Jump to content

കൊല്ലിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂപടത്തിൽ കൊല്ലിമലയുടെ സ്ഥാനം
കൊല്ലിമല
കൊല്ലിമലയിലെ എഴുപതാമത്തെ ഹെയർ പിൻ വളവ് സൂചിപ്പിയ്ക്കുന്ന ബോർഡ്
കാരവല്ലിയിൽ സ്ഥിതി ചെയ്യുന്ന കൊല്ലിമലയിലേക്കുള്ള പ്രവേശന കവാടം
പൊതു ഗതാഗതത്തിൻ്റെ ഭാഗമായ കൊല്ലിമലയിലെ ബസ്സ് സർവീസ്
കൊല്ലി മലയിലെ ഒരു ഹെയർ പിൻ വളവ്
കൊല്ലിമലയിലെ ഒരു വ്യൂ പോയിൻ്റ്
കൊല്ലിമലയിലേയ്ക്കുള്ള ദിശ സൂചിപ്പിയ്ക്കുന്ന ഒരു ബോർഡ്

തമിഴ്‌നാടിന്റെ മധ്യഭാഗത്തായി നാമക്കൽ ജില്ലയിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊല്ലിമല (തമിഴ്: கொல்லி மலை) . ഈസ്റ്റേൺ ഘാട്ട് മല നിരകളുടെ ഭാഗമായ ഈ പ്രദേശം കടൽ നിരപ്പിൽ നിന്നും ഏകദേശം 1300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരു വലിയ വനമേഖലയ്ക്കു നടുവിലാണ് ഈ പ്രദേശം. ഏകദേശം 280 km² വിസ്താരത്തിൽ പരന്നു കിടക്കുന്ന ഈ ഭൂപ്രദേശം ടൂറിസത്തിന് ഏറെ സാധ്യതകൾ ഉള്ളതാണെങ്കിലും ഇപ്പോഴും സഞ്ചാരികൾ അധികമായി എത്തിത്തുടങ്ങിയിട്ടില്ല. സഞ്ചാരികൾക്കായി പ്രദേശത്ത് ചുരുങ്ങിയതോതിൽ ലോഡ്ജും റിസോർട്ടും പ്രവർത്തിയ്ക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] മരച്ചീനി, പൈനാപ്പിൾ, വാഴ മുതലായവ വാണിജ്യാടിസ്ഥാനത്തിൽ തന്നെ കൃഷിചെയ്തുവരുന്നു. വിവിധ ഇനത്തിൽ പെട്ട ധാരാളം പ്ലാവുകൾ ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെ നാമക്കൽ, സേലം മുതലായ സ്ഥലങ്ങളിലെ കമ്പോളങ്ങളിലേക്കുള്ള ചക്കകൾ ഇവിടെ നിന്നും വരുന്നതാണ്. ചിലയിടങ്ങലിൽ കാപ്പിയും കുരുമുളകും വൻതോതിൽ കൃഷിചെയ്തു വരുന്നുണ്ട്. വികസനം തീരെ ചെന്നെത്താത്ത സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലിമല. ആകാശഗംഗ എന്നറിയപ്പെടുന്ന വലിയൊരു വെള്ളച്ചാട്ടം കൊല്ലിമലയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. അറപ്പാലീശ്വരൻ ക്ഷേത്രം, കൊല്ലിപ്പാവൈ അമ്മൻ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്. ചിലപ്പതികാരം, മണിമേഖല പോലുള്ള പഴയകാല കൃതികളിൽ കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. [അവലംബം ആവശ്യമാണ്]

