മതേതര സദാചാരം
ധാർമിക തത്വചിന്തയുടെ ഒരു ശാഖയാണ് മതേതര ധാർമികത അഥവാ സെക്കുലർ മൊറാലിറ്റി. ദൈവവിശ്വാസത്തെയോ മതശാസനകളോ ആധാരമാക്കാതെ- മനുഷ്യന്റെ യുക്തി, അറിവ്, ശാസ്ത്രബോധം, സഹാനുഭൂതി, പ്രയോജനം[1] എന്നിവയിൽ മാത്രം അധിഷ്ഠിതമായിരിക്കും മതേതര ധാർമികത. അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും ഈ സദാചാരബോധത്തിന്റെ ഒരു ഘടകമാകാം. [2] മാനവികത, മതേതരത്വം, സ്വതന്ത്രചിന്ത എന്നിവ ഉൾപ്പെടുന്ന ഏതൊരു നൈതിക വ്യവസ്ഥയെയും മതേതര ധാർമികത സൂചിപ്പിക്കുന്നു. മതേതര ധാർമികതയിൽ തന്നെ വിവിധങ്ങളായ ധാരകൾ നിലനിൽക്കുന്നുണ്ട്. മാനവതാവാദത്തിന്റെ അടിസ്ഥാനത്തിലുള്ള ധാർമികത, നാസ്തിക ധാർമ്മികത, സ്വതന്ത്രചിന്തകരുടെ ധാർമികത തുടങ്ങി പ്രയോജനം (അന്തിമഫലം) മാത്രമാണ് പരിഗണിക്കേണ്ടതുള്ളൂ എന്ന പ്രയോജനവാദം വരെ മതേതര ധാർമികതയുടെ ചട്ടക്കൂടിൽ വരുന്നു.
ചരിത്രം
[തിരുത്തുക]ചരിത്രത്തിൽ ആദ്യമായി മതേതര ധാർമികതയെക്കുറിച്ചു പ്രതിപാദിച്ചത് സോക്രട്ടീസ് ആണെന്നാണ് കരുതപ്പെടുന്നത്. പ്ലേറ്റോ രേഖപ്പെടുത്തിയ സോക്രറ്റീസിന്റെ സംഭാഷണങ്ങളിൽ ഒന്നായ യുത്തിഫ്രോയിൽ സോക്രറ്റീസ് അക്കാലത്തെ ഒരു പ്രവാചകനായ യൂത്തിഫ്രൊ പ്രോസ്പാൾടിയോസിനോട് (Εὑθύφρων Προσπάλτιος) ചോദിക്കുന്നു "ദൈവം ആജ്ഞാപിച്ച കാര്യങ്ങൾ ആയത് കൊണ്ടാണോ അവ സദാചാരമായത് അതൊ അത് സദാചാരമായത് കൊണ്ടാണോ അക്കാര്യങ്ങൾ ദൈവം മനുഷ്യനോട് ആജ്ഞാപിച്ചത്";
സുപ്രസിദ്ധ ഓസ്ട്രേലിയൻ സദാചാര തത്ത്വശാസ്ത്രജ്ഞനായ പീറ്റർ സിങ്ങർ ഈ വിഷയത്തിലുള്ള സോക്രറ്റീസിന്റെയും പ്ലേറ്റോയുടെയും നിലപാടുകളെ ഇപ്രകാരം വിശദീകരിച്ചു
“ | ചില ഈശ്വരവിശ്വാസികൾ പറയും മതവിശ്വാസമില്ലാതെ സദാചാരമുണ്ടാവില്ല കാരണം ദൈവം അംഗീകരിച്ചതല്ലാതെ മറ്റൊന്നും നല്ല കാര്യങ്ങളല്ല എന്ന്. എന്നാൽ പ്ലേറ്റോ രണ്ടായിരത്തിലധികം വർഷങ്ങൾക്ക്മുൻപു ഇപ്രകാരത്തിലുള്ള വാദങ്ങളെ ഖണ്ഡിച്ചതിങ്ങനെയാണ്
ദൈവം ചില പ്രവർത്തികളെ അംഗീകരിച്ചത് അവ നല്ലതായത് കൊണ്ടാണ് എങ്കിൽ അവ നല്ലതായത് വെറും ദൈവത്തിന്റെ അംഗീകാരത്തിന്റെ ബലത്തിലല്ല, മറിച്ച് ആ പ്രവർത്തികൾ സ്വതേ നല്ലവയായത് കൊണ്ടാണ്, അല്ലെങ്കിൽ നന്മ തിന്മ നിർണ്ണയങ്ങൾ പ്രത്യേക കാരണങ്ങളില്ലാതെയാണ്. ഉദാഹരണത്തിനു ദൈവം പീഡനം അംഗീകരിക്കയും, അയൽക്കാരെ സഹായിക്കുന്നതിനെ തിരസ്കരിക്കയും ചെയ്യുകയാണെങ്കിൽ, പീഡനം നന്മയും, അയൽക്കാരെ സഹായിക്കുന്നത് തിന്മയുമാകും. ചില ആധുനിക ദൈവ വിശ്വാസികൾ ഈ ആശയക്കുഴപ്പത്തിൽ നിന്നു രക്ഷപെടാൻ വേണ്ടി "ദൈവം നല്ലതാണ് അതിനാൽ ദൈവം നല്ലതല്ലാത്ത ഒന്നിനെയും അംഗീകരിക്കയില്ല" എന്ന നിലപാടെടുക്കാൻ ശ്രമിക്കുന്നതായി കാണാം. ഇത് വീണ്ടും അവരെ സ്വയനിർമ്മിതമായ ഒരു ആശയക്കുരുക്കിൽ കൊണ്ടെത്തിക്കുന്നു. ദൈവം നല്ലതാണെന്നുള്ള പ്രഖ്യാപനംകൊണ്ട് എന്താണവർ ഉദ്ദേശിക്കുന്നത് ? ദൈവം ദൈവത്തിനെ നല്ലതായി കരുതുന്നുവെന്നോ? |
” |
— [3] |
പ്രയോജനവാദവും മതേതരധാർമികതയും
[തിരുത്തുക]പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു സുപ്രസിദ്ധ സെക്കുലർ ചിന്തകനായ ചാൾസ് വാട്ട്സ് മനുഷ്യന്റെ പെരുമാറ്റചട്ടങ്ങളുടെ പ്രാഥമിക അവലംബം പ്രയോജനവാദമായിരിക്കണം എന്ന് വാദിച്ചു.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 മതേതര സദാചാരം ഒരു അവലോകനവും പ്രതിരോധവും - ചാൾസ് വാട്ട്സ് (1880)
- ↑ Epstein, Greg M. (2010). Good Without God: What a Billion Nonreligious People Do Believe. New York: HarperCollins. ISBN 978-0-06-167011-4.
- ↑ Singer, Peter (2010). Practical Ethics (Second ed.). New York: Cambridge University Press. ISBN 978-0-521-43971-8