എല്ലാ പുഴകളും നിത്യകാമിയായ കടലിലേക്ക്, കടലോളം വലിയൊരു കാമുകന്‍!


മഷിപ്പച്ച

by സജയ് കെ.വി

2 min read
Read later
Print
Share

ഫോട്ടോ: ANI

ഴക്കാലമാണ്; കവിതകളുടെയും മഴക്കാലമാണ് ഇപ്പോള്‍ മലയാളത്തില്‍. മഴക്കവിതകളും സമൃദ്ധമായുണ്ട് നമ്മുടെ ഭാഷയില്‍. ചേലപ്പറമ്പു നമ്പൂതിരിയുടെ പഴയൊരു മുക്തകമാണ് ഓര്‍മ വരുന്നത്. ശ്ലോകം ഇങ്ങനെ -
'അഭോരാശി കുടുംബിനീതിലകമേ! നല്‍ച്ചാലിയാറേ, തൊഴാം!
അന്‍പെന്നെപ്രതി തോന്നിടേണമതിനായ്
ഞാനൊന്നു സംപ്രാര്‍ത്ഥയേ.
തേനോലും മൊഴി തന്വി, മണിപ്പോതം കടപ്പോളവും
ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീടണം.'

To advertise here,

നാലുവരികളില്‍ ഒരു മഴക്കാലവും മഴക്കാലത്തെ പുഴയും പുഴകടക്കുന്ന സുന്ദരിയും കാതരയുമായ യുവതിയും അവളെക്കാത്ത് പുഴയ്ക്കിക്കരെ നില്‍ക്കുന്ന കവിയും ചേരുന്നൊരു ജലച്ചായചിത്രം വരച്ചിടുകയാണ് ചേലപ്പറമ്പന്‍. മഴക്കാലം, പുഴത്തീരങ്ങള്‍ക്കിടയിലെ, മനുഷ്യര്‍ക്കിടയിലെയും, ദൂരമിരട്ടിപ്പിക്കുന്നു. നദി,'ദുസ്തരൗഘ'യാകുന്നു. അപ്പോഴാണ്, വിരഹത്തിന്റെ പുഴ മുറിച്ചുകടന്ന് അവളുടെ വരവ്. അപായങ്ങളൊളിപ്പിച്ച വര്‍ഷകാലത്തെ പുഴയാണ്. സമാഗമമോഹം ഭയത്തേക്കാള്‍ തീവ്രമാകുമ്പോള്‍ ആളുകള്‍ തരണം ചെയ്യാനൊരുങ്ങുന്ന ആ പുഴയിലാണ് ഇപ്പോള്‍ അവള്‍. ഇക്കരെ നില്‍ക്കുന്ന പുരുഷനെ അത് ആകുലനാക്കുന്നു. വിരഹോല്‍ക്കണ്ഠയേക്കാള്‍ ഭാരിച്ച ഒരുല്‍ക്കണ്ഠയുടെ പിടിയിലാണ് ഇപ്പോള്‍, അയാള്‍. അയാള്‍ ആ ആറിനോടു തന്നെ പ്രാര്‍ത്ഥിക്കുന്നു; കാറ്റും ചുഴികളും കുത്തൊഴുക്കിന്റെ വേഗവും ജലാരവവും ഒട്ട് കുറയ്ക്കണേ എന്ന്.

അവള്‍ കേള്‍ക്കുമോ? കേള്‍ക്കാതിരിക്കില്ല. കാരണം, 'അംഭോരാശി കുടുംബിനീതിലക'മാണ് ചാലിയാറ്. കൂടാതെ നല്ലവളും. ആരാണീ അംഭോരാശികുടുംബിനി? കടലിന്റെ ഭാര്യ തന്നെ. ഒരുപാടുണ്ട് കടലിന്ന് ഭാര്യമാര്‍. എല്ലാ പുഴകളും കടലില്‍, ആ നിത്യകാമിയുടെ വിരിമാറില്‍, ചെന്നുചേരുന്നു. പക്ഷേ ഇവള്‍, ഈ ചാലിയാറ്, അവന്റെ കുടുംബിനീതിലകമാണ്. അത്തരമൊരുവളെയാവണം കവിയും കാത്തുനില്‍ക്കുന്നത്. ആ കാമാതുരന്റെ ഉല്‍ക്കണ്ഠ അതിനാല്‍ അവള്‍ക്കു മനസ്സിലാവും. അതിനാലാണ് ഈ അര്‍ത്ഥന.

