'ആ വില്‍പനയുടെ ചുങ്കമാണ് അയാളുടെ കവിത'; കവി കൃതാര്‍ഥനായി മടങ്ങുമ്പോള്‍... | മഷിപ്പച്ച


മഷിപ്പച്ച

by സജയ് കെ.വി.

3 min read
Read later
Print
Share

കവി ഇടശ്ശേരി ഗോവിന്ദൻ നായർ ഗോപീകൃഷ്ണന്റെ വരയിൽ.

സാധാരണമായ ഒരിടശ്ശേരിക്കവിതയാണ് 'പോക്കുഭിക്ഷ'. അപരാഹ്നത്തില്‍ ഭിക്ഷ കൊടുക്കരുതെന്ന ഗ്രാമീണവിശ്വാസത്തെ മരണവുമായന്വയിച്ച് ജീവിതാവസാനത്തെക്കുറിച്ചുള്ള കവിത നിര്‍മിക്കുകയാണ് ഇടശ്ശേരി. ഉച്ചതിരിഞ്ഞ് കൊടുക്കുന്ന ഭിക്ഷയാണ് 'പോക്കുഭിക്ഷ'. ആ അസമയത്താണ് ഈ ഭിക്ഷക്കാരന്റെ വരവ്. അങ്ങനെ വരുന്നവര്‍ക്ക് ഭിക്ഷ നല്‍കരുതെന്ന അയാളുടെ നിര്‍ദേശം പാടേ മറന്ന മട്ടിലാണ് മക്കളുടെ പെരുമാറ്റം. ഭിക്ഷയ്ക്കു വന്നയാളെ അവര്‍ ദര്‍ഭവിരിപ്പിലിരുത്തുന്നു, നീരും പൂവും വീഴ്ത്തുന്നു. തൈരില്‍ കുഴച്ച പടച്ചോറൂട്ടി സല്‍ക്കരിക്കുന്നു. ഭാര്യയാകട്ടെ, അവര്‍ക്കിരുവര്‍ക്കും മാത്രമറിയാമായിരുന്ന ജീവിതത്തിലെ സ്വകാര്യങ്ങളാണ് എണ്ണിപ്പെറുക്കുന്നത്.

To advertise here,

ശേഷക്കാരാകട്ടെ, ഒരു പിടി അരിപോലെ അയാളെത്തന്നെ ആ ഭിക്ഷാംദേഹിയുടെ പൊക്കണത്തിലിട്ടു കൊടുക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, അയാളുടെ സ്വേച്ഛാവിരുദ്ധമായാണ് ഓരോന്നും സംഭവിക്കുന്നത് ഈ സായാഹ്നത്തില്‍. മക്കളും ഭാര്യയുമൊന്നും അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കുന്നതേയില്ല.
'തന്‍ മുഴങ്കൈവച്ചിദ്ധര്‍മ്മക്കാരന്‍ മലര്‍ത്തി-
ക്കാണിക്കും പൊക്കണത്തിലേ, യ്‌ക്കൊരു പിടിയരി പോലേ
വാരിയിടുക താനെന്നോ നിങ്ങടെയെന്നെ!' എന്ന അവസാനവരികളില്‍ മരണത്തിന്റെ- കാലത്തിന്റെ- പെരുംഭാണ്ഡത്തിനുള്ളില്‍ വീണു തിരോഭവിക്കുകയെന്ന മനുഷ്യന്റെ അനിവാര്യവിധിയിലെ നിസ്സഹായതയത്രയുമുണ്ട്.

'നിങ്ങടെയെന്നെ'യാണ് ഒരു പിടിയരിപോലെ അവര്‍ മരണത്തിനു സമര്‍പ്പിക്കുന്നത്. 'ഞാന്‍','നിങ്ങള്‍','നിങ്ങടെ ഞാന്‍' എന്നിങ്ങനെ ആത്മവും അപരവും അവ തമ്മിലുള്ള വേഴ്ച്ചകളുമെല്ലാം, മരണത്തോടെ, ഭയാനകമായ ഒരു ശൂന്യതയില്‍ച്ചെന്ന് വിലയം പ്രാപിക്കുന്നു. മരിച്ചവന്റെ ഭാഷണമാണിത്. മരണത്തെ അയാള്‍ ഒരു 'പോക്കുഭിക്ഷ'യായി കരുതുന്നു. ഭിക്ഷാന്നം അയാള്‍ തന്നെ; അയാളുടെ ഉണ്‍മയും അസ്തിത്വവും. മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട പതിവുചര്യകളില്‍ച്ചിലതിനെയാണിവിടെ ഇടശ്ശേരി, മരണമെന്ന ഭിക്ഷക്കാരനുള്ള പരിചരണമായും പരിഗണനയായും വിവരിക്കുന്നത്.