എത്തിച്ചേരാൻ

[തിരുത്തുക]
കൊല്ലിമലയിലെ വാണിജ്യകേന്ദ്രം

എഴുപതിലധികം വൻവളവുകളുള്ള ചെങ്കുത്തായ ഒരു ചുരം കയറിവേണം കൊല്ലിമല എന്ന സ്ഥലത്ത് എത്തിച്ചേരാൻ. സേലത്തു നിന്നും നാമക്കല്ലിൽ നിന്നും ബസ്സുകൾ ഉണ്ടെങ്കിലും പ്രായേണ സേലത്തുനിന്നും ബസ്സ് സർവീസ് കുറവാണ്. നാമക്കല്ലിൽ നിന്നും 63 കിലോമീറ്റർ അകലെ കിഴക്കൻ മലനിരകളിലാണു കൊല്ലിമല സ്ഥിതിചെയ്യുന്നത്. പ്രദേശവാസികൾ അടിവാരം എന്നു വിളിക്കുന്ന കാരവല്ലി എന്ന സ്ഥലത്ത് നിന്നുമാണ് ചുരം തുടങ്ങുന്നത്. ചുരം കയറാൻ ഏകദേശം രണ്ടുമണിക്കൂറോളം സമയമെടുക്കും. കാർഷികവൃത്തിയിലേർപ്പെട്ട കുറേ പാവപ്പെട്ട ജനവിഭാഗം മാത്രം താമസിച്ചുവരുന്ന കൊല്ലിമലയിലെ ഒരു ചെറുപട്ടണമാണ്. ചെമ്മേട് (സെമ്മേട്) ഇവിടമാണ് കൊല്ലിമലയുടെ കേന്ദ്രം. ചെറു തട്ടുകടകൾ പോലെയുള്ള വാണിജ്യകേന്ദങ്ങൾ മാത്രമേ ഇവിടെ കാണാനുള്ളൂ. കൊല്ലിമലയിൽ ഇത്തരം തട്ടുകടകളുടെ എണ്ണം കൂടുതലായി കണ്ടു വരുന്നു.

കൊല്ലിമലയോട് അടുത്തുള്ള പട്ടണം ജില്ലാ ആസ്ഥാനമായ നാമക്കൽ ആണ്. രണ്ടുമണിക്കൂർ ഇടവിട്ട് നാമക്കല്ലിൽ നിന്നും കൊല്ലിമലയിലേക്ക് ബസ്സ് സർവീസ് ഉണ്ട്. 63 കിലോമീറ്റർ ദൂരമുള്ള ഈ വഴി ഒരുപാട് ഹെയർപിൻ വളവുകൾ ഉള്ളതാണ്. ഏകദേശം നാലുമണിക്കൂർ യാത്ര വേണ്ടിവരും ഇവിടെ എത്തിച്ചേരാൻ. കൊല്ലിമലയിൽ നിന്നും സേലത്തേക്കും ബസ്സ് സർവീസ് ഉണ്ട്; പക്ഷേ അതു വളരെ കുറവാണ്. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകൾ ഈറോഡ്, സേലം എന്നിവയാണ്. സേലത്തു നിന്നും നാമക്കൽ വരെ 54 കിലോമീറ്റർ ദൂരമുണ്ട്. അഞ്ചുമിനിറ്റിന്റെ ഇടവേളയിൽ ഏതു സമയത്തും ഈ വഴി ബസ്സുകൾ ലഭ്യമാണ്. സേലത്തു നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ ഒരുമണിക്കൂർ സമയത്തെ യാത്ര മതിയാവും. ഈറോഡിൽ നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ 57 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ട്.

കേരളത്തിൽ നിന്നും കാർ മാർഗ്ഗം സഞ്ചരിക്കുമ്പോൾ

തമിഴ്നാട്ടിലെ കൊല്ലിമലയുടെ ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒരു പ്രധാന സ്ഥലമാണ് പാലക്കാട് .ഇവിടെ നിന്നും 250 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലിമല ഈസ്റ്റേൺ ഘാട്ട്സ് മലനിരകളുടെ ഭാഗമാണ് പാലക്കാട് നിന്നും 250 കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഭൂരിഭാഗവും ഉയർന്ന നിലവാരമുള്ള ഹൈവേ ആയതിനാൽ വേഗതയിലും ക്ഷീണമറിയാതെയും സഞ്ചരിക്കാനാവും.പാലക്കാട് നിന്നും വാളയാർ കടന്ന് സേലം ഹൈവേയിലൂടെ വിവിധയിടങ്ങളിൽ ടോൾ കൊടുത്തുകൊണ്ട് കടന്നു പോകേണ്ടതുണ്ട്.