ഈ മുക്തകത്തില്‍ പ്രേമമാണോ കാമമാണോ മുഖ്യം? സംശയമെന്ത്, കാമം തന്നെ. കാരണം പ്രേമം അന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല! തന്റെ കാമിനിമാരില്‍ പ്രത്യേകപ്രതിപത്തിയുള്ള, അഥവാ അങ്ങനെ ഭാവിക്കുന്ന, ഒരുവളെയാണ് അയാള്‍ കാത്തുനില്‍ക്കുന്നത്. കവി പോലുമറിയാതെ വെളിപ്പെട്ടുപോയ ആ കാമരഹസ്യമാണ് 'അംഭോരാശികുടുംബിനി' എന്ന ആ സംബോധന. സമുദ്രത്തിന്റെ രതിസംബന്ധിയായ സ്വാച്ഛന്ദ്യം തനിക്കുമുണ്ടെന്ന് കവി സമ്മതിക്കുന്നു. അതൊരു കുറ്റസമ്മതമൊന്നുമല്ല; കാരണം സ്വച്ഛന്ദലൈംഗികത പാപബോധജനകമേയല്ലാതിരുന്ന ഫ്യൂഡല്‍ക്കാലത്തിന്റെ കവിതയാണിത്. എങ്കിലും കവിയുടെ ഉല്‍ക്കണ്ഠ അതിനെ പ്രണയച്ഛവി പുരണ്ടതാക്കുന്നു. അതാണ് ഈ മുക്തകത്തിന്റെ ആകര്‍ഷണീയത. അവള്‍ തനിച്ചാണോ വരുന്നത്? മണിപ്പോതം തുഴയുന്നത് അവള്‍ തന്നെയോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വായനക്കാര്‍ തന്നെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു!

പില്‍ക്കാലം ഇത്തരത്തിലൊരു വര്‍ഷകാലപ്പുഴ, എന്റെ കൂടി പുഴയായ മൂവാറ്റുപുഴയാറ്, നീന്തിക്കടന്നാണ് ബഷീറിന്റെ അബ്ദുള്‍ ഖാദര്‍ സാഹിബ് തന്റെ ജമീലാബീവിക്ക് പൂവന്‍പഴമെന്ന ഓറഞ്ചു കൊണ്ടുവന്നത്. അപ്പോഴേയ്ക്ക് കാമം പ്രണയമായിക്കഴിഞ്ഞിരുന്നു; ഓറഞ്ചും പൂവന്‍പഴമാകുന്ന അഭേദരൂപകം!

Content Highlights: sajay kv mashipacha sea the lover of rivers

ABOUT THE AUTHOR

സജയ് കെ.വി

അധ്യാപകനും നിരൂപകനും വിവര്‍ത്തകനും കവിയുമാണ് ലേഖകന്‍

More from this author
മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
Photo AP
Premium

4 min

ഇറാക്കിൽ അവർ ജൂതരായിരുന്നു, ഇസ്രയേലിൽ ഇറാക്കികളും; അവി ഷ്ലെയിമിന്റെ വേറിട്ട വീക്ഷണം

Oct 10, 2024


Fr. Abel, Jagathi Sreekumar
Premium

7 min

'ആ ജഗതി...ഞാനല്‍പ്പം തിരക്കിലായിപ്പോയി.' ജഗതി ആരാണെന്നറിയാത്ത ആബേലച്ചനും നടന്റെ സന്ദര്‍ശനവും!

Sep 20, 2024


Fr. Abel, Jayaram
Premium

6 min

'ആബേലച്ചന്‍ ജയറാമിനെ നോക്കി പറഞ്ഞു; രണ്ടെണ്ണം അടിച്ചോ, ഈ മൂഡില്‍ യാത്ര ചെയ്യണ്ട!' | കലാഭവന്‍ ഡയറീസ്‌

Oct 11, 2024


Kalabhavan Rahman
Premium

5 min

'കുറേ സിനിമകളിലൊക്കെ അഭിനയിച്ചതല്ലേ, നാണമാവൂലേ നിങ്ങള്‍ക്ക്?'- അയാള്‍ പരമപുച്ഛത്തോടെ ചോദിച്ചു

Oct 5, 2024

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-