മരണമാണ് പരിഗണിക്കപ്പെടുന്നത്, മരിച്ചയാളോ അയാളുടെ ഇച്ഛകളോ പരിഗണിക്കപ്പെടുന്നില്ല എന്നൊരു ധ്വനിയും ഇവിടെ കാണാം. മരണത്തോടെ നിങ്ങളും ഞാനും തമ്മില്‍ പിരിയുന്നു. മരണമാണ് ഉചിതമായി സല്‍ക്കരിക്കപ്പെട്ടതിനാലുള്ള കൃതാര്‍ത്ഥതയോടുകൂടി മടങ്ങുന്നത്; ജീവിച്ചിരിക്കുന്ന(മരിച്ചയാളുടെ) ഉറ്റവരും ആ കൃതകൃത്യതയില്‍ പങ്കുപറ്റുന്നുണ്ടാവാം.

Also Read

'പാപഫലങ്ങൾ നിനക്കും; അതിൽ നിന്നാർജ്ജിച്ച ...

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റ പറയാൻ ...

ഒരിക്കൽ ആദർശത്തിന്റെ തീപ്പന്തമായിരുന്ന ...

ഇത്തരത്തില്‍, ചില പരിചിതരൂപകങ്ങളുപയോഗിച്ച്, മരണമെന്ന അപരിചിതാനുഭവത്തെ വിവരിക്കുന്ന രീതി ഇടശ്ശേരിയുടെ ചില അവസാനകാലകവിതകളില്‍ കാണാം. 'ചന്ത പിരിഞ്ഞു'എന്ന കവിത ഉദാഹരണം. ചന്ത പിരിയുന്ന ഏകാന്തവിജനമായ വൈകുന്നേരത്തിന്റെ അനുഭവം പോലെയാണ് മരണംമാത്രം പ്രതീക്ഷിക്കുന്ന വാര്‍ധക്യം-
'വിറ്റവരും കൊണ്ടവരും പിരിഞ്ഞുപോയീ
വില്‍പ്പന തന്‍ ചുങ്കമെന്റെ കീശയിലായീ
ഉണക്കമീന്‍മണം ശ്വസിച്ചിരുണ്ടിവിടെ-
ത്തണുത്തിരിക്കണമെന്തു കൃതത്തിനായി?'
ഇവിടെ വാര്‍ധക്യവിരസതയെ കുറിക്കുന്ന മൂന്ന് ഐന്ദ്രിയാനുഭവങ്ങളെയാണ് ഇടശ്ശേരി, ഒരണിയായി വിന്യസിച്ചിരിക്കുന്നത്-
ഉണക്കമീന്‍ചൂര്, ഇരുട്ട്, തണുപ്പ് എന്നിവയെ.

ഇരുട്ടും തണുപ്പുമെല്ലാം സാമ്പ്രദായിക മരണ പ്രതീകങ്ങളാണെന്ന് വേണമെങ്കില്‍ പറയാം. ആ ഉണക്കമീന്‍മണമോ? അത് ഇടശ്ശേരിക്കവിതയില്‍ മാത്രം പ്രതീക്ഷിക്കാവുന്ന തികച്ചുമൊരു മൗലികബിംബമാണ്. മീന്‍മണമല്ല, ഉണക്കമീന്‍മണം. വാര്‍ധക്യമെന്ന ഉണങ്ങലിന്റെ- ജരയുടെ- ഗന്ധമാണോ അത്? അതെന്തായാലും കൃതാര്‍ത്ഥനാണ് കവി. പിരിഞ്ഞു കിട്ടേണ്ട ചുങ്കമെല്ലാം അയാള്‍ പിരിച്ചെടുത്തിരിക്കുന്നു. ആളും തിരക്കുമൊഴിഞ്ഞിരിക്കുന്നു. മധുരപലഹാരത്തട്ടും വളക്കടയും പച്ചക്കറികള്‍ വില്പനയ്ക്കായി കൂന കൂട്ടിയിരുന്ന ഇടവുമെല്ലാം ഇപ്പോള്‍ ശൂന്യം.' മധുരിക്കും വെളിച്ചെണ്ണ മണവും നക്കി/ മയങ്ങുമീച്ചകള്‍ മണ്ണിലിഴയുക'യാണിപ്പോള്‍ മധുരമിരുന്നിടത്ത്. മുറിയന്‍ ട്രൗസറിട്ട ആ കൊതിയന്മാരുടെ കൂട്ടത്തേയും കാണാനില്ല.