പാലക്കാട് - സേലം ഹൈവേയിൽ (കൊച്ചിൻ - സേലം ഹൈവേ ) കുമരംപാളയം ,ശങ്കരി എന്നീ സ്ഥലങ്ങൾക്ക് ശേഷം പാലക്കാട്ട് നിന്നും 190 കിലോമീറ്റർ ദൂരെ കാക്കാ പാളയം എന്ന സ്ഥലത്തെത്തിയാൽ ദേശീയ പാതയിൽ നിന്നും പുറത്ത് കടന്ന് വലത്തോട്ട് തിരിഞ്ഞ് കുറച്ച് ദൂരം ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് മറ്റൊരു ഹൈവേയായ നാമക്കൽ-സേലം ഹൈവേയിലേയ്ക്ക് കയറി, നാമക്കൽ ദിശയിലേക്ക് സഞ്ചരിച്ച് കലങ്കണി എന്ന സ്ഥലത്തെത്തിച്ചേർന്ന്, അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തിരുമലപ്പട്ടി റൂട്ടിൽ കൊല്ലിമലയിലേക്ക് സഞ്ചരിയ്ക്കാം.ഗൂളിൾ മേപ്പിൽ നോക്കുമ്പോൾ നാമക്കൽ ടൗണിലൂടെയും മറ്റും കയറിയിറങ്ങിപ്പോകുന്ന വഴികളും കാണിച്ചു തരുന്നുണ്ടെങ്കിലും അത് വലിയ ട്രാഫിക്ക് ബ്ലോക്കിനും സമയനഷ്ടത്തിനും ഇടയാക്കും. കാക്കാ പാളയം വഴിയാകുമ്പോൾ ട്രാഫിക്ക് ബ്ലോക്കിനുള്ള സാധ്യതകളില്ല.മികച്ച റോഡായതിനാൽ വാഹനങ്ങൾക്കെല്ലാം നൂറ് കിലോമീറ്ററിന് മേൽ വേഗത്തിൽ സഞ്ചരിക്കാനുമാവും

ഭക്ഷണവും താമസ സൗകര്യവുമെല്ലാം ലഭിയ്ക്കുന്ന ഒരു സ്ഥലമാണ് 70 ഹെയർ പിൻ വളവുകൾ കയറിയാൽ 1300 മീറ്റർ ഉയരത്തിൽ, കോടമഞ്ഞും തണുപ്പുമൊക്കെയായി കാലാവസ്ഥ മാറിമറിയുന്ന 280 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊല്ലിമല .ആദ്യമെത്തുക ഇവിടുത്തെ പ്രധാന ടൗണായ സെമ്മേടിൽ ആണ്.

തേയില, കാപ്പി, കുരുമുളക്, പൈനാപ്പിൾ, ചക്ക, മരച്ചീനി മുതലായവയൊക്കെ വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്. അങ്ങിങ്ങായി വലിയ വാഴത്തോപ്പുകളും നെൽകൃഷിയും ഉണ്ട്. ചക്കയ്‌ക്ക് ഏറെ പ്രസിദ്ധമാണ് കൊല്ലിമല. വിവിധതരത്തിലുള്ള ചക്കകളും വാഴപ്പഴങ്ങളും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.

ആകാശഗംഗ

[തിരുത്തുക]
ആകാശഗംഗാ വെള്ളച്ചാട്ടം

കൊല്ലിമലയിലെ പ്രധാന ആകർഷണമാണ് ആകാശഗംഗ എന്ന ഈ വെള്ളച്ചാട്ടം. രണ്ട് വൻമലകൾക്കിടയിൽ മലകളുടെ ഏകദേശം നടുവിലായി ഇതു സ്ഥിതി ചെയ്യുന്നു. കൊല്ലിമലയിലെ ശിവക്ഷേത്രത്തിൽ നിന്നും വെള്ളച്ചാട്ടം ഉള്ളസ്ഥലം വരെ ചെങ്കുത്തായ ചരിവാണ്. അമ്പലത്തിന്റെ മുന്നിൽന്നിന്നും വെള്ളച്ചാട്ടം വരെ കോൺക്രീറ്റ് പടികൾ ഉള്ളതിനാൽ അങ്ങോട്ടുള്ള യാത്ര സുഗമമാണ്. പത്തുരൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് സഞ്ചാരികളെ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തേക്ക് കടത്തിവിടുന്നത്. കൊല്ലിമലയുടെ വന്യഭംഗി നിറഞ്ഞുനിൽകുന്ന ഭാഗമാണ് ഈ സ്ഥലം. വെള്ളച്ചാട്ടത്തിനു കീഴിൽ നിന്നും കുളിക്കുന്നവർക്ക് ശിവകാരുണ്യത്താൽ സർവരോഗശമനം ഉണ്ടാവുമെന്ന വിശ്വാസം കൊല്ലിമലനിവാസികൾക്കിടയിൽ ഉണ്ട്. മലമുകളിൽ നിന്നും വരുന്ന വെള്ളത്തിൽ ഔഷധമൂല്യം ഉണ്ടെന്നവർ വിശ്വസിക്കുന്നു.

