക്‌ രണ്ടുപേർക്കും നാം ( കാര്യങ്ങൾ ) വ്യക്തമാക്കുന്ന ഗ്രന്ഥം നൽകുകയും,

118 അവരെ നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.

119 പിൽക്കാലക്കാരിൽ അവരുടെ സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

120 മൂസായ്ക്കും ഹാറൂന്നും സമാധാനം!

121 തീർച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തർക്ക്‌ നാം പ്രതിഫലം നൽകുന്നത്‌.

122 തീർച്ചയായും അവർ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരുടെ കൂട്ടത്തിലാകുന്നു.

123 ഇൽയാസും ദൂതൻമാരിലൊരാൾ തന്നെ.

124 അദ്ദേഹം തൻറെ ജനതയോട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

125 നിങ്ങൾ ബഅ്ല‍ൈൻ വിളിച്ച്‌ പ്രാർത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികർത്താവിനെ വിട്ടുകളയുകയുമാണോ?

126 അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂർവ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.

127 അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാൽ അവർ ( ശിക്ഷയ്ക്ക്‌ ) ഹാജരാക്കപ്പെടുക തന്നെ ചെയ്യും.

128 അല്ലാഹുവിൻറെ നിഷ്കളങ്കരായ ദാസൻമാർ ഒഴികെ.

129 പിൽക്കാലക്കാരിൽ അദ്ദേഹത്തിൻറെ സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

130 ഇൽയാസിന്‌ സമാധാനം!

131 തീർച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തർക്ക്‌ നാം പ്രതിഫലം നൽകുന്നത്‌.

132 തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരുടെ കൂട്ടത്തിലാകുന്നു.

133 ലൂത്വും ദൂതൻമാരിലൊരാൾ തന്നെ.

134 അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ആളുകളേയും മുഴുവൻ നാം രക്ഷപ്പെടുത്തിയ സന്ദർഭം ( ശ്രദ്ധേയമത്രെ ).

135 പിൻമാറി നിന്നവരിൽപ്പെട്ട ഒരു കിഴവിയൊഴികെ.

136 പിന്നെ മറ്റുള്ളവരെ നാം തകർത്തു കളഞ്ഞു.

137 തീർച്ചയായും നിങ്ങൾ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്‌.

138 രാത്രിയിലും. എന്നിട്ടും നിങ്ങൾ ചിന്തിച്ച്‌ ഗ്രഹിക്കുന്നില്ലേ?

139 യൂനുസും ദൂതൻമാരിലൊരാൾ തന്നെ.

140 അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക്‌ ഒളിച്ചോടിയ സന്ദർഭം ( ശ്രദ്ധേയമത്രെ ).

141 എന്നിട്ട്‌ അദ്ദേഹം ( കപ്പൽ യാത്രക്കാരോടൊപ്പം ) നറുക്കെടുപ്പിൽ പങ്കെടുത്തു. അപ്പോൾ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി.

142 അങ്ങനെ അദ്ദേഹം ആക്ഷേപത്തിന്‌ അർഹനായിരിക്കെ ആ വൻമത്സ്യം അദ്ദേഹത്തെ വിഴുങ്ങി.

143 എന്നാൽ അദ്ദേഹം അല്ലാഹുവിൻറെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കിൽ

144 ജനങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ അതിൻറെ വയറ്റിൽ തന്നെ അദ്ദേഹത്തിന്‌ കഴിഞ്ഞ്‌ കൂടേണ്ടി വരുമായിരുന്നു.

145 എന്നിട്ട്‌ അദ്ദേഹത്തെ അനാരോഗ്യവാനായ നിലയിൽ തുറന്ന സ്ഥലത്തേക്ക്‌ നാം തള്ളി

146 അദ്ദേഹത്തിൻറെ മേൽ നാം യഖ്ത്വീൻ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.

147 അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക്‌ നിയോഗിച്ചു.

148 അങ്ങനെ അവർ വിശ്വസിക്കുകയും തൽഫലമായി കുറെ കാലത്തേക്ക്‌ അവർക്ക്‌ നാം സുഖജീവിതം നൽകുകയും ചെയ്തു.

149 എന്നാൽ ( നബിയേ, ) നീ അവരോട്‌ (ബഹുദൈവവിശ്വാസികളോട്‌) അഭിപ്രായം ആരായുക; നിൻറെ രക്ഷിതാവിന്‌ പെൺമക്കളും അവർക്ക്‌ ആൺമക്കളുമാണോ എന്ന്‌.

150 അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന്‌ അവർ ദൃക്സാക്ഷികളായിരുന്നോ?

151 അറിഞ്ഞേക്കുക: അവർ പറയുന്നത്‌ തീർച്ചയായും അവരുടെ വ്യാജനിർമിതിയിൽ പെട്ടതാകുന്നു.