ഇടശ്ശേരി

വളയും ചാന്തും കമ്മലും വിറ്റിരുന്ന കടയില്‍ നിന്ന് ആ 'വര്‍ണശബളതകള്‍' അപ്രത്യക്ഷമായിരിക്കുന്നു. പോക്കുവെയില്‍ പോലെ അവയും പോയി എന്നാണ് കവി എഴുതുന്നത്. ഇപ്പോള്‍ അവിടെ ഒരു നേര്‍ത്ത സുഗന്ധം മാത്രം. ഇളവനും വെള്ളരിയും മത്തനും ഒരു തുരുത്തായി കിടന്നിരുന്നു. ആ തുരുത്ത് മുങ്ങിപ്പോയി. ചില തെരികകള്‍-ചുമ്മാട് - മാത്രമേയുള്ളൂ ഇപ്പോള്‍ അവിടെ അതിനടയാളമായി.

ചിലര്‍ക്ക് ലാഭം, ചിലര്‍ക്ക് നഷ്ടം. ന്യായമായ വിഹിതമേ അയാള്‍ക്ക് കൈവന്നിട്ടുള്ളൂ. അയാള്‍ ഒന്നും കൊടുത്തിട്ടില്ല, കൊടുക്കാനുമില്ല. ഇതുമൊരു പിടിച്ചു പറിയല്ലേ എന്നു ചിലര്‍. ഒറ്റയടിക്ക് ഒരോര്‍ഡിനന്‍സുകൊണ്ട് കൈയിരുപ്പെല്ലാം കള്ളനോട്ടാക്കുന്നതിന് തുല്യം ഈ പറച്ചില്‍.
കവിത ഇങ്ങനെ അവസാനിക്കുന്നു-
'വീട്ടുവാനും കിട്ടുവാനും എനിക്കില്ലൊന്നും
വീട്ടിലേയ്ക്കില്ലിനി, വീണ്ടും വരവുമില്ല'.

എന്താവാം ഈ കവിതയുടെ സൂക്ഷ്മവ്യംഗങ്ങള്‍? ബാല്യവും യൗവനവും മധ്യവയസ്സുമാവാം യഥാക്രമം, മധുരവും ചമയല്‍സാധനങ്ങളും മുഴുത്ത പച്ചക്കറികളും വിറ്റിരുന്ന ഇടങ്ങള്‍. അവിടെ വില്‍ക്കാനോ വാങ്ങാനോ വന്നവനല്ല അയാള്‍. അയാള്‍ വെറുമൊരു ചുങ്കം പിരിവുകാരന്‍. അത് അന്യായമല്ലേ എന്നാണ് ലോകരുടെ ചോദ്യം. അങ്ങനെയെങ്കില്‍ അങ്ങനെ; താന്‍ മടങ്ങുന്നു, ഇനിയൊരു മടക്കമില്ല എന്ന് മറുപടി. ആരാവാം ഈ ചുങ്കക്കാരന്‍? അയാള്‍ കവി തന്നെ. അയാള്‍ ഒന്നും വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ല. ആ വില്‍പനയുടെ ചുങ്കമാണ് അയാളുടെ കവിത. അത് വിലകെട്ടതും അന്യായവുമെന്ന് കരുതുന്നവരുടെ പടുമൊഴി അയാളെ അധന്യനും അകൃതാര്‍ത്ഥനുമാക്കുന്നില്ല. അയാള്‍ കൃതാര്‍ത്ഥനായിത്തന്നെ മടങ്ങുന്നു.

Content Highlights: Sajay K.V. writes Mashipacha on Edasseri Govindan Nair

ABOUT THE AUTHOR

സജയ് കെ.വി.

അധ്യാപകനും എഴുത്തുകാരനുമാണ് ലേഖകന്‍

More from this author
മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
Photo AP
Premium

4 min

ഇറാക്കിൽ അവർ ജൂതരായിരുന്നു, ഇസ്രയേലിൽ ഇറാക്കികളും; അവി ഷ്ലെയിമിന്റെ വേറിട്ട വീക്ഷണം

Oct 10, 2024


Fr. Abel, Jagathi Sreekumar
Premium

7 min

'ആ ജഗതി...ഞാനല്‍പ്പം തിരക്കിലായിപ്പോയി.' ജഗതി ആരാണെന്നറിയാത്ത ആബേലച്ചനും നടന്റെ സന്ദര്‍ശനവും!

Sep 20, 2024


Fr. Abel, Jayaram
Premium

6 min

'ആബേലച്ചന്‍ ജയറാമിനെ നോക്കി പറഞ്ഞു; രണ്ടെണ്ണം അടിച്ചോ, ഈ മൂഡില്‍ യാത്ര ചെയ്യണ്ട!' | കലാഭവന്‍ ഡയറീസ്‌

Oct 11, 2024


Kalabhavan Rahman
Premium

5 min

'കുറേ സിനിമകളിലൊക്കെ അഭിനയിച്ചതല്ലേ, നാണമാവൂലേ നിങ്ങള്‍ക്ക്?'- അയാള്‍ പരമപുച്ഛത്തോടെ ചോദിച്ചു

Oct 5, 2024

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-