പേരിനു പിന്നിലെ ഐതിഹ്യം

[തിരുത്തുക]

കൊല്ലിമലയുടെ പേരിനു പിന്നിൽ രണ്ട് ഐതിഹ്യം പറഞ്ഞുവരുന്നുണ്ട്. അറപ്പാലീശ്വരൻ എന്ന ശിവന്റെ ചൈതന്യം സമീപത്തുള്ളതിനാൽ സകലവിധ വ്യാധികളേയും കൊല്ലാൻ പര്യാപ്തമാണ് ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിലുള്ള സ്നാനം എന്നു പ്രദേശവാസികൾ വിശ്വസിക്കുന്നു. എന്നാൽ പ്രബലമായ മറ്റൊരു വിശ്വാസം വിശ്വസുന്ദരിയായ കൊല്ലിപ്പാവൈ എന്ന ദേവതയുമായി ബന്ധപ്പെട്ടതാണ്. പണ്ട് മുനിമാർ തങ്ങളുടെ കൊടും തപസ്സിനായി തെരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രേ കൊല്ലിമല. മുനിമാരുടെ തപസ്സിന്റെ തീവ്രതയിൽ ചൂടും തീയും കൊണ്ട് നാട്ടുകാരുടെ ജീവിതം ദുസ്സഹമായി തീർന്നപ്പോൾ കൊല്ലിപ്പാവൈ ദേവി തന്റെ സുന്ദരമായ പുഞ്ചിരിയാൽചൂടിനേയും തീയേയും എരിച്ചുകളഞ്ഞ് ജനങ്ങളെ കൊടിയ വിപത്തിൽ നിന്നും രക്ഷിച്ചുവെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ ദേവി വസിക്കുന്ന ആ സ്ഥലം കൊല്ലിമല എന്നവർ വിളിച്ചു വന്നു. ഏറ്റുകൈ അമ്മൻ എന്നാണു സമീപവാസികൾ കൊല്ലിപ്പാവൈ ദേവിയെ വിളിക്കുന്നത്. കൊല്ലിപ്പാവൈയുടെ അമ്പലവും തൊട്ടടുത്തു തന്നെ സ്ഥിതുചെയ്യുന്നുണ്ട [അവലംബം ആവശ്യമാണ്]

പുരാണങ്ങളിൽ

[തിരുത്തുക]

ചിലപ്പതികാരം പോലുള്ള കൃതികളിൽ പറഞ്ഞിരിക്കുന്ന സൂചനകൾപ്പുറം പുരാണപ്രസിദ്ധം കൂടിയാണ് കൊല്ലിമല. രാമായണത്തിൽ പറഞ്ഞിരിക്കുന്ന സുഗ്രീവന്റെ മധുവനം കൊല്ലിമല തന്നെയാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. ക്രിസ്തുവിനു മുമ്പ് 200 - ആം ശതകത്തിൽ പ്രസിദ്ധരായ ഏഴുരാജാക്കന്മാരിൽ ഒരാളായ വളവി ഊറി എന്ന രാജാവ് ഒരു അമ്പിനാൽ സിംഹം, കരടി, മാൻ, കാട്ടുപന്നി എന്നീ മൃഗങ്ങളെ കൊന്ന സ്ഥലം കൊല്ലിമലയാണ്. [അവലംബം ആവശ്യമാണ്]

പരാമർശങ്ങൾ

[തിരുത്തുക]

<References>

ചിത്രസഞ്ചയം

[തിരുത്തുക]

പുറത്തേക്കുള്ള ലിങ്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊല്ലിമല&oldid=3345615" എന്ന താളിൽനിന്ന് ശേഖരിച്ചത്