152 അല്ലാഹു സന്തതികൾക്കു ജൻമം നൽകിയിട്ടുണ്ടെന്ന്‌. തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാകുന്നു.

153 ആൺമക്കളെക്കാളുപരിയായി അവൻ പെൺമക്കളെ തെരഞ്ഞെടുത്തുവെന്നോ?

154 നിങ്ങൾക്കെന്തുപറ്റി? എപ്രകാരമാണ്‌ നിങ്ങൾ വിധികൽപിക്കുന്നത്‌?

155 നിങ്ങൾ ആലോചിച്ച്‌ നോക്കുന്നില്ലേ?

156 അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങൾക്കു കിട്ടിയിട്ടുണ്ടോ?

157 എന്നാൽ നിങ്ങൾ നിങ്ങളുടെ രേഖ കൊണ്ടുവരുവിൻ; നിങ്ങൾ സത്യവാൻമാരാണെങ്കിൽ.

158 അല്ലാഹുവിനും ജിന്നുകൾക്കുമിടയിൽ അവർ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ തീർച്ചയായും തങ്ങൾ ശിക്ഷയ്ക്ക്‌ ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന്‌ ജിന്നുകൾ മനസ്സിലാക്കിയിട്ടുണ്ട്‌.

159 അവർ ചമച്ചു പറയുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ!

160 എന്നാൽ അല്ലാഹുവിൻറെ നിഷ്കളങ്കരായ ദാസൻമാർ ( ഇതിൽ നിന്നെല്ലാം ) ഒഴിവാകുന്നു.

161 എന്നാൽ നിങ്ങൾക്കും നിങ്ങൾ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും

162 അല്ലാഹുവിന്നെതിരായി ( ആരെയും ) കുഴപ്പത്തിലാക്കാനാവില്ല; തീർച്ച.

163 നരകത്തിൽ വെന്തെരിയാൻ പോകുന്നവനാരോ അവനെയല്ലാതെ.

164 ( മലക്കുകൾ ഇപ്രകാരം പറയും: ) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളിൽ ആരും തന്നെയില്ല.

165 തീർച്ചയായും ഞങ്ങൾ തന്നെയാണ്‌ അണിനിരന്ന്‌ നിൽക്കുന്നവർ.

166 തീർച്ചയായും ഞങ്ങൾ തന്നെയാണ്‌ ( അല്ലാഹുവിൻറെ ) പരിശുദ്ധിയെ പ്രകീർത്തിക്കുന്നവർ.

167 തീർച്ചയായും അവർ ( സത്യനിഷേധികൾ ) ഇപ്രകാരം പറയാറുണ്ടായിരുന്നു:

168 പൂർവ്വികൻമാരിൽ നിന്ന്‌ ലഭിച്ച വല്ല ഉൽബോധനവും ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നെങ്കിൽ

169 ഞങ്ങൾ അല്ലാഹുവിൻറെ നിഷ്കളങ്കരായ ദാസൻമാരാവുക തന്നെ ചെയ്യുമായിരുന്നു.

170 എന്നിട്ട്‌ അവർ ഇതിൽ ( ഈ വേദഗ്രന്ഥത്തിൽ ) അവിശ്വസിക്കുകയാണ്‌ ചെയ്തത്‌. അതിനാൽ അവർ പിന്നീട്‌ (കാര്യം) മനസ്സിലാക്കിക്കൊള്ളും.

171 ദൂതൻമാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസൻമാരോട്‌ നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്‌.

172 തീർച്ചയായും അവർ തന്നെയായിരിക്കും സഹായം നൽകപ്പെടുന്നവരെന്നും,

173 തീർച്ചയായും നമ്മുടെ സൈന്യം തന്നെയാണ്‌ ജേതാക്കളായിരിക്കുക എന്നും.

174 അതിനാൽ ഒരു അവധി വരെ നീ അവരിൽ നിന്ന്‌ തിരിഞ്ഞുകളയുക.

175 നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവർ പിന്നീട്‌ കണ്ടറിഞ്ഞു കൊള്ളും.

176 അപ്പോൾ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവർ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്‌?

177 എന്നാൽ അത്‌ അവരുടെ മുറ്റത്ത്‌ വന്ന്‌ ഇറങ്ങിയാൽ ആ താക്കീത്‌ നൽകപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും!

178 ( അതിനാൽ ) ഒരു അവധി വരെ നീ അവരിൽ നിന്ന്‌ തിരിഞ്ഞുകളയുക.

179 നീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവർ പിന്നീട്‌ കണ്ടറിഞ്ഞു കൊള്ളും.

180 പ്രതാപത്തിൻറെ നാഥനായ നിൻറെ രക്ഷിതാവ്‌ അവർ ചമച്ചു പറയുന്നതിൽ നിന്നെല്ലാം എത്ര പരിശുദ്ധൻ!

181 ദൂതൻമാർക്കു സമാധാനം!

182 